ADVERTISEMENT

ദുബായിലെ ബാറുകളിലും റസ്റ്ററന്റുകളിലും പോകുന്ന ആളുകൾക്ക് ഇപ്പോൾ ഒരു ലക്ഷം വർഷം പഴക്കമുള്ള ഐസ് കഷണങ്ങളിട്ട പാനീയങ്ങള്‍ ആസ്വദിക്കാം! ഗ്രീൻലൻഡിലെ ആർട്ടിക് ഐസ് എന്ന കമ്പനി, ഹിമാനികളില്‍നിന്നു വേർപെട്ട ഐസ് ശേഖരിച്ച് യുണൈറ്റഡ് അറബ് എമിറേറ്റ്സിലേക്ക് അയയ്ക്കുന്നു. ഈ ഐസാണ് എക്സ്ക്ലൂസീവ് ബാറുകളിൽ വിളമ്പുന്നത്.

2022 ൽ ആരംഭിച്ച കമ്പനി 20 മെട്രിക് ടൺ ഐസ് അടുത്തിടെ ദുബായിലേക്ക് അയച്ചു. മഞ്ഞുപാളികളില്‍നിന്നു പൊട്ടിത്തകര്‍ന്ന് കടലിലേക്ക് ഒഴുകിയ ഐസ് കഷണങ്ങള്‍ ശേഖരിച്ചാണ് ഇവര്‍ കയറ്റുമതി നടത്തുന്നത്. ഇതുവരെ കഴിച്ചിട്ടുള്ളതില്‍ വച്ച് ഏറ്റവും ശുദ്ധമായ ഐസ് ഇതായിരിക്കുമെന്ന് ആർട്ടിക് ഐസിന്‍റെ സഹസ്ഥാപകൻ മാലിക് വി റാസ്മുസെൻ വിഡിയോയിൽ പറയുന്നത് കാണാം.

‘‘ ആർട്ടിക് പ്രദേശത്തെ സ്വാഭാവിക ഹിമാനിയിൽനിന്നാണ് ഐസ് ശേഖരിക്കുന്നത്, അവ 100,000 വർഷത്തിലേറെയായി തണുത്തുറഞ്ഞ അവസ്ഥയിലാണ്. മഞ്ഞുപാളികളുടെ ഈ ഭാഗങ്ങൾ, മണ്ണുമായി സമ്പർക്കം പുലർത്തുകയോ മനുഷ്യ പ്രവർത്തനങ്ങൾ മൂലം മലിനമാക്കപ്പെടുകയോ ചെയ്തിട്ടില്ല.  ഇത് ആർട്ടിക് ഐസിനെ ഭൂമിയിലെ ഏറ്റവും വൃത്തിയുള്ള ജലരൂപം ആക്കുന്നു.’’ – കമ്പനിയുടെ വെബ്‌സൈറ്റിൽ പറയുന്നു.

ഹിമാനിയില്‍ നിന്നുള്ള ഐസ് പാനീയങ്ങളിൽ ഉപയോഗിക്കുന്നത് ഗ്രീൻലൻഡിൽ സാധാരണമാണ്. വർഷങ്ങളായി നിരവധി സംരംഭകർ ഇത് കയറ്റുമതി ചെയ്ത് വിപണനം ചെയ്യാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. സഹസ്രാബ്ദങ്ങളായി തണുത്തുറഞ്ഞു കിടക്കുന്ന ഈ ഐസ്, സാധാരണ ഐസിനെക്കാൾ സാവധാനത്തില്‍ മാത്രമേ ഉരുകുകയുള്ളൂ. ദുബായിൽ ഐസ് ക്യൂബുകൾക്കായി ഉപയോഗിക്കുന്ന ഫ്രോസൺ മിനറൽ വാട്ടറിനേക്കാൾ ശുദ്ധമാണ് ഇത്.

ഇങ്ങനെ ചെയ്യുമ്പോള്‍ പരിസ്ഥിതിയെ നശിപ്പിക്കുകയല്ലേ ചെയ്യുന്നത് എന്ന് ആളുകള്‍ ചോദിക്കുന്നുണ്ട്. എന്നാല്‍, ഹിമാനികളില്‍നിന്ന് അടര്‍ന്നു കടലിലേക്ക് ഒഴുകുന്ന ഐസ് കഷ്ണങ്ങള്‍ മാത്രമാണ് തങ്ങള്‍ ശേഖരിച്ച് അയക്കുന്നതെന്ന് കമ്പനി പറയുന്നു. ഓരോ വർഷവും പുറന്തള്ളപ്പെടുന്ന ഐസിന്‍റെ 0.000000005% വേർതിരിച്ചെടുക്കാൻ കമ്പനി ലക്ഷ്യമിടുന്നു. കൂടാതെ കയറ്റുമതിക്കായി കാര്‍ബണ്‍ ന്യൂട്രല്‍ പാത്രങ്ങള്‍ ഉപയോഗിക്കാനും കമ്പനിക്ക് ആലോചനയുണ്ട്. ഗ്രീൻലാൻഡിന്‍റെ സാമ്പത്തിക വളർച്ചയ്ക്ക് ഈ പുതിയ ആശയം വളരെയേറെ സഹായിക്കുമെന്നാണ് കരുതപ്പെടുന്നത്.

English Summary:

Dubai's Exclusive Bars Now Serve Drinks With 100,000-Year-Old Ice From Greenland's Glacier

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com