ADVERTISEMENT

2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇന്ത്യയിൽ ഇന്ധനവില ഗണ്യമായി കുറച്ചേക്കുമെന്ന് റിപ്പോർട്ടുകൾ. രാജ്യത്തുടനീളമുള്ള ഉപഭോക്താക്കൾക്ക് വലിയ ആശ്വാസമായി, പെട്രോൾ, ഡീസൽ വിലകളിൽ വൻതോതിൽ വില കുറയ്ക്കാൻ കേന്ദ്രം ഒരുങ്ങുന്നു. അടുത്ത വർഷം ഏപ്രിൽ, മെയ് മാസങ്ങളിൽ നടക്കാനിരിക്കുന്ന 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഈ നീക്കം.നിലവിൽ രാജ്യാന്തര വിപണിയിൽ അസംസ്‌കൃത എണ്ണയുടെ വിലയിൽ ഇടിവുണ്ട്, ഇതും  ഇന്ത്യയിലെ ഇന്ധന വില കുറയ്ക്കുവാൻ കാരണമാണ്. പെട്രോളിനും ഡീസലിനും 10 രൂപ വരെ കുറച്ചേക്കും എന്നാണ് റിപ്പോർട്ടുകൾ. സെൻട്രൽ എക്സൈസ് നയത്തിൽ യഥാക്രമം 8 രൂപയും 6 രൂപയും വെട്ടിക്കുറച്ച് പെട്രോളിന്റെയും ഡീസലിന്റെയും വില കുറയ്ക്കാൻ കേന്ദ്രം തീരുമാനിച്ചതിന് ഏകദേശം രണ്ട് വർഷത്തിന് ശേഷമാണ് ഈ നീക്കം.

ക്രൂഡ് ഓയിൽ കുറഞ്ഞു തന്നെ

ഡൽഹിയിൽ പെട്രോൾ, ഡീസൽ വില യഥാക്രമം 96.71 രൂപയും 89.62 രൂപയുമാണ്, അതേസമയം മുംബൈ, ബംഗളൂരു തുടങ്ങിയ പ്രധാന നഗരങ്ങളിൽ ഇന്ധനവില 100 രൂപയ്ക്ക് മുകളിലാണ്. രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില നിലവിൽ ബാരലിന് 70 മുതൽ 80 ഡോളർ വരെ വിലയിലാണ് വ്യാപാരം നടക്കുന്നത്, അതിനാലാണ് ഇന്ധന വില കുറയ്ക്കുന്നതിന് അനുകൂലമായി പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് നിർദ്ദേശം അയച്ചതെന്ന് ദേശീയ മാധ്യമങ്ങൾ  റിപ്പോർട്ട് ചെയ്യുന്നു.

രാജ്യാന്തരതലത്തിൽ ക്രൂഡ് ഓയിൽ വിലയിലുണ്ടായ ഇടിവ് കാരണം, ഇന്ത്യയിലെ മൂന്ന് വൻകിട സർക്കാർ എണ്ണക്കമ്പനികൾ - ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐഒസി), ഭാരത് പെട്രോളിയം കോർപ്പറേഷൻ (ബിപിസിഎൽ), ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ (എച്ച്പിസിഎൽ) എന്നിവ വലിയ ലാഭം നേടി.

സി എൻ ജിയിലേക്ക് മാറ്റം

പെട്രോളിനും, ഡീസലിനും വില കൂടുന്നതിനാൽ സി എൻ ജിയിലേക്ക് ടാക്സി വാഹനങ്ങൾ കൂട്ടത്തോടെ മാറുന്നുണ്ട്. പെട്രോളിന്റെയും, ഡീസലിന്റെയും അപേക്ഷിച്ച് വില കുറവാണ് എന്നുള്ളതാണ് സി എൻ ജി യുടെ നേട്ടം. പെട്രോളിന്റെയും, ഡീസലിന്റെയും വിലയുടെ പകുതി മാത്രമേ സി എൻ ജി ക്ക് ആകുന്നുള്ളൂ എന്നാണ് മുംബൈയിലെ ടാക്സി ഡ്രൈവർമാർ പറയുന്നത്. 

എത്തനോൾ പകരക്കാരനാകുമോ?

A worker fills up the tank of a car with diesel at a petrol station in New Delhi on October 23, 2021 following a price hike of fuel and diesel. (Photo by Sajjad HUSSAIN / AFP)
A worker fills up the tank of a car with diesel at a petrol station in New Delhi on October 23, 2021 following a price hike of fuel and diesel. (Photo by Sajjad HUSSAIN / AFP)

മൊളാസസിൽ നിന്നും ഉൽപ്പാദിപ്പിക്കുന്ന എത്തനോൾ സംഭരണ വില ഉയരുന്നതിനാൽ എണ്ണ കമ്പനികൾ സംഭരണ വില ഇപ്പോൾ വർധിപ്പിച്ചിട്ടുണ്ട്. ആഭ്യന്തര പഞ്ചസാര ഉൽപാദനത്തെക്കുറിച്ചുള്ള ആശങ്കകൾ കാരണം 2023-24 സീസണിൽ കരിമ്പ് ജ്യൂസിൽ നിന്നോ സിറപ്പിൽ നിന്നോ എത്തനോൾ ഉത്പാദിപ്പിക്കുന്നത് നിർത്താൻ സർക്കാർ പഞ്ചസാര മില്ലുകളോട് ആവശ്യപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് ഈ നീക്കം. മൊളാസസിൽ നിന്ന് എത്തനോൾ ഉൽപ്പാദിപ്പിക്കുന്നത് ഹരിത സമ്പദ് വ്യവസ്ഥയെ വളർത്തുമെന്നതിനാൽ പെട്രോളിയം മന്ത്രാലയം ഇത് പ്രോത്സാഹിപ്പിക്കുന്നുണ്ട്. 100 ശതമാനം എത്തനോൾ ഇന്ധനം ഉപയോഗിച്ചുള്ള ടയോട്ട ഇന്നോവ പോലുള്ള ഫ്ളക്സ് ഫ്യൂൽ വാഹനങ്ങൾ കൂടുതലായി ഇന്ത്യൻ വിപണിയിൽ വരും വർഷങ്ങളിൽ ഇറങ്ങാൻ പോകുകയാണ്. ഇത് പെട്രോളിനും, ഡീസലിനും ഡിമാൻഡ് കുറയ്ക്കുമെന്നാണ് വിദഗ്ധർ പറയുന്നത്. സുസ്ഥിരതക്കും, പ്രകൃതിക്കും ഇത് നല്ലതായതിനാൽ എത്തനോൾ ഇന്ധനത്തിന് ഭാവിയിൽ ഡിമാൻഡ് കൂടുമെന്നാണ് കരുതപ്പെടുന്നത്. 

ഫ്ളക്സ് ഫ്യൂൽ വാഹനങ്ങളിൽ  85 ശതമാനം എഥനോളും, പെട്രോൾ 15 ശതമാനവുമാണ് ഉപയോഗിക്കുന്നത്. എന്നാൽ കാർഷിക ഉത്പന്നങ്ങളിൽ നിന്നും എത്തനോൾ ഉൽപ്പാദിപ്പിക്കേണ്ടി വരുന്നത് ഭക്ഷ്യ സുരക്ഷയെ ബാധിക്കുമോ എന്ന പേടിയും സർക്കാരിനുണ്ട്. 

റഷ്യ യുക്രെയ്ൻ യുദ്ധം തുടങ്ങിയതിൽ പിന്നെ ഇന്ത്യക്ക് വിലക്കുറവിൽ പെട്രോൾ ലഭിച്ചു തുടങ്ങിയത് മൂലം രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണ വില കൂടിയെങ്കിൽ  പോലും ഇന്ത്യയിൽ വില കൂട്ടിയിരുന്നില്ല. പൊതു തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടു ഇന്ധന വില ഇപ്പോൾ കുറയ്ക്കുകയാണെങ്കിൽ അത് അടുത്ത ആറ് മാസത്തേക്കെങ്കിലും സാധാരണക്കാരന്റെ പോക്കറ്റ് ചോർച്ച തടയും. 

English Summary:

Fuel Price May Come Down in 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com