ADVERTISEMENT

കോഴി, തേനിച്ച, താറാവ്, എരുമ, ആട്, എന്നിവയുടെ ഫാമുകൾക്ക് ഉയർന്ന സബ്സിഡിയോടെ വായ്പ ലഭിക്കും. ട്രാൻസ്പോർട്ടേഷൻ വാഹനങ്ങൾ, ഓട്ടോ– ടാക്സികൾ വാങ്ങാനും ഹോട്ടലുകൾക്കും മാത്രമല്ല, പശുവിനെ വളർത്തി പാലുൽപന്നങ്ങൾ നിർമിക്കുന്ന ഫാമുകൾക്കും ഇതേ രീതിയിൽ വായ്പ ലഭിക്കും.

 

PMEG-Loan-sampadyam-manoramaonline

വാഴ, തെങ്ങ് അടക്കം നേരിട്ടുള്ള കൃഷിക്കോ ചരക്കു വാഹനങ്ങൾ, പുകയില, മദ്യം, മാംസം എന്നിവയുടെ സംസ്കരണത്തിനോ ടെസ്റ്റിങ് ലാബുകൾ, പരിശീലന വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ജിംനേഷ്യം, വ്യാപാരസ്ഥാപനങ്ങൾ തുടങ്ങിയ ഏതാനും മേഖലകളിലും വായ്പ ലഭിക്കില്ല. മറ്റെല്ലാത്തരം സംരംഭങ്ങൾക്കും പ്രവൃത്തികൾക്കും വായ്പ ലഭിക്കും. 

 

മാർജിൻ മണി ഗ്രാൻഡ് എന്നാണ് സബ്സിഡി അറിയപ്പെടുക. മാർജിൻ മണി മൂന്നു വർഷത്തേക്കു ബാങ്കിൽ സ്ഥിര നിക്ഷേപമായി സൂക്ഷിക്കണം. അതിനുശേഷം പ്രവർത്തനം വിലയിരുത്തി വായ്പ കണക്കിലേക്കു വരവു വയ്ക്കും. സബ്സിഡി തുകയ്ക്കും വായ്പത്തുകയ്ക്കും ഒരേ പലിശനിരക്ക് ആയിരിക്കും. 

 

അറിയേണ്ട വസ്തുതകൾ 

 

● പുതുതായി നിർമാണ സേവന സ്ഥാപനങ്ങൾ ആരംഭിക്കാൻ പരിധിയില്ലാതെ വായ്പ ലഭിക്കും.

● പക്ഷേ, നിർമാണമേഖലയിൽ അൻപതും സേവന മേഖലയിൽ ഇരുപതും ലക്ഷം രൂപ വരെ മുടക്കു മുതലുള്ള പദ്ധതികൾക്കാണു സബ്സിഡി ലഭിക്കുക. 

● ഗ്രാമങ്ങളിൽ പ്രത്യേക വിഭാഗത്തിലെ സംരംഭകർക്കു 35 ഉം  നഗരങ്ങളിൽ 25 ഉം  ശതമാനമാണ് സബ്സിഡി.

● പൊതുവിഭാഗത്തിന് പഞ്ചായത്തിൽ ഇരുപത്തിയഞ്ചും മുനിസിപ്പൽ, കോർപറേഷൻ പ്രദേശത്ത് പതിനഞ്ചും ശതമാനമാണു കിട്ടുക.

● സ്ത്രീകൾ, എസ്‌സി / എസ്‌ടി, ഒബിസി മതന്യൂനപക്ഷങ്ങൾ, ഭിന്നശേഷിക്കാർ, വിമുക്തഭടൻ മാർ എന്നിവരെല്ലാം പ്രത്യേക വിഭാഗത്തിൽ വരും. 

● പങ്കാളിത്ത സ്ഥാപനങ്ങൾ, ലിമിറ്റഡ് കമ്പനികൾ എന്നിവയ്ക്കു വായ്പ ലഭിക്കില്ല. നിലവിൽ സഹകരണ ബാങ്കുകളിലെ വായ്പയ്ക്കും സബ്സിഡി ലഭിക്കും. 

● മൂന്നു മുതൽ ഏഴു വർഷം വരെ ആണ്  തിരിച്ചടവ് കാലാവധി. 

 

ഉയർന്ന പ്രായപരിധി ഇല്ല

 

18 വയസ്സു പൂർത്തിയായവർക്കു വായ്പ ലഭിക്കുമെന്നു മാത്രമല്ല ഉയർന്ന പ്രായപരിധിയുമില്ല.  നിർമാണ സ്ഥാപനത്തിനു പത്തും ലക്ഷവും സേവന സ്ഥാപനങ്ങൾക്ക് അഞ്ചു ലക്ഷവും വായ്പ ലഭിക്കാൻ അപേക്ഷകൻ എട്ടാം ക്ലാസ് വരെ പഠിച്ചിരിക്കണം. 

 

കച്ചവടത്തിനും വായ്പ 

 

വ്യാപാര സ്ഥാപനങ്ങൾക്കും വ്യവസ്ഥകളോടെ വായ്പ ലഭിക്കും. ഖാദി പിഎംഇജിപി യൂണിറ്റുകളുടെ നിർമാണ - സേവന സ്ഥാപനങ്ങളുടെ റീടെയിൽ ഔട്‌ലെറ്റുകൾ ആണെങ്കിൽ വായ്പയ്ക്കു പരിഗണിക്കും.

 

വനിതകൾക്ക് 30% സംവരണം 

 

ലഭിക്കുന്ന അപേക്ഷകളിൽ വനിതകൾക്ക് 30% സംവരണം ഉണ്ട്. ഒബിസിക്ക് ഇരുപത്തിയേഴും എസ്‌സിക്ക് 9.1 ഉം എസ്ടിക്ക് 1.45 ഉം മതന്യൂനപക്ഷങ്ങൾക്ക് അഞ്ചും ഭിന്നശേഷിക്കാർക്ക് മൂന്നും ശതമാനവുമാണു സംവരണം. 

 

സംരംഭകത്വ പരിശീലനം 

 

2 ലക്ഷം രൂപ വരെ നിക്ഷേപമുള്ളവയ്ക്ക് സംരംഭകത്വ പരിശീലനം നിർബന്ധമില്ല. 5 ലക്ഷം വരെയുള്ളവയ്ക്ക് അഞ്ചു ദിവസത്തെ സംരംഭകത്വ പരിശീലനത്തിൽ പങ്കെടുക്കണം. കൂടുതൽ നിക്ഷേപം ഉള്ളവയ്ക്ക് 10 ദിവസ പരിശീലനം നേടണം. എങ്കിലേ സർക്കാർ സബ്സിഡിക്ക് അർഹത ഉണ്ടാവുകയുള്ളൂ. 

 

ഓട്ടോയ്ക്ക് 3 ലക്ഷം കവിയരുത്

 

ഇപ്പോൾ മൂന്നു ലക്ഷം രൂപ വരെയുള്ള നിക്ഷേപത്തിന് ഒരു തൊഴിൽ നൽകണം എന്നാണു വ്യവസ്ഥ. അതിനാൽ, ഓട്ടോറിക്ഷ പോലുള്ളവ വാങ്ങാൻ മൂന്നു ലക്ഷം രൂപയിൽ കവിയരുത്. 

 

കിട്ടും തുടർ വായ്പ ഒരു കോടി രൂപ വരെ 

 

സംരംഭകർക്ക് ആശ്രയിക്കാവുന്ന മികച്ച ഒരു വായ്പ പദ്ധതിയാണ് പിഎംജി പി. തുടങ്ങിയവയിൽ 80 ശതമാനവും നല്ല രീതിയിൽ പ്രവർത്തിക്കുന്നു എന്നത് 

പദ്ധതി ഫലപ്രദമായി നടപ്പിലാക്കുന്നു എന്നതിനു തെളിവാണ്. മാത്രമല്ല, പദ്ധതി പ്രകാരം വായ്പ എടുത്തു സംരംഭം നടത്തുന്നവർക്ക് ഇപ്പോൾ വിപുലീകരണത്തിനായി അധിക വായ്പ അനുവദിക്കും. നിർമാണ സ്ഥാപനങ്ങൾക്ക് ഒരു കോടി രൂപ വരെയും സേവന സ്ഥാപനങ്ങൾക്ക് 20 ലക്ഷം രൂപ വരെയുമാണ് ഇങ്ങനെ അനുവദിക്കുക.  കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കേണ്ട വെബ്സൈറ്റ് www.kviconline.gov.in 

 

എവിടെ അപേക്ഷിക്കണം ?

 

ഇതുവരെ ജില്ലാ വ്യവസായ കേന്ദ്രങ്ങൾക്കു മാത്രമായിരുന്നു അനുമതി. 2008 മുതൽ നടപ്പാക്കി വന്നിരുന്ന ഈ പദ്ധതി കൂടുതൽ സംരംഭകരെ ആകർഷിക്കാവുന്ന രീതിയിൽ പരിഷ്കരിച്ചിരിക്കുകയാണ്. ഗ്രാമ നഗര വ്യത്യാസം ഇല്ലാതെ അപേക്ഷകൾ സ്വീകരിക്കുന്നതിന് എല്ലാ നിർവഹണ സ്ഥാപനങ്ങൾക്കും അധികാരമുണ്ട്.  ഖാദി ബോർഡ്, ഖാദി കമ്മീഷൻ, കയർ ബോർഡ് എന്നിവയ്ക്കും മുനിസിപ്പൽ പ്രദേശത്തെ അപേക്ഷകൾ കൈകാര്യം ചെയ്യാം. ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മിഷൻ, (കെവിഐസി) ഖാദി ബോർഡ് കെവിഐബി) കയർ ബോർഡ് ജില്ലാ വ്യവസായ കേന്ദ്രങ്ങൾ (ഡിഐസി) എന്നി ഏജൻസികൾ വഴിയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഖാദി കമ്മിഷനാണ് ഈ പദ്ധതിയുടെ നോഡൽ ഏജൻസി. 

 

സംസ്ഥാന വ്യവസായ–വാണിജ്യ വകുപ്പ് മുൻ ഡപ്യൂട്ടി ഡയറക്ടറാണ് ലേഖകൻ. മനോരമ സമ്പാദ്യം ജൂൺ ലക്കത്തിൽ പ്രസിദ്ധീകരിച്ചത്

English Summary- Start Your Own Business Get Upto 50 Lakh Loan With Subsidy 

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com