ADVERTISEMENT

ചായയിലെ പരീക്ഷണങ്ങൾ അവസാനിക്കുന്നില്ല പക്ഷേ ഇത് ഒരല്പം കടന്ന കയ്യല്ലേ എന്ന് ആരും ചിന്തിച്ചു പോകും. മസാലയും ഫ്ലേവറും എല്ലാം ചേർത്തുള്ള പലതരത്തിലെ ചായകളുണ്ട്. എന്നാൽ ഇപ്പോൾ സമൂഹമാധ്യമത്തിൽ തരംഗം ആയിരിക്കുന്നത് മാമ്പഴ ചായയാണ്. ചായയിൽ മാമ്പഴം ചേർക്കുന്നത് ഒരു വിചിത്രമായ കാര്യമായിരിക്കാം. പക്ഷേ മാമ്പഴത്തോടുള്ള നമ്മൾ ഇന്ത്യക്കാരുടെ അടങ്ങാത്ത അഭിനിവേശം ചിലപ്പോൾ ഇങ്ങനെയുള്ള പരീക്ഷണങ്ങൾക്കു കൂടി അവസരം ഒരുക്കുന്നു. 

 

 

കൊൽക്കത്ത സ്വദേശിയായ ബികോം ചായ് വാല എന്നറിയപ്പെടുന്ന ചെറുപ്പക്കാരനാണ് ഈ വ്യത്യസ്തമാർന്ന ചായയ്ക്ക് പിന്നിൽ. പഠനം പൂർത്തിയാക്കി സ്വന്തമായി ചായക്കട തുടങ്ങിയ ഇദ്ദേഹത്തിന്റെ ഫ്രൂട്ട് ചായകൾ കൊൽക്കത്തയിൽ ഉടനീളം വളരെ പ്രശസ്തമാണ്. ഇതിനുമുമ്പും പുള്ളി പലതരത്തിലുള്ള പഴങ്ങൾ ഉപയോഗിച്ച് ചായ ഉണ്ടാക്കി യുവാക്കൾക്കിടയിൽ തരംഗം സൃഷ്ടിച്ചിരുന്നു. കൊൽക്കത്തക്കാർക്ക് മാമ്പഴത്തോടുള്ള ഇഷ്ടം അവരുടെ രക്തത്തിലലിഞ്ഞു ചേർന്നതാണെന്നു പറയാം. അത്രയധികം പലഹാരങ്ങളും വിഭവങ്ങളും മാമ്പഴം കൊണ്ട് ഇവർ ഉണ്ടാക്കുന്നുണ്ട്. 

 

 

സൗരവ് എന്നാണ് ഈ ചായ മേക്കറുടെ പേര്. ഇദ്ദേഹത്തിന്റെ ചായക്കടയിൽ മാമ്പഴ ചായ മാത്രമല്ല ലിച്ചി , സ്ട്രോബെറി, കശുവണ്ടി തുടങ്ങിയ വ്യത്യസ്തതരം ചായകൾ ലഭ്യമാണ്. എല്ലാത്തിനും വെറും 10 രൂപ മാത്രമേയുള്ളൂ. കൊൽക്കത്ത ഡിലൈറ്റ്സ് എന്ന ഇൻസ്റ്റപേജിലാണ് ബികോം ചായവാലയുടെ ഈ മാംഗോ ചായ ആദ്യം പ്രത്യക്ഷപ്പെട്ടത്. പെട്ടെന്ന് തന്നെ ഇത് ആയിരങ്ങളുടെ ശ്രദ്ധയാകർഷിച്ചു. സമ്മിശ്ര പ്രതികരണമാണ് മാമ്പഴ ചായക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിലർ ഈ ഫ്യൂഷൻ ചായ നെഞ്ചേറ്റിയപ്പോൾ മറ്റു ചിലർ ഇതിനെ എതിർക്കുന്നവരും ആയിതീർന്നു. ഒരു യഥാർത്ഥ ചായ പ്രേമി ഒരിക്കലും ഇത്തരം ഫ്യൂഷൻ ചായകളെ ഇഷ്ടപ്പെടില്ല എന്നാണ് പൊതുവേയുള്ള അഭിപ്രായം.

 

 

പതിനായിരത്തിനടുത്ത് ലൈക്കുകൾ കിട്ടിയ വിഡിയോയിൽ സൗരവ് എന്ന ബികോം ചായ്‌വാല മാംഗോ ചായ ഉണ്ടാക്കുന്നത് എങ്ങനെയാണെന്ന് ആദ്യം മുതലേ തന്നെ കാണിക്കുന്നുണ്ട്. അതായത് പാലും വെള്ളവും ചേർത്ത് തിളപ്പിക്കുന്നത് മുതൽ പഞ്ചസാരയും ചായപ്പൊടിയുമിട്ട് അത് മഡ്കയിലക്കുന്നു.  ചായയിലേക്ക് രണ്ടുമൂന്നു തുള്ളി മാങ്ങയുടെ പൾപ്പ് ചേർക്കുന്നതോടെ ചായ പുതിയ രുചിയിലേക്കു മാറുന്നു. എന്തായാലും ചായയുടെ യഥാർത്ഥ രുചിയും മണവും എന്ത് ഫ്ലേവർ ചേർത്താലും അങ്ങനെ തന്നെ ഉണ്ടാകും എന്ന് വിശ്വസിക്കാനാണ് ഓരോ ചായ പ്രേമിയും ഇഷ്ടപ്പെടുന്നത്. എങ്കിലും ഡൽഹിയിലെ റൂഹാഫ്സ ചായയ്ക്കും സൂറത്തിലെ ഫ്രൂട്ട് ചായയ്ക്കും കിട്ടിയ അംഗീകാരം ഈ മാംഗോ ചായയ്ക്കും ലഭിക്കുമെന്ന് പ്രതീക്ഷയിലാണ് സോഷ്യൽ ലോകം.

English Summary: Kolkata's B Com Chaiwala And His Fusion Mango Chai

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com