ADVERTISEMENT

പുതിയ നിരവധി അവസരങ്ങളും അതുപോലെ വെല്ലുവിളികളും ഉയര്‍ത്തിക്കൊണ്ട് നവ, ലഘു സംരംഭകര്‍ക്ക് മുന്നില്‍ ഒരു പുതുവര്‍ഷം കൂടി എത്തിയിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷത്തെ ശരിയും തെറ്റുകളും ഒരു വട്ടം കൂടി വിലിയരുത്തി പുതുവര്‍ഷത്തിൽ ഒരുങ്ങുന്നവര്‍ക്കാണ് മുന്നോട്ടുള്ള പാത സുഗമമാക്കാന്‍ കഴിയുക. ചില കാര്യങ്ങളില്‍ ഇനിയും ശ്രദ്ധിച്ചില്ലെങ്കിലോ തിരുത്തല്‍ വരുത്തിയില്ലെങ്കിലോ കഴിഞ്ഞവര്‍ഷത്തെ പരാജയം ഇത്തവണയും ആവര്‍ത്തിച്ചേക്കാം. അത് ഒഴിവാക്കാന്‍ ഈ 10 കാര്യങ്ങള്‍ ശ്രദ്ധിക്കുക.

1. സംരംഭത്തിന്റെ പണമൊന്നും  സംരംഭകരുടെ പണമേയല്ല

ബിസിനസിലെ പണം സ്വന്തം പണം ആണോ? പലര്‍ക്കും ഇതുതമ്മിലുള്ള വ്യത്യാസം തന്നെ തിരിച്ചറിയാന്‍ കഴിയാറില്ല. ബിസിനസിലെ പണം സ്വന്തം പണം ആണെന്ന മട്ടിലാണ് അത് പലരും കൈകാര്യം ചെയ്യുന്നത്. എന്നാല്‍ ഇതുരണ്ടും രണ്ടാണ്. സംരംഭത്തിനും സംരംഭകനും വേറെ വേറെ അക്കൗണ്ടുകളുണ്ടാകും. പക്ഷേ രണ്ടും സ്വന്തം അക്കൗണ്ട് പോലെയാണ് മിക്ക സംരംഭകരും കൈകാര്യം ചെയ്യുക. ബിസിനസിലെ പണം ഒരിക്കലും സംരംഭകന്റെ പണമല്ല. അത് സംരംഭകന്റെ സ്വന്തം ഇഷ്ടാനിഷ്ടങ്ങള്‍ക്ക് അനുസരിച്ച് ചിലവഴിക്കാനുള്ളതല്ല. സംരംഭങ്ങള്‍ക്കുള്ള ഫിനാന്‍ഷ്യല്‍ പ്ലാനിങിലെ ആദ്യ പാഠം ഇതാണ്. 

ബിസിനസില്‍ നിന്നുണ്ടാക്കുന്ന ലാഭം സംരംഭകന്റെ ലാഭമാണോ? അതുമല്ല. ബിസിനസില്‍ നിന്നു ലഭിക്കുന്ന ലാഭം ബിസിനസിനോ സ്ഥാപനത്തിനോ മാത്രം അവകാശപ്പെട്ടതാണ്. അപ്പോള്‍ സംരംഭകന്റെ പണം ഏതാണ്.? ബിസിനസില്‍ നിന്ന് അല്ലെങ്കില്‍ ബിസിനസിലെ ലാഭത്തില്‍ നിന്ന് എത്ര പണം വേണം എന്ന് നിശ്ചയിച്ച് സംരംഭകന് എടുക്കാം. അത് എത്രവേണം എന്ന് സംരംഭകന്‍ തീരുമാനിക്കുക. ആ പണം മാത്രമാണ് സ്വന്തം പണം എന്ന തിരിച്ചറിവ് ആദ്യമേ ഉണ്ടാക്കുക. സ്വന്തം ബിസിനസാണ് ആവശ്യമുള്ളപ്പോള്‍ ആവശ്യമുള്ളതുപോലെ എടുക്കാം എന്ന് കരുതരുത്. അങ്ങനെ തുടങ്ങിയാല്‍ സംരംഭത്തിനോ സംരംഭകനോ ഒരിക്കലും സാമ്പത്തിക അച്ചടക്കം ഉണ്ടാകില്ല. ഒരു തുക ശമ്പളമായി സ്വയം നിശ്ചയിക്കുക. ആ പണം മാത്രം ബിസിനസില്‍ നിന്ന് എടുക്കുക. തന്റെ വരുമാനം ഇത്രയുമാണ് എന്ന് ഉറപ്പിച്ച് അതിനനസരിച്ച് സ്വന്തം വ്യക്തിപരമായ ചിലവുകള്‍ ക്രമപ്പെടുത്തുക.

business-money

ബിസിനസിലെ പണം എടുത്ത് വ്യക്തിജീവിതത്തിനുവേണ്ടി ചിലവഴിച്ച് പാപ്പരാകുന്ന നിരവധി പേരെ നമുക്ക് കാണാം. ആരും മനപ്പൂര്‍വം ചെയ്യുന്നതല്ല ഇത്. പലരും ബിസിനസിലെ പണം സ്വന്തം പണം ആണെന്ന് തെറ്റിദ്ധരിച്ച് അതെടുത്ത് വീട് വയ്ക്കുന്നു. കാര്‍ വാങ്ങുന്നു. മറ്റ് ആഡംബരങ്ങള്‍ക്ക് ചിലവഴിക്കുന്നു. അവസാനം വലിയ കടക്കെണിയിലാകുന്നു. ബിസിനസ് നടത്തിപ്പിനുള്ള പണം പോലും ഇല്ലാത്ത അവസ്ഥ വരുന്നു. പിടിച്ച് നില്‍ക്കാന്‍ വീട് വില്‍ക്കുന്നു. കാര്‍ വില്‍ക്കുന്നു. ഇത്തരം അവസ്ഥകള്‍ ഒഴിവാക്കാന്‍ തുടക്കത്തിലേ ശ്രദ്ധിക്കണം.

2. ഭാര്യയും ഭര്‍ത്താവും ചേര്‍ന്ന് ബിസിനസ് നടത്തുമ്പോള്‍

കുടുംബ സംരംഭം ആയാലും ദമ്പതികള്‍ ചേര്‍ന്ന് നടത്തുന്ന സ്ഥാപനമായാലും ഈ രീതി അവലംബിക്കുന്നതാണ് അഭികാമ്യം. ഭാര്യയും ഭര്‍ത്താവും ചേര്‍ന്നാണ് സ്ഥാപനം നടത്തുന്നത് എങ്കില്‍ രണ്ടുപേര്‍ക്കും ശമ്പളം നിശ്ചയിക്കുക. കുടുംബത്തിലെ മറ്റാരെങ്കിലും പങ്കാളി ആണെങ്കില്‍ അവര്‍ക്കും ശമ്പളം നിശ്ചയിക്കുക. ലാഭം ഉണ്ടാകുമ്പോള്‍ അതും ധാരണ പ്രകാരം പങ്കുവയ്ക്കുക. ഇതൊന്നുമല്ലാതെ ബിസിനസിലെ ഒരു രൂപ പോലും സ്വന്തം ആവശ്യങ്ങള്‍ക്കായി ചിലവഴിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. അഥവ അങ്ങനെ എടുക്കുന്നു എങ്കില്‍ അതിന് കൃത്യമായ കണക്കു വയ്ക്കുക. കൃത്യമായി തിരിച്ചിടുക. സംരംഭം വിജയിച്ചാലും സംരംഭകന്‍ പരാജയപ്പെട്ടുപോകുന്നതും സംരംഭകന്‍ വിജയിച്ചാലും സംരംഭം പരാജയപ്പെട്ടുപോകുന്നതും ഇത്തരം കാര്യങ്ങളില്‍ വേണ്ടത്ര ശ്രദ്ധയോ അച്ചടക്കമോ പുലര്‍ത്താത്തുകൊണ്ടാണ്.

3. മികച്ച വില്‍പ്പനാനന്തര സേവനം നല്‍കുക

ഉല്‍പ്പന്നം ഒരാള്‍ക്ക് വിറ്റാല്‍ ആ വില്‍പ്പനയോടെ ബന്ധം അവസാനിക്കുകയല്ല. മറിച്ച് വര്‍ഷങ്ങളോളം നിലനില്‍ക്കേണ്ട ഒരു ബന്ധം ആരംഭിക്കുകയാണ്. ഏതൊരു സംരംഭകനും ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം. നിങ്ങളുടെ ഉല്‍പ്പന്നം  എത്ര ചെറുതോ വലുതോ ആയിക്കൊള്ളട്ടെ. ഫാന്‍സി ആഭരണ വില്‍പ്പനയിലൂടെ ഇടപ്പള്ളിയില്‍ മികച്ച ഒരു ബിസിനസ് സംരംഭം പടുത്തുയര്‍ത്തിയ വീട്ടമ്മയുടെ പ്രധാന വിജയ രഹസ്യം ഇത്തരത്തിലുള്ള വില്‍പ്പനാന്തര സേവനം ആയിരുന്നു. ഇവര്‍ വിറ്റിരുന്ന ആഭരണങ്ങൾക്ക്  എന്തുകേടുപാട് എപ്പോള്‍ സംഭവിച്ചാലും അതെല്ലാം സൗജന്യമായി പരിഹരിച്ചു നല്‍കാന്‍ ഒട്ടും മടികാണിച്ചില്ല. ഈ സേവനത്തിലൂടെ അവര്‍ മികച്ച ഉപഭോക്തൃനിരതന്നെ പടുത്തുയര്‍ത്തി. നിങ്ങളുടെ വീട്ടിലെ ഗൃഹോപകരണങ്ങളില്‍ ഏതിനെങ്കിലും കേടുപാടു പറ്റിയാല്‍ നിങ്ങള്‍ കസ്റ്റമര്‍ കെയറില്‍ റജിസ്റ്റര്‍ ചെയ്യും. സര്‍വീസ് മെക്കാനിക്ക് എത്ര വേഗം വന്ന് സര്‍വീസ് തരുന്നോ അത്ര കൂടുതല്‍ നിങ്ങള്‍ ആ കമ്പനിയെ ഇഷ്ടപ്പെടും. ഉല്‍പ്പന്നത്തിനു തകരാര്‍ സംഭവിച്ചതില്‍ കമ്പനിയോട് പരിഭവമേ തോന്നില്ല. ഇനി മറിച്ചാണെങ്കിലോ. വളരെ കാലതാമസമെടുത്താണ് സര്‍വീസ് മെക്കാനിക്ക് വന്നതെങ്കിലോ. അത്തരമൊരു ഉല്‍പ്പന്നം വാങ്ങിയതില്‍ നിങ്ങള്‍ പശ്ചാത്തപിക്കും. എല്ലാവരോടും പറയുകയും ചെയ്യും. സ്വന്തം ഉല്‍പ്പന്നത്തിന്റെ വിപണന തന്ത്രങ്ങള്‍ മെനയുമ്പോള്‍ ഇക്കാര്യം മറക്കാതിരിക്കുക.

business

4. കടകളില്‍ കൊണ്ടുപോയി തള്ളരുത്

കടകളില്‍ ഉല്‍പ്പന്നങ്ങള്‍ ഒരിക്കലും ഡമ്പ് ചെയ്യരുത്. അതായത് കടക്കാരന്‍ ആവശ്യപ്പെട്ടതിനേക്കാള്‍ കൂടിയ  അളവില്‍ ഉല്‍പ്പന്നങ്ങള്‍ നിര്‍ബന്ധമായി വയ്ക്കരുത്. ഡെഡ് സ്റ്റോക്ക് കണ്ടാല്‍ മിക്ക കടക്കാര്‍ക്കും നിങ്ങളുടെ ഉല്‍പ്പന്നത്തെക്കുറിച്ച് മോശം അഭിപ്രായം ഉണ്ടാകും. അതിനിട വരുത്തരുത്. വില്‍പ്പന കൂട്ടാന്‍ മറ്റെന്താണ് മാര്‍ഗം എന്ന് നിങ്ങള്‍ ചോദിച്ചേക്കാം. കടക്കാര്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യാം. 100 പാക്കറ്റ് കൂടുതല്‍ വിറ്റാല്‍ ഇത്ര രൂപ സമ്മാനമെന്ന വാഗ്ദാനംനല്‍കാം. അല്ലെങ്കില്‍ അത്തരത്തിലുള്ള ആകര്‍ഷകമായ ഓഫറുകള്‍ കടക്കാരന് നല്‍കാം. ഇത്തരത്തിലുള്ള സ്‌കീമുകളുടെ ഭാഗമായി കൂടിയ അളവില്‍ ഉല്‍പ്പന്നങ്ങള്‍ കടക്കാരന്റെ അനുമതിയോടെ വിതരണം ചെയ്യാം.

5. ഉപഭോക്താവിനെ കബളിപ്പിക്കാന്‍ ശ്രമിക്കരുത്

പണ്ട് രണ്ട് ടൂത്ത് പേസ്റ്റ് കമ്പനികള്‍ തമ്മില്‍ വിപണിയില്‍ കടുത്ത മല്‍സരമായിരുന്നു. രണ്ടു ബ്രാന്‍ഡുകളും ഏറെക്കുറെ തുല്യമായ വിപണി കയ്യടക്കിവച്ചിരുന്ന സമയം. വില്‍പ്പന കൂട്ടാന്‍ രണ്ടുപേരും കിണഞ്ഞുപരിശ്രമിച്ചിട്ടും വില്‍പ്പന ഒരേ പോലെ മാത്രം തുടര്‍ന്നുകൊണ്ടിരുന്നു. ഒടുവില്‍ ഒരു കമ്പനിയുടെ വിപണന തന്ത്രം വിജയിച്ചു. പടിപടിയായി ഉല്‍പ്പന്നത്തിന്റെ വില്‍പ്പന എതിരാളിയുടേതിനേക്കാള്‍ കൂടിക്കൂടി വന്നു. വളരെ നിസാരമായ ഒരു തന്ത്രമാണവര്‍ പയറ്റിയത്. ടൂത്ത് പേസ്റ്റിന്റെ ട്യൂബിന്റ അറ്റത്തിന്റെ വലിപ്പം  മുമ്പത്തേക്കാള്‍ അല്‍പ്പം  കൂട്ടി. ഇതുമൂലം ബ്രഷ് ചെയ്യാന്‍ നേരത്ത് ട്യൂബില്‍ പ്രസ് ചെയ്യുമ്പോള്‍ പഴയതിനേക്കാള്‍ കൂടുതല്‍ പേസ്റ്റ് പുറത്തേക്ക് വരും. ഇതുമൂലം പേസ്റ്റ് മുമ്പത്തേക്കാള്‍ വേഗത്തില്‍ തീരും. മാസം രണ്ട് പേസ്റ്റ് വേണ്ടിയിരുന്നവര്‍ക്ക് മൂന്നെണ്ണം വേണ്ടിവരും. ഇതുമൂലമാണ് വില്‍പ്പന കൂടിയത്. ഏതാനും മാസങ്ങള്‍ക്കുശേഷം ഈ തന്ത്രം എതിരാളി കണ്ടുപിടിച്ചു. അവര്‍ അക്കാര്യം പരസ്യപ്പെടുത്തി. അതോടെ വില്‍പ്പനയും കുത്തനെ ഇടിഞ്ഞു. ഇപ്പോഴും അവര്‍ക്ക് നഷ്ടപ്പെട്ട വിപണി തിരിച്ചുപിടിക്കാന്‍ കഴിഞ്ഞിട്ടില്ല. നിങ്ങള്‍ ഒരിക്കലും ഇത്തരത്തില്‍ ഉപഭോക്താക്കളെ കബളിപ്പിക്കുന്ന തന്ത്രങ്ങളുടെ പിന്നാലെ പോകരുത്.

businessidea

6. എതിരാളികളെ താറടിച്ചുകാണിക്കരുത്

എതിരാളികളുടെ ഉല്‍പ്പന്നങ്ങളെ കുറ്റം പറഞ്ഞ് നിങ്ങളുടെ ഉല്‍പ്പന്നം വില്‍ക്കാന്‍ ശ്രമിക്കരുത് എന്ന് നിങ്ങളുടെ സെയില്‍സ് സ്റ്റാഫിനെ പഠിപ്പിക്കണം. എതിരാളികളുടെ ഉല്‍പ്പന്നം നല്ലതാണ്. പക്ഷേ ഞങ്ങളുടെ ഉല്‍പ്പന്നം അതിനേക്കാള്‍ നല്ലതാണ്. ഇത്തരത്തിലുള്ള സമീപനം മാത്രമേ ശാശ്വതമായ വിജയം നിങ്ങള്‍ക്ക്  സമ്മാനിക്കൂ. ഉപഭോക്താവിനെയും കടക്കാരനെയും കുറച്ചുനാള്‍ നിങ്ങള്‍ക്ക് കബളിപ്പിക്കാന്‍ കഴിഞ്ഞേക്കും. പക്ഷേ എല്ലാക്കാലത്തും കബളിപ്പിക്കാന്‍ പറ്റില്ല.

7. മറ്റുള്ളവരുടെ വിജയങ്ങള്‍ അനുകരിക്കരുത്

എതിരാളിയുടെ വലിയ വിജയങ്ങള്‍ കണ്ട് അതിനെ അന്ധമായി അനുകരിക്കരുത്. അത്തരം വിജയങ്ങളെ സത്യസന്ധമായി വിശകലനം ചെയ്യുക. അതില്‍ നിന്നുള്ള പാഠങ്ങള്‍ പഠിക്കുക. നിങ്ങള്‍ക്ക് എവിടെയാണ് തെറ്റുപറ്റിയതെന്ന് മനസിലാക്കുക. അതു തിരുത്താന്‍ ശ്രമിക്കുക. സൂപ്പര്‍സ്റ്റാറിനെ വച്ച് പരസ്യം ചെയ്യുന്നതാണ് എതിരാളിയുടെ വിജയകാരണമെന്ന് കണ്ട് മറ്റൊരു സൂപ്പര്‍ സ്റ്റാറിനെ കൊണ്ടുവന്നാല്‍ നിങ്ങളുടെ ഉല്‍പ്പന്നവും വിജയിക്കണമെന്നില്ല. യഥാര്‍ത്ഥ വിജയത്തിന്റെ കാരണം മനസിലാക്കിയാലേ നിങ്ങള്‍ക്കും പുതിയ തന്ത്രങ്ങള്‍ പയറ്റാന്‍ കഴിയൂ

8. മുടക്കുന്നതില്‍ കൂടുതല്‍ മൂല്യം വേണം

busines

നിങ്ങള്‍ ഉണ്ടാക്കുന്ന ഉല്‍പ്പന്നം എന്തുമാകട്ടെ. അച്ചാറോ, അച്ചപ്പമോ, കുപ്പിവെള്ളമോ ആഭരണമോ ചുരിദാറോ എന്തുമാകട്ടെ. ഒരാള്‍ അതുവിലകൊടുത്തു വാങ്ങി ഉപയോഗിച്ചാല്‍ അയാള്‍ക്ക് മുടക്കിയ തുകയേക്കാള്‍ മൂല്യം ലഭിച്ചതായി തോന്നണം. 50 രൂപ കൊടുത്ത് ഒരു കുപ്പി അച്ചാര്‍ വാങ്ങി ഉപയോഗിക്കുന്ന ആള്‍ക്ക് സംഗതി കൊള്ളാമല്ലോ എന്നും 50 രൂപ കൊടുത്തതു നഷ്ടമായില്ല എന്നു തോന്നണം. നിങ്ങളും ഒരു ഉപഭോക്താവുതന്നെയാണല്ലോ. ഇങ്ങനെ തോന്നുന്ന ഉല്‍പ്പന്നങ്ങള്‍ മാത്രമല്ലേ നിങ്ങളും വീണ്ടും വാങ്ങി ഉപയോഗിക്കൂ. എങ്ങനെയാണ് ഇത്തരം ഉല്‍പ്പന്നം ഉണ്ടാക്കാന്‍ കഴിയുക. ഉല്‍പ്പന്നം ഉണ്ടാക്കുമ്പോള്‍ അത് ആരൊക്കെയാണ് വാങ്ങി ഉപയോഗിക്കുക എന്ന് നിങ്ങള്‍ക്ക് അറിവുണ്ടാകില്ല. അതുകൊണ്ട് സ്വന്തം കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് യഥാര്‍ത്ഥ ഉപഭോക്താക്കള്‍ എന്ന വിചാരത്തോടെ ഉല്‍പ്പന്നം ഉണ്ടാക്കുക. അപ്പോള്‍ ഏറ്റവും മുന്തിയ ഗുണനിലവാരത്തില്‍ അതു നിര്‍മിക്കാന്‍ നിങ്ങള്‍ തയ്യാറാകും. നിങ്ങളുടെ ബിസിനസ് സംരംഭം വിജയിക്കാന്‍ ഏറ്റവും ആദ്യം വേണ്ടത് ഇത്തരം ഉന്നത നിലവാരമുള്ള ഉല്‍പ്പന്നങ്ങളാണ്.

9. സപ്ലൈ കൃത്യമാക്കുക

business1

എതിരാളികളുടെ ഉല്‍പ്പന്നവും നിങ്ങളുടേതും തമ്മല്‍ ഗുണമേന്മയിലും വിലയിലും മറ്റും വലിയ അന്തരമില്ലെങ്കില്‍ നിങ്ങളുടെ ഉല്‍പ്പന്നം കിട്ടിയില്ലെങ്കില്‍ എതിരാളിയുടേത് ഉപഭോക്താവ് വാങ്ങും. ഇങ്ങനെ പലതവണ അത്തരം ഉല്‍പ്പന്നം വാങ്ങേണ്ടിവന്നാല്‍ പിന്നെ ഉപഭോക്താവ് അതുതന്നെ ചോദിച്ചു വാങ്ങിയെന്നുമിരിക്കും. അതുകൊണ്ട്  സപ്ലൈ എപ്പോഴും കൃത്യമായിരിക്കാന്‍ ശ്രദ്ധിക്കുക. വില്‍പ്പനയെ സംബന്ധിച്ച് കൃത്യമായ ഫോളോ അപ്പ് ഓരോ കടക്കാരനുമായും നടത്തിക്കൊണ്ടിരിക്കണം.

10.പരാതിക്കാരെ ബഹുമാനിക്കുക

ഉല്‍പ്പന്നത്തിന്റെ തെറ്റുകുറ്റങ്ങള്‍ പറയുന്നവരില്‍ നിന്ന് ഒരിക്കലും ഉല്‍പ്പന്നത്തിന്റെ പണം വാങ്ങരുത്. എത്ര നിര്‍ബന്ധിച്ചാലും വാങ്ങരുത്. അവര്‍ ചൂണ്ടിക്കാട്ടിയ പോരായ്മകള്‍ പരിഹരിച്ച് പുതിയ ഉല്‍പ്പന്നവുമായി വീണ്ടും വരാം. അപ്പോള്‍ രണ്ടിന്റെയും കൂടി പണം തന്നാല്‍ മതി എന്നേ പറയാവൂ. നിങ്ങളുടെ ഉല്‍പ്പന്നത്തില്‍ സംതൃപ്തരാകാത്തവരുടെ അടുത്ത് വീണ്ടും ചെല്ലാന്‍ ഇതേ അവസരമുള്ളൂ. മുഖസ്തുതി പറയുന്നവരേക്കാള്‍ സ്‌നേഹിക്കേണ്ടത് പരാതി പറയുന്നവരെയാണ്. അവരുടെ പരാതി പരിഹരിച്ചാല്‍ അവര്‍ നിങ്ങളുടെ ആരാധകരായി മാറും.

(പഴ്‌സണല്‍ ഫിനാന്‍സ് അനലിസ്റ്റും എന്‍ട്രപ്രണര്‍ഷിപ്പ് മെന്ററും ആണ് ലേഖകന്‍. ഇ മെയ്ല്‍ jayakumarkk8@gmail.com)

English Summary:

Never Forget These Things While Doing Business

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com