ADVERTISEMENT

ചെറിയൊരു വാതിൽ മാത്രമുള്ള കട. അതിനെ ഡാർക് സ്റ്റോർ എന്നാണു വിളിക്കുക. പേര് പോലെ അകത്ത് വലിയ വെളിച്ചമൊന്നും കാണുന്നില്ലെങ്കിലും തട്ടുതട്ടായി ഷെൽഫുകളുണ്ട്. മുന്നിൽ ചുവന്ന ടീഷർട്ടിട്ട ഡെലിവറി ബോയ്സിന്റെ കൂട്ടം. കൂടക്കൂടെ അവർ പാക്കറ്റുമായി ബൈക്കിൽ പായുന്നു. ഇതാണ് ക്യൂ കൊമേഴ്സ്. ക്വിക്ക് കച്ചവടം! ആപ്പിന്റെ ലിസ്റ്റിലുള്ള ഏത് ലൊട്ടുലൊടുക്കും 15 മിനിറ്റിനകം വീടുകളിൽ എത്തിച്ചിരിക്കും.!!

പഞ്ചസാരയും ചായപ്പൊടിയും മുട്ടയും പഴവും മറ്റും തീർന്നു എന്ന് വീട്ടുകാർക്ക് തോന്നുന്ന സെക്കൻഡിൽ ക്യൂ കൊമേഴ്സ് ആപ്പിൽ ഓർഡർ ചെയ്യും. 15 മിനിറ്റിനകം സാധനം വീട്ടിലെത്തിയിരിക്കും. 

അതിഥി വന്നപ്പോൾ പഞ്ചസാരയോ പാലോ തീർന്നതും വേലിക്കപ്പുറത്തെ അയൽവീട്ടിൽ നിന്ന് രഹസ്യമായി ഒപ്പിച്ചിരുന്നതും പഴങ്കഥയായി. ഒന്നാമത് അതിഥികളില്ല. ചുമ്മാ സൊറ പറയാൻ വീടുകളിൽ പോയിട്ട് പണ്ടേപ്പോലെ ആരും ചായയും മിക്സ്ചറും കഴിച്ചിരിക്കുന്നില്ല. അയൽക്കാരും മൊബൈലിലാണ് വർത്തമാനം. പക്ഷേ ഡയപ്പറോ, സാനിറ്ററി നാപ്കിനോ എന്തും ആവശ്യം വന്നാൽ മൊബൈലിൽ കുത്തുക, 10 മിനിറ്റിനകം സാധനം എത്തി.

ഇതെങ്ങനെ സാധിക്കുന്നു? അതിനൊക്കെ അൽഗോരിതങ്ങളുണ്ട്. ഓരോ നഗരത്തിലും ആളുകൾക്ക് എന്തൊക്കെ സാധനങ്ങളാണ് പെട്ടെന്നു വേണ്ടതെന്ന് അവർക്കറിയാം. 

അത് സ്റ്റോക്ക് ചെയ്യും. ആപ്പിൽ ഓർഡർ കൊടുക്കുന്ന നിമിഷം സ്റ്റോറിലെ  കംപ്യൂട്ടറിൽ അതുവരും. പിന്നെ എടുപിടീന്നാണെല്ലാം. ഒന്നര മിനിറ്റിനകം സാധനം പാക്ക് ചെയ്യും. 3 കിലോമീറ്ററിനകം മാത്രം ഡെലിവറി. 

ഒരു ക്വിക് കൊമേഴ്സ് കമ്പനിക്ക് ഇന്ത്യയിൽ ബിസിനസ് തുടങ്ങാൻ 70 കോടി ഡോളറായിരുന്നു നിക്ഷേപം. 

ഏതാണ്ട് 5600 കോടി രൂപ! ഇമ്മാതിരി കാശ് കയ്യിലുള്ളപ്പോൾ കട എടുക്കാനോ സാധനങ്ങൾ സ്റ്റോക്ക് ചെയ്യാനോ ഒന്നിനും പഞ്ഞമില്ലല്ലോ. സാധാരണക്കാരൻ കട തുടങ്ങണമെന്നു വിചാരിച്ചാൽ ആദ്യം കടമുറിക്കു കൊടുക്കേണ്ട  പകിടി എങ്ങനെ ഒപ്പിക്കുമെന്നാണ് ആലോചിക്കുക. ഇവിടെ പണമൊരു പ്രശ്നമേയല്ല.

ഇന്ത്യയാകെ നാലഞ്ച് ക്യൂ കൊമേഴ്സ് കമ്പനികളുണ്ട്. 

ഒരെണ്ണം പത്തിരുപത് നഗരങ്ങളിലേക്കു വളർന്നു. ആഴ്ചയിൽ 10 ലക്ഷം ഓർഡർ കിട്ടുന്നുണ്ടെന്നാണ് കുറച്ചുനാൾ മുമ്പത്തെ കണക്ക്. നിലവിൽ 5500 കോടിയുടെ കച്ചവടം ഈ കമ്പനികളെല്ലാം ചേർന്ന് നടത്തുന്നു. ജനത്തിനും രുചിപിടിച്ചു പോയിരിക്കുന്നു. 

ഒടുവിലാൻ∙തൽക്കാലം പലരും ഡെലിവറി ഫീസ് ഈടാക്കുന്നില്ല. ഒന്ന് പച്ചപിടിച്ച് ജനം ശീലിച്ചു കഴിയുമ്പോൾ ഫീസും താനെ വരും. ഭക്ഷണ വിതരണത്തിൽ മെനുവിൽ കാണുന്ന വിലയുടെ ഇരട്ടി ഈടാക്കുന്ന സ്ഥിതിയാണിപ്പോൾ.

English Summary:

Business Boom

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com