ADVERTISEMENT

ശരീരഭാരം നിയന്ത്രിക്കുക എന്നത് ചിലർക്കെങ്കിലും വലിയ വെല്ലുവിളിയാണ്. അതിനായി പല മാർഗങ്ങൾ പരീക്ഷിക്കാറുണ്ടെങ്കിലും ഫലപ്രാപ്തിയിലെത്തുന്നവരുടെ എണ്ണം വളരെ കുറവായിരിക്കും. വ്യായാമം മാത്രമല്ല, ഭക്ഷണകാര്യത്തിലും ശ്രദ്ധ നൽകിയാൽ അമിതവണ്ണം നിയന്ത്രിക്കുക എന്നത് എളുപ്പമായിരിക്കും. പല തരത്തിലുള്ള പച്ചക്കറികളും പഴങ്ങളും നമ്മുടെ ഡയറ്റിൽ ഉൾപ്പെടുത്തിയാൽ ശരീര ഭാരം വർധിക്കുന്നത് ഒരു പരിധി വരെ തടയാൻ സഹായിക്കും. അതിനേറെ ഉപകാരപ്പെടുന്ന പച്ചക്കറിയാണ് ബ്രോക്കോളി. വിറ്റാമിനുകളും ധാതുക്കളും ഫൈബറും ധാരാളമായി അടങ്ങിയിരിക്കുന്നത് കൊണ്ടുതന്നെ ശരീരത്തിന് അവശ്യം വേണ്ട പോഷകങ്ങളെല്ലാം ഇതിൽ നിന്നും ലഭിക്കും. 

∙നാരുകളുടെ കലവറയാണ് ബ്രോക്കോളി. എളുപ്പത്തിൽ വയറു നിറയ്ക്കാനും അമിതമായ വിശപ്പിനെ പ്രതിരോധിക്കാനും ഈ പച്ചക്കറിയ്ക്കു കഴിയും. അതുകൊണ്ടു തന്നെ ഇടനേരങ്ങളിൽ സ്നാക്കുകൾ കഴിക്കാനും കൂടുതൽ ഭക്ഷണം കഴിക്കാനുമുള്ള പ്രവണതയെ ചെറുക്കുന്നു. പ്രമേഹ രോഗികളിൽ ചിലപ്പോൾ പെട്ടെന്ന് ഷുഗർ വർധിക്കാനും കുറയാനും സാധ്യതയുണ്ട്, അങ്ങനെ ഉണ്ടാകാതിരിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും ബ്രോക്കോളി സഹായിക്കും.

1178744017
Image Credit:carlosgaw/Istock

∙കാലറി കുറവും അതേ സമയം തന്നെ വിറ്റാമിനുകളും ധാതുക്കളും ധാരാളമായി അടങ്ങിയിരിക്കുന്നു എന്നതുമാണ് ബ്രോക്കോളിയ്ക്ക് കൂടുതൽ സ്വീകാര്യത നൽകുന്നത്. വിറ്റാമിൻ സി, വിറ്റാമിൻ കെ, ഫോളേറ്റ്, പൊട്ടാസ്യം, തുടങ്ങി പോഷകങ്ങൾ ധാരാളമായി അടങ്ങിയിട്ടുണ്ടിതിൽ.

∙ ശരീരത്തിലെ അമിതമായ കൊഴുപ്പിനെ ഇല്ലാതെയാക്കാനും ബ്രോക്കോളിയിൽ അടങ്ങിയിരിക്കുന്ന ഇൻഡോൾ 3  കാർബിനോൾ എന്ന ഘടകത്തിന് കഴിയും. 

ബ്രോക്കോളി ഉപയോഗിച്ച് എളുപ്പത്തിൽ തയാറാക്കാൻ കഴിയുന്ന വിഭവങ്ങൾ 

ബ്രോക്കോളി - വെള്ളക്കടല സ്റ്റിർ ഫ്രൈ

 ചേരുവകൾ 

ബ്രോക്കോളി ഇതളുകളാക്കിയത് - രണ്ടു കപ്പ്
 വെള്ള കടല ( കഴുകി, വേവിച്ചത് ) - 100 ഗ്രാം
ചുവന്ന കാപ്സികം - ഒരെണ്ണം 
ക്യാരറ്റ് ( ഇടത്തരം വലുപ്പമുള്ളത് ) - ഒരെണ്ണം 
വെളുത്തുള്ളി - മൂന്നെണ്ണം 
ഇഞ്ചി - ഒരു ടേബിൾ സ്പൂൺ ( ചെറുതായി അരിഞ്ഞത് ) 
സോയ  സോസ് - രണ്ടു ടേബിൾ സ്പൂൺ 
എള്ളെണ്ണ - ഒരു ടേബിൾ സ്പൂൺ 
ആപ്പിൾ സിഡെർ വിനെഗർ - ഒരു ടേബിൾ സ്പൂൺ 
ശർക്കര പാനി - ഒരു ടീസ്പൂൺ 
സവാള - രണ്ടെണ്ണം ( അരിഞ്ഞത് ) 
എള്ള് - ഗാർണിഷ് ചെയ്യാൻ 

തയാറാക്കുന്ന വിധം 

അടിക്കട്ടിയുള്ള ഒരു പാത്രത്തിൽ എള്ളെണ്ണ ഒഴിച്ച് ചൂടാക്കുക. അതിലേക്കു ഇഞ്ചിയും വെളുത്തുള്ളിയും ചെറുതായി അരിഞ്ഞത് ചേർത്ത് ഒന്ന് മുതൽ രണ്ടു മിനിട്ടു വരെ വഴറ്റുക. പച്ചമണം മാറിക്കഴിയുമ്പോൾ ബ്രോക്കോളി, ക്യാപ്‌സിക്കം, ക്യാരറ്റ് എന്നിവ കൂടി ചേർത്ത് അഞ്ച് മുതൽ ഏഴു മിനിട്ട് വരെ വഴറ്റാവുന്നതാണ്. ഇനി വേവിച്ച വെള്ളക്കടല, സോയ സോസ്, വിനാഗിരി, ശർക്കര പാനി എന്നിവ ചേർക്കാം. ഇനി അഞ്ച് മിനിട്ടു വരെ ചെറു തീയിൽ വെയ്ക്കണം. ഉള്ളി അരിഞ്ഞതും എള്ളും കൂടി ചേർത്ത് അലങ്കരിക്കുന്നത്തോടെ വിഭവം തയാറായി. ക്വിനോവ അല്ലെങ്കിൽ ബ്രൗൺ റൈസ് വേവിച്ചതിനൊപ്പം ഇതും കൂടി ചേർത്ത് കഴിക്കാവുന്നതാണ്.

ബ്രോക്കോളി - അവക്കാഡോ സാലഡ്
 ബ്രോക്കോളി ഇതളുകളാക്കി, ബ്ലാഞ്ച് ചെയ്തെടുത്തത് - മൂന്ന് കപ്പ് 
അവക്കാഡോ - ഒരെണ്ണം 
ചെറി തക്കാളി ( പകുതി മുറിച്ചത് )  - ഒരു കപ്പ് 
ചെറുതായി അരിഞ്ഞ സവാള - കാൽ കപ്പ് 
മല്ലിയില - കാൽ കപ്പ് 
ചെറുനാരങ്ങാനീര് - രണ്ടു ടേബിൾ സ്പൂൺ 
ഒലിവ് ഓയിൽ - രണ്ടു ടേബിൾ സ്പൂൺ 
ഉപ്പും കുരുമുളകും - പാകത്തിന് 
മത്തങ്ങാ കുരു ടോസ്റ്റ് ചെയ്തത് - കാൽ കപ്പ് 
ന്യൂട്രീഷണൽ യീസ്റ്റ് - ഒരു ടേബിൾ സ്പൂൺ ( ആവശ്യമുണ്ടെങ്കിൽ മാത്രം )

തയാറാക്കുന്ന വിധം

ഒരു വലിയ ബൗളിൽ ബ്രോക്കോളി, ചെറിയ കഷ്ണങ്ങളായി മുറിച്ചെടുത്ത അവക്കാഡോ, ചെറി തക്കാളി, സവാള, മല്ലിയില എന്നിവയിട്ട് നന്നായി മിക്സ് ചെയ്യാം. ഒരു ചെറിയ പാത്രത്തിൽ ചെറുനാരങ്ങാ നീര്, ഒലിവ് ഓയിൽ, ഉപ്പ്, കുരുമുളക് എന്നിവയും നല്ലതുപോലെ യോജിപ്പിക്കുക. ഇനിയിത് നേരത്തെ മിക്സ് ചെയ്തു വെച്ചിരിക്കുന്ന ബ്രോക്കോളി - അവക്കാഡോയുടെ മുകളിലേക്ക് ഒഴിച്ച് കൊടുക്കാം. മത്തങ്ങയുടെ കുരുവും ന്യൂട്രീഷണൽ യീസ്റ്റും കൂടി മുകളിൽ വിതറാവുന്നതാണ്. കുറഞ്ഞത് മുപ്പത് മിനിട്ട് നേരമെങ്കിലും ഫ്രിജിൽ വെച്ചതിനു ശേഷം കഴിക്കാം.

579165978
Image Credit:Mizina/Istock

ബ്രോക്കോളി - ചീര സൂപ്പ്
ചേരുവകൾ 

ഒരു വലിയ ബ്രോക്കോളി - ചെറുതായി അരിഞ്ഞത്
 ചീര  - രണ്ടു കപ്പ് ( അരിഞ്ഞത് ) 
സവാള - ഒരെണ്ണം 
വെളുത്തുള്ളി - മൂന്നെണ്ണം 
ഉരുളക്കിഴങ്ങ് - ഇടത്തരം വലുപ്പമുള്ളത് ഒരെണ്ണം 
വെജിറ്റബിൾ ബ്രോത് - നാല് കപ്പ് 
മഞ്ഞൾ പൊടി - ഒരു ടീസ്പൂൺ 
ജീരകം പൊടിച്ചത് - ഒരു ടീസ്പൂൺ 
മല്ലിപൊടി - അര ടീസ്പൂൺ 
ഉപ്പ്, കുരുമുളക് - പാകത്തിന്
എണ്ണ - രണ്ടു ടീസ്പൂൺ 
ഒരു ചെറുനാരങ്ങയുടെ നീര് 

തയാറാക്കുന്ന വിധം 

ഒരു വലിയ പാനിൽ ഒലിവ് ഓയിൽ ഒഴിച്ച് ചൂടാകുമ്പോൾ സവാളയും വെളുത്തുള്ളിയും ചേർത്ത് നന്നായി വഴറ്റുക. ബ്രോക്കോളി, കഷ്ണങ്ങളായി അരിഞ്ഞു വെച്ച ഉരുളകിഴങ്ങ്, ചീര എന്നിവ കൂടി ചേർത്ത് കൊടുക്കാം. എടുത്തു വെച്ചിരിക്കുന്ന വെജിറ്റബിൾ ബ്രോത് കൂടി ഒഴിക്കാം. ഇനിയിതു നന്നായി തിളപ്പിക്കണം. തിളച്ചതിനു ശേഷം തീ കുറച്ച്, പാൻ അടച്ചു, പതിനഞ്ച് മുതൽ ഇരുപത് മിനിട്ടു നേരം വെച്ച് പച്ചക്കറികൾ വേവിച്ചെടുക്കാം. വെന്തതിനു ശേഷം ഈ പച്ചക്കറികൾ ബ്ലെൻഡ് ചെയ്തെടുക്കാവുന്നതാണ്. മഞ്ഞൾ പൊടി, ജീരകം, മല്ലി പൊടി, ഉപ്പ്, കുരുമുളക് എന്നിവ കൂടി ചേർത്ത് കൊടുക്കാം. നാരങ്ങാനീരും പിഴിഞ്ഞൊഴിച്ച്, അഞ്ച് മുതൽ പത്തു മിനിട്ടു വരെ തീ കുറച്ച് വെയ്ക്കാം. ശേഷം ചൂടോടെ വിളമ്പാവുന്നതാണ്.

English Summary:

Healthy Broccoli Weight Loss Recipes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com