ADVERTISEMENT

അന്ന് അങ്ങനെ സംഭവിച്ചില്ലായിരുന്നെങ്കില്‍ ഇന്ന് ഇങ്ങനെ സംഭവിക്കുമായിരുന്നില്ല. അല്ലെങ്കില്‍ ഇന്ന് ഇങ്ങനെ സംഭവിക്കുമെന്ന് അന്നു തോന്നിയതേയില്ല. ഇങ്ങനെ ചിന്തിക്കാനിടയാക്കുന്ന പല സന്ദര്‍ഭങ്ങളും ലോകചരിത്രത്തിലുണ്ട്. 

പലസ്തീന്‍ തീവ്രവാദി സായുധ സംഘടനയായ ഹമാസും ഇസ്രയേലും തമ്മില്‍ ഇപ്പോള്‍ നടന്നുവരുന്ന ഘോരയുദ്ധത്തിന്‍റെ പശ്ചാത്തലത്തിലുമുണ്ട് അത്തരം സംഭവങ്ങളും സന്ദര്‍ഭങ്ങളും. ഈ മാസം ആദ്യത്തില്‍ ഹമാസിന്‍റെ പെട്ടെന്നുള്ള ആക്രമണത്തെ തുടര്‍ന്നുണ്ടായ ഈ യുദ്ധം അതെല്ലാം വീണ്ടും ഓര്‍മിക്കാന്‍ കാരണമാകുന്നു. 

ബോംബുകളും വെടിയുണ്ടകളും റോക്കറ്റുകളും നിരപരാധികളെ കൊന്നൊടുക്കുന്നത് ലോകത്തെ അടിക്കടി നടുക്കുകയാണ്. ആ പരമ്പരയിലെ ഏറ്റവും ഭയാനകമായ സംഭവങ്ങളിലൊന്നാണ് ഇക്കഴിഞ്ഞ ചൊവ്വാഴ്ച (ഒക്ടോബര്‍ 17) ഗാസയില്‍ പരുക്കേറ്റവരെയും രോഗികളെയുംകൊണ്ട് തിങ്ങിനിറഞ്ഞിരുന്ന ആശുപത്രിയുടെ നേര്‍ക്കുണ്ടായ വ്യോമാക്രമണം. സ്ഥിതിഗതികള്‍ ഒടുവില്‍ ആര്‍ക്കും നിയന്ത്രിക്കാനാവാത്ത പതനത്തിലെത്തുമോ എന്ന ഭീതിയും ഉയര്‍ന്നിട്ടുണ്ട്. 

യൂറോപ്പില്‍ കഴിഞ്ഞ നൂറ്റാണ്ടിന്‍റെ ആദ്യഘട്ടത്തില്‍ ജൂതര്‍ കഠിനമായ വിവേചനവും പീഡനങ്ങളും അനുഭവിക്കേണ്ടിവന്നിരുന്നില്ലെങ്കില്‍ പലസ്തീന്‍ പ്രശ്നവും അതു കാരണമുള്ള യുദ്ധങ്ങളും ഉണ്ടാകുമായിരുന്നില്ലെന്നു കരുതുന്നവരുണ്ട്. ജൂതര്‍ക്കു സുരക്ഷിതമായും സ്വസ്ഥമായും സമാധാനത്തോടെയും ജീവിക്കാന്‍ ഒരു ദേശീയ ഗേഹം വേണമെന്ന സ്ഥിതി വന്നു. അതിന്‍റെ ഫലമായുണ്ടായതാണ് ഇസ്രയേല്‍. പക്ഷേ, സുരക്ഷിതത്വവും സ്വസ്ഥതയും സമാധാനവും തുടക്കം മുതല്‍ക്കേ ഇസ്രയേലിനു കിട്ടാക്കനിയാവുകയാണ് ചെയ്തത്. 

അതിനു കാരണം ജൂതനേതാക്കള്‍ തങ്ങളുടെ രാഷ്ട്രം സ്ഥാപിക്കാനായി കണ്ടെത്തിയസ്ഥലമായിരുന്നു-പലസ്തീന്‍. കിഴക്കന്‍ ആഫ്രിക്ക ഉള്‍പ്പെടെയുള്ള മറ്റു ചില സ്ഥലങ്ങളും അഭ്യുദയകാംക്ഷികള്‍ നിര്‍ദേശിച്ചുവെങ്കിലും ജൂതനേതാക്കള്‍ക്കു കാര്യമായില്ല. പലസ്തീന്‍ പ്രദേശത്തു സഹസ്രാബ്ദങ്ങള്‍ക്കു മുന്‍പ് ഒരു ജൂതരാജ്യം നിലനിന്നിരുന്നുവെന്ന വിശ്വാസവും ജൂതര്‍ പരിപാവനമായി കരുതുന്ന പുരാതനമായ ആരാധനാലയങ്ങള്‍ അവിടെയുണ്ടെന്ന വസ്തുതയും അവിടെ സ്വന്തമായ ഒരു സുരക്ഷിത ഗേഹം സ്ഥാപിക്കാനുളള അവരുടെ ശ്രമങ്ങള്‍ക്കു ശക്തി പകര്‍ന്ന. ആ പ്രദേശം ദൈവം തങ്ങള്‍ക്കു വാഗ്ദത്തം ചെയ്തതാണെന്നും അതിനാല്‍ തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്നുമായിരുന്നു അവരുടെ വാദം.   

പക്ഷേ, പലസ്തീന്‍ ഒരു വിജനഭൂമിയായിരുന്നില്ല. മുസ്ലിംകളും ക്രൈസ്തവരും ഉള്‍പ്പെടുന്ന അറബ് ഭൂരിപക്ഷ പ്രദേശമായിരുന്നു. ദീര്‍ഘകാലമായി തുര്‍ക്കി കേന്ദ്രമായുളള ഓട്ടോമന്‍ സാമ്രാജ്യത്തിന്‍റെ ഭാഗമായിരുന്നു. ഒന്നാം ലോകമഹായുദ്ധത്തില്‍ ജര്‍മനിയോടൊപ്പം ചേര്‍ന്നു തോറ്റതോടെ ഓട്ടോമന്‍ സാമ്രാജ്യം തകരുകയും അതിന്‍റെ ഭാഗങ്ങള്‍ ഐക്യരാഷ്ട്ര സംഘടനയുടെ മുന്‍ഗാമിയായ ലീഗ് ഓഫ് നേഷന്‍സിന്‍റെ നിയന്ത്രണത്തിലാവുകയും ചെയ്തു. പലസ്തീന്‍റെ ഭാഗധേയം മാറ്റിയെഴുതപ്പെടാന്‍ തുടങ്ങിയത് അതിനെ തുടര്‍ന്നാണ്. ഓട്ടോമന്‍ സാമ്രാജ്യത്തിന്‍റെ മറ്റു ഭാഗങ്ങളെല്ലാം കാലാന്തരത്തില്‍ സ്വതന്ത്ര രാജ്യങ്ങളായെങ്കിലും പലസ്തീന് ആ ഭാഗ്യമില്ലാതെ പോയി. 

പലസ്തീന്‍റെ ഭരണം ലീഗ് ഓഫ് നേഷന്‍സ് താല്‍ക്കാലികമായി ഏല്‍പ്പിച്ചത് ബ്രിട്ടനെയായിരുന്നു. ഒന്നാം ലോക മഹായുദ്ധത്തില്‍ വിജയം നേടിയ രാജ്യങ്ങളില്‍ ഒന്നായിരുന്നു ബ്രിട്ടന്‍. യുദ്ധത്തില്‍ തങ്ങളെ സഹായിച്ചാല്‍ പലസ്തീനില്‍ ജൂതഗേഹം അനുവദിക്കാമെന്നു ജൂതനേതാക്കള്‍ക്ക് ബ്രിട്ടന്‍ ഉറപ്പുനല്‍കിയിരുന്നു. അത്തരമൊരു ഉറപ്പ് നല്‍കാന്‍ പക്ഷേ, ബ്രിട്ടന് അധികാരമുണ്ടായിരുന്നില്ല. മാത്രമല്ല, ജൂതനേതാക്കളുടെ ലക്ഷ്യം ഒരു ജൂതഗേഹം മാത്രമല്ലെന്നും രാഷ്ട്രമാണെന്നും തിരിച്ചറിഞ്ഞതോടെ ബ്രിട്ടന്‍ അവരുമായി ഇടയുകയും ചെയ്തു. 

അതിനിടയില്‍ ജര്‍മ്മനിയില്‍ ഹിറ്റ്ലര്‍ അധികാരത്തിലെത്തുകയും ജൂതര്‍ കൂടുതല്‍ വ്യാപകവും ഭീകരവുമായ പീഢനത്തിന് ഇരയാവുകയും ചെയ്തു. അതോടെ പലസ്തീന്‍ പ്രദേശത്തെ ജൂതരാഷ്ട്ര സ്ഥാപനശ്രമം കൂടുതല്‍ ശക്തമായി. ഹിറ്റ്ലര്‍ ആത്മഹത്യ ചെയ്യുകയും രണ്ടാം ലോകമഹായുദ്ധം അവസാനിക്കുകയും ചെയ്തതിനുശേഷവും യൂറോപ്പില്‍നിന്നു വന്‍തോതില്‍ ജൂതര്‍ അവിടെയെത്താന്‍ തുടങ്ങി. 

ബ്രിട്ടനുമായും തദ്ദേശവാസികളായ പലസ്തീന്‍കാരുമായും അവര്‍ ഏറ്റുമുട്ടുന്നതു പതിവായി. ബ്രിട്ടന്‍ ആവശ്യപ്പെട്ടതനുസരിച്ച് ഐക്യരാഷ്ട്ര സംഘടന (യുഎന്‍) ഇടപെട്ടു. പ്രശ്ന പരിഹാരമെന്ന നിലയില്‍ പലസ്തീന്‍ പ്രദേശത്തെ അറബികള്‍ക്കും ജൂതര്‍ക്കുമുളള രണ്ടു രാജ്യങ്ങളായി വിഭജിക്കാനായിരുന്നു 1947ലെ യുഎന്‍ തീരുമാനം. ജൂതരുടെയും മുസ്ലിംകളുടെയും പരിപാവനമായ ആരാധാലയങ്ങള്‍ സ്ഥിതിചെയ്യുന്ന ജറൂസലം നഗരം രാജ്യാന്തര നിയന്ത്രണത്തിലാക്കാനും യുഎന്‍ നിര്‍ദേശിച്ചിരുന്നു. 

നീതിപൂര്‍വകമല്ലെന്നു പറഞ്ഞു പലസ്തീന്‍കാരും അയല്‍പക്കത്തെ അറബ് രാജ്യങ്ങളും യുഎന്‍ പ്ളാന്‍ തള്ളിക്കളയുകയാണ് ചെയ്തത്. ഇരുവിഭാഗങ്ങളും തമ്മിലുള്ള ഏറ്റുമുട്ടല്‍ രൂക്ഷമായതോടെ ബ്രിട്ടന്‍ പെട്ടെന്നു തടിയൂരി സ്ഥലംവിട്ടു. യുഎന്‍ അനുവദിച്ചുകൊടുത്ത പ്രദേശത്ത് 1948 മേയില്‍ ജൂതനേതാക്കള്‍ ഇസ്രയേല്‍ എന്ന പേരില്‍ പുതിയ രാഷ്ട്രം പ്രഖ്യാപിക്കുകയും ചെയ്തു. 

സമീപമേഖലയിലെ അഞ്ച് അറബ് രാജ്യങ്ങള്‍ -ഈജിപ്തും ജോര്‍ദാനും സിറിയയും ഇറാഖും ലെബനനും-ഇസ്രയേലിനെ ആക്രമിച്ചു. അങ്ങനെയായിരുന്നു ആദ്യത്തെ അറബ്-ഇസ്രയേല്‍ യുദ്ധത്തിന്‍റെ തുടക്കം. ഇസ്രയേല്‍ തിരിച്ചടിക്കുകയും മുന്‍പ് ഉണ്ടായിരുന്നതിനേക്കാള്‍ കൂടുതല്‍ സ്ഥലം കൈവശപ്പെടുത്തുകയും ചെയ്തു. യുഎന്‍ പ്ളാന്‍ അനുസരിച്ച് രാജ്യാന്തര നിയന്ത്രണത്തിലാക്കാന്‍ ഉദ്ദേശിച്ചിരുന്ന ജറൂസലമിന്‍റെ പടിഞ്ഞാറു ഭാഗവും ഇസ്രയേലിന്‍റെ അധീനത്തിലായി. പലസ്തീന്‍ജനത തലമുറകളായി ജീവിച്ചുവന്ന സ്ഥലങ്ങളില്‍നിന്നു കൂട്ടത്തോടെ ഓടിപ്പോവുകയോ പുറംതള്ളപ്പെടുകയോ ചെയ്തതായിരുന്നു ഇതിന്‍റെയെല്ലാം മറ്റൊരു അനന്തഫലം. 

ആ യുദ്ധത്തിലെ പരാജയത്തെ തുടര്‍ന്ന് അറബികള്‍ക്കിടയില്‍ അവരുടെ നേതാക്കള്‍ക്കെതിരെ ഉയര്‍ന്ന രോഷം വേറൊരു അനന്തരഫലത്തിനുകൂടി കാരണമായി. ഈജിപ്തിലെ ഫാറൂഖ് രാജാവ് 1952ല്‍ പട്ടാളവിപ്ളവത്തില്‍ അട്ടിമറിക്കപ്പെട്ടു. ഈജിപ്തിന്‍റെ പുതിയ നായകനായിത്തീര്‍ന്ന ജമാല്‍ അബ്ദുന്നാസറിലൂടെ ആദ്യമായി അറബ് ദേശീയതയുടെ കാഹളം മുഴങ്ങുകയും ഇസ്രയേലിന് അതൊരു ഭീഷണിയാവുകയും ചെയ്തു. 

നാസ്സറുടെ നേതൃത്വത്തില്‍ ഈജിപ്ത് വീണ്ടും ഇസ്രയേലുമായി ഏറ്റുമുട്ടിയെങ്കിലും അതിന് ഇടയാക്കിയത് പലസ്തീന്‍ പ്രശ്നമായിരുന്നില്ല. 1956ല്‍ നാസ്സര്‍ സൂയസ് കനാല്‍ ദേശസാല്‍ക്കരിച്ചപ്പോള്‍ കനാല്‍ കമ്പനിയുടെ ഉടമകളായ ബ്രിട്ടന്‍, ഫ്രാന്‍സ് എന്നിവയോടൊപ്പം ചേര്‍ന്ന് ഇസ്രയേല്‍ ഈജിപ്തിനെ ആക്രമിക്കുകയായിരുന്നു. അമേരിക്ക അവരുടെ കൂടെ ചേര്‍ന്നില്ലെന്നു മാത്രമല്ല, എതിര്‍ക്കുകയും ചെയ്തു. യുഎസ് അന്ത്യശാസനത്തിനുമുന്നില്‍ അവര്‍ക്കു വെടിനിര്‍ത്തേണ്ടിവന്നു. ബ്രിട്ടീഷ് പ്രധാനമന്ത്രി ആന്‍റണി ഈഡന്‍ രാജിവയ്ക്കാന്‍ നിര്‍ബന്ധിതനായി.

ചുറ്റുമുള്ള അറബ് രാജ്യങ്ങള്‍ ആക്രമിക്കാന്‍ വട്ടംകൂട്ടുകയാണെന്നും അതു മുന്‍കൂട്ടി ചെറുക്കാനുമെന്ന ന്യായത്തില്‍ 1967 ജൂണില്‍ ഇസ്രയേല്‍ പെട്ടെന്നു നടത്തിയ ആക്രമണത്തെ തുടര്‍ന്നുണ്ടായതായിരുന്നു ആറു ദിവസത്തെ യുദ്ധം എന്നറിയപ്പെടുന്ന മൂന്നാമത്തെ അറബ്-ഇസ്രയേല്‍ യുദ്ധം. ഈജിപ്തില്‍നിന്നു സീനായ് അര്‍ധദ്വീപും  ഗാസയും ജോര്‍ദ്ദാനില്‍നിന്നു കിഴക്കന്‍ ജറൂസലം ഉള്‍പ്പെടെയുള്ള വെസ്റ്റ് ബാങ്കും സിറിയയില്‍നിന്നു ഗോലാന്‍ കുന്നുകളും ഇസ്രയേലിന്‍റെ അധീനത്തിലായത് അതോടെയാണ്. പിന്നീടു സീനായും ഗാസയും മോചിതമായെങ്കിലും കിഴക്കന്‍ ജറൂസലം, വെസ്റ്റ് ബാങ്ക്, ഗോലാന്‍ കുന്നുകള്‍ എന്നിവിടങ്ങളിലെ ഇസ്രയേല്‍ അധിനിവേശം അഞ്ചരപ്പതിറ്റാണ്ടുകള്‍ക്കുശേഷവും തുടരുന്നു. അതിനിടയില്‍ കൂടുതല്‍ പലസ്തീന്‍കാര്‍ നാടുവിട്ടോടിപ്പോവുകയോ പുറംതള്ളപ്പെടുകയോ ചെയ്തു. പലസ്തീന്‍ അഭയാര്‍ഥികളുടെ എണ്ണം പെരുകി. 

അറബ്-ഇസ്രയേല്‍ പ്രശ്നത്തില്‍ യുഎന്‍ രക്ഷാസമിതിയില്‍ നിന്നുണ്ടായ ഏറ്റവും പ്രധാനപ്പെട്ട ഇടപെടല്‍ 1967ലെ യുദ്ധത്തെ തുടര്‍ന്നായിരുന്നു. ആ യുദ്ധത്തില്‍ പിടിച്ചെടുത്ത അറബ് പ്രദേശങ്ങളില്‍ നിന്നെല്ലാം പിന്മാറണമെന്നു രക്ഷാസമിതി ഐകകണ്ഠ്യേന അംഗീകരിച്ച പ്രമേയം ഇസ്രയേലിനോട് ആവശ്യപ്പെട്ടു. പലസ്തീന്‍ അഭയാര്‍ഥി പ്രശ്നത്തിനു ന്യായമായ പരിഹാരം കണ്ടെത്തേണ്ടതിന്‍റെ ആവശ്യകത ഊന്നിപ്പറയുകയും ചെയ്തു. ആ മേഖലയിലെ ഓരോ രാജ്യത്തിനും പരമാധികാരത്തോടെയും സ്വാതന്തമായും സുരക്ഷിതമായും അംഗീകൃതമായ അതിര്‍ത്തിക്കുള്ളില്‍ സമാധാനത്തോടെ ജീവിക്കാന്‍ അവകാശമുണ്ടെന്നും പ്രമേയത്തില്‍ വ്യക്തമാക്കിയിരുന്നു. 

പില്‍ക്കാലത്തു പ്രശ്നം പരിഹരിക്കാനുള്ള ശ്രമങ്ങളില്‍ മിക്കതിനും അടിസ്ഥാനമായത് 242 എന്ന നമ്പറുള്ള ആ പ്രമേയമാണ്. 1973ല്‍ യോം കിപ്പൂര്‍ യുദ്ധം എന്ന പേരില്‍ അറിയപ്പെട്ടിരുന്ന നാലാമത്തെ അറബ്-ഇസ്രയേല്‍ യുദ്ധത്തെ തുടര്‍ന്നു യുഎന്‍ രക്ഷാസമിതി പാസ്സാക്കിയ 338ാം നമ്പര്‍ പ്രമേയത്തിന്‍റെ ഉള്ളടക്കവും ഏതാണ്ട് സമാനമായിരുന്നു. ഇസ്രയേലിനോടൊപ്പം നിലനില്‍ക്കാനായി ഒരു പലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുക, അതിനുവേണ്ടി അധിനിവേശ പലസ്തീന്‍ പ്രദേശങ്ങള്‍ ഇസ്രയേല്‍വിട്ടുകൊടുക്കുക, ഇരൂകൂട്ടരും പരസ്പരം അംഗീകരിക്കുകയും സമാധാനപരമായ സഹവര്‍ത്തിത്വത്തിനു തയാറാവുകയും ചെയ്യുക എന്ന ആശയം ഉയര്‍ന്നുവന്നു. ദ്വിരാഷ്ട്ര പരിഹാരം എന്നറിയപ്പെടുന്ന ഇതായിരുന്നു 1993ല്‍ അമേരിക്കന്‍ പ്രസിഡന്‍റ് ബില്‍ ക്ളിന്‍റെ കാര്‍മികത്വത്തില്‍ അന്നത്തെ ഇസ്രയേല്‍ പ്രധാനമന്ത്രി യിത്സാക് റബീനും പലസ്തീന്‍ നേതാവ് യാസ്സര്‍ അറഫാത്തും വാഷിങ്ടണില്‍ ഒപ്പുവച്ച ചരിത്രപ്രധാനം എന്നു വിശേഷിപ്പിക്കപ്പെട്ട ഉടമ്പടിയുടെ കാതല്‍.

പക്ഷേ, ഇസ്രയേലിലെയും പലസ്തീന്‍കാര്‍ക്കിടയിലെയും തീവ്രവാദികളുടെ എതിര്‍പ്പ് കാരണം ആ ഉടമ്പടി ഫലപ്രദമായ വിധത്തില്‍ നടപ്പാക്കാനായില്ല. പരസ്പരം വിട്ടുവീഴ്ച ചെയ്യാന്‍ ഇരുവരും വിസമ്മതിച്ചു. ഇപ്പോഴും വിസമ്മതിക്കുന്നു. അവര്‍ തമ്മിലുള്ള ഏറ്റുമുട്ടലാണ് ഒരു ഘോരയുദ്ധത്തിന്‍റെ രൂപത്തില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നതും. ഗാസയിലെ ആശുപത്രിയുടെ നേര്‍ക്കുണ്ടായ ആക്രമണം എത്രയും വേഗം ഈ യുദ്ധം അവസാനിപ്പിക്കേണ്ടതിന്‍റെ ആവശ്യകത ഊന്നിപ്പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com