ADVERTISEMENT

പനീർ ബട്ടർ മസാല തയാറാക്കുമ്പോൾ അതിനു മുകളിലേക്ക് കസൂരി മേത്തി കൂടി പൊടിച്ചിട്ടു കൊടുത്താൽ രുചിയും ഗന്ധവും ഗുണങ്ങളും വർധിക്കുമെന്ന് പറയേണ്ടതില്ലല്ലോ. വടക്കേ ഇന്ത്യൻ വിഭവങ്ങളിലെ  പ്രധാന ചേരുവയാണ് കസൂരിമേത്തി. എന്താണ് കസൂരി മേത്തി എന്നറിയാത്തവരുണ്ടോ? ഉണക്കിയെടുത്ത ഉലുവയിലയെയാണ് കസൂരിമേത്തി എന്നുപറയുന്നത്. സൂപ്പർമാർക്കറ്റുകളിൽ വാങ്ങുവാൻ കിട്ടുമെങ്കിലും വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ തയാറാക്കിയെടുക്കാം. 

ഉലുവ മുളപ്പിക്കുക എന്നതാണ് കസൂരി മേത്തി തയാറാക്കിയെടുക്കുന്നതിന്റെ ആദ്യത്തെ കടമ്പ. അതിനായി ഒരു പാത്രത്തിൽ കുറച്ചു വെള്ളമെടുത്തു ഉലുവ അതിൽ കുതിർത്തു വയ്ക്കുക. മുള വന്നുകഴിയുമ്പോൾ ഒരു ചെറിയ ചെടിച്ചട്ടിയിൽ മുക്കാൽഭാഗത്തോളം മണ്ണ് നിറച്ചതിനുശേഷം മുളച്ച ഉലുവ അതിലേക്ക് മാറ്റാവുന്നതാണ്. ഇടയ്ക്കിടെ വെള്ളം സ്പ്രേ ചെയ്തു കൊടുക്കാൻ മറക്കരുത്. കുറച്ച് ദിവസത്തിനുള്ളിൽ തന്നെ ഉലുവ മുളച്ചു വരുന്നത് കാണാവുന്നതാണ്. രണ്ടോ മൂന്നോ ഇലകൾ വന്നതിനു ശേഷം ഈ ഇലകൾ മാത്രമായി ചെടിയിൽ നിന്നും അടർത്തിയെടുക്കാവുന്നതാണ്. ഇവ നന്നായി കഴുകിയതിനുശേഷം വെയിലത്ത് വച്ച് ഉണക്കണം. ഒന്ന് മുതൽ രണ്ടു ദിവസം വരെ വെയിലേറ്റു കഴിയുമ്പോൾ തന്നെ ഇലകൾ ഉണങ്ങി കിട്ടും.

സാധാരണ വീടുകളിലേക്ക് കുറഞ്ഞ അളവിൽ മാത്രം കസൂരി മേത്തി മതിയാകുമെന്നതു കൊണ്ടുതന്നെ ഇത്തരത്തിൽ വളർത്തി ഉണ്ടാക്കിയെടുക്കുന്ന ഇലകൾ കറികളിൽ ഉപയോഗിക്കാൻ ആവശ്യത്തിനുണ്ടാകും. ഇങ്ങനെ  തയാറാക്കിയെടുത്താൽ കടയിൽ നിന്നും വാങ്ങേണ്ടി വരികയില്ല. ഗുണങ്ങൾ ഏറെയുണ്ട് ഉലുവയ്ക്കും ഉലുവയിലയ്ക്കും. പ്രമേഹത്തിനും രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രിക്കുന്നതിനുമൊക്കെ ഇതേറെ ഗുണകരമാണ്.

Image Credit: Gv Image-1/shutterstock
Image Credit: Gv Image-1/shutterstock

ഉലുവയിലയുടെ കയ്പ്പ് മാറ്റാം
ആരോഗ്യത്തിനായാലും സൗന്ദര്യത്തിനായാലും എണ്ണമറ്റ ഗുണങ്ങളെ നൽകാൻ ശേഷിയുള്ള ഒന്നാണ് ഉലുവയിലകൾ. മുടിക്കും ചർമത്തിനും ഒക്കെ ധാരാളം ഗുണങ്ങൾ നൽകാൻ ഇതിനു പറ്റുമെന്ന് ആയുർവേദം പോലും ശുപാർശ ചെയ്യുന്നുണ്ട്. ഉലുവ ഇലകളിൽ കാലറി കുറവും ലയിക്കുന്ന ഫൈബർ കണ്ടന്റും കൂടുതലുമാണുള്ളത്. അതുകൊണ്ടുതന്നെ ഭക്ഷണക്രമം നിയന്ത്രിക്കുന്നവർക്കും കാലറി ഉപഭോഗം നിരീക്ഷിക്കുന്നവർക്കുമെല്ലാം അനുയോജ്യമായ ഒന്നാണിത്. 

നെഞ്ചെരിച്ചിൽ പോലുള്ള ലക്ഷണങ്ങളെ കുറയ്ക്കാനും ഇതിന് കഴിയും. വിറ്റാമിനുകൾ എ, സി, കെ എന്നിവയും കാൽസ്യം, ഇരുമ്പ് തുടങ്ങിയ ധാതുക്കളും ഉൾപ്പെടുന്ന അവശ്യ പോഷകങ്ങളാൽ സമ്പുഷ്ടമാണ് ഉലുവ ചീര. ദഹനത്തെ സഹായിക്കുക, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുക, മെറ്റബോളിസം വർധിപ്പിക്കുക തുടങ്ങിയ ആരോഗ്യ ഗുണങ്ങളും ഇതിലുണ്ട്. പക്ഷേ, നാമെല്ലാവരും അനുഭവിക്കുന്ന ഒരു വെല്ലുവിളി അതിന്റെ കയ്പ്പാണ്. ഈ ഇലകളുടെ കയ്പ്പ് മികച്ച വിഭവങ്ങളുടെ പോലും രുചി നശിപ്പിക്കുന്നു. അതിനാൽ, ഈ ഇലക്കറിയുടെ കയ്പ്പ് നീക്കം ചെയ്യാനും കൂടുതൽ ഭക്ഷ്യയോഗ്യമാക്കാനും സഹായിക്കുന്ന ചില ടിപ്പുകൾ ഇതാ. 

മുറിക്കുന്ന രീതി മാറ്റുക: ഉലുവ മുറിക്കുന്ന രീതിയും അതിന്റെ കയ്പ്പ് കൂട്ടുന്നു. അതായത്, തണ്ടിനൊപ്പം ഇലകൾ മുറിച്ചാൽ, തണ്ടിന്റെ കയ്പ്പ് പച്ചക്കറിയിലേക്ക് പോകും, അതിനാൽ ഉലുവയുടെ ഇലകൾ മാത്രം ഉപയോഗിക്കുക എന്നതാണ് പരിഹാരം.

ഉപ്പുവെള്ള ലായനിയിൽ മുക്കിവയ്ക്കുക: ഉലുവയുടെ കയ്പ്പ് അകറ്റാൻ അരിഞ്ഞതിന് ശേഷം ഉപ്പുവെള്ളത്തിൽ കുറച്ച് നേരം കുതിർക്കുക. ഏകദേശം 25-30 മിനിറ്റിനു ശേഷം ഉപയോഗിക്കാം. കയ്പക്കയുടെ കയ്പ്പ് നീക്കാനും ഈ രീതി ഫലപ്രദമാണ്.

നാരങ്ങ വെള്ളം ഉപയോഗിച്ച് കഴുകുക: ഉലുവയുടെ കയ്പ്പ് അകറ്റാൻ നാരങ്ങയുടെ പുളി വളരെ ഫലപ്രദമാണ്. ചീര അരിഞ്ഞതിന് ശേഷം ഒരു പാത്രത്തിൽ കുറച്ച് വെള്ളം തിളപ്പിക്കുക. ശേഷം അതിൽ 2 സ്പൂൺ ചെറുനാരങ്ങാനീര് ചേർക്കുക, അതിലേക്ക് ഉലുവ ഇലകൾ ചേർത്ത് 3-4 മിനിറ്റ് വയ്ക്കുക. തുടർന്ന് തണുത്ത വെള്ളത്തിൽ കഴുകിയെടുത്താൻ ഇലയുടെ കയ്പ്പ് ഒരു പരിധിവരെ കുറയ്ക്കാനാകും. 

English Summary:

Easy way of Making Kasuri Methi at Home

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com