ADVERTISEMENT

തിരുവനന്തപുരം ∙ കേരളത്തിൽ മദ്യം ഉൽപാദിപ്പിച്ച് മറ്റു സംസ്ഥാനങ്ങളിലേക്കും വിദേശ രാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ ലഘൂകരിക്കാൻ സർക്കാർ. ഇതിനായി നിയമങ്ങളിൽ സമഗ്രമായ അഴിച്ചുപണിക്ക് കേരള വ്യവസായ വികസന കോർപറേഷൻ (കെഎസ്ഐഡിസി) എംഡിയുടെ നേതൃത്വത്തിലുള്ള വിദഗ്ധസമിതി ശുപാർ‌ശ സമർപ്പിച്ചു. കേരളത്തിൽ നിർമിക്കുന്ന മദ്യത്തിനു വിദേശത്തെ സാധ്യതകൾ പരമാവധി മുതലെടുക്കുന്നതിനു വേണ്ടിയായിരുന്നു സമിതി പഠനം നടത്തിയത്. റിപ്പോർട്ടിലെ 9 നിർദേശങ്ങളും മദ്യക്കയറ്റുമതിക്ക് മാത്രമായുള്ളതാണ്.

ശുപാർശകൾ: 

 വിദേശ മദ്യം കയറ്റുമതി ചെയ്യാൻ ഇനി എൻഒസി വേണ്ട. എക്സ്പോർട്ട് പെർമിറ്റ് കൊടുക്കുമ്പോൾ തന്നെ എക്സൈസ് പരിശോധന നടത്തുന്നതിനാൽ വീണ്ടും എൻഒസി ആവശ്യമില്ല. 

 കേരളത്തിലെ ഡിസ്റ്റലറിയുമായി സഹകരിച്ച് പുറത്തുള്ളവർക്ക് മദ്യം ഉൽപ്പാദിപ്പിക്കണമെങ്കിൽ ഡിസ്റ്റലറി ലൈസൻസ് വേണം എന്ന നിബന്ധന ഒഴിവാക്കണം. കേരളത്തിലെ ഡിസ്റ്റലറികളുമായി സഹകരിച്ച് മദ്യം ഉൽപാദിപ്പിക്കാൻ താൽപര്യമുള്ള ആർക്കും ധാരണാപത്രത്തിൽ ഏർപ്പെടാൻ ഇതുവഴി സാധിക്കും. പുതിയ ബ്രാൻഡുകൾ വരുന്നതോടെ സംസ്ഥാനത്തിന്റെ വരുമാനം കൂടും. 17 ഡിസ്റ്റലറികളാണ് സംസ്ഥാനത്തുള്ളത്. ശേഷിയുടെ പകുതി മാത്രമാണ് ഇവർ ഉപയോഗിക്കുന്നത്. 

 രാജ്യാന്തര റോഡ് ഷോ, ട്രേഡ് ഷോ എന്നിവയ്ക്കായി പെർമിറ്റ് എടുത്തു വിദേശത്തേക്ക് കൊണ്ടുപോകാൻ കഴിയുന്ന മദ്യത്തിന്റെ അളവ് പ്രതിമാസം 10 ലീറ്ററാണ്. ഇത് 20 ലീറ്ററായി ഉയർത്തണം.

 കുപ്പിയിലെ ലേബലിൽ എന്തു മാറ്റം വരുത്തണമെങ്കിലും ഇപ്പോൾ എക്സൈസിന്റെ അനുമതി വേണം. ഫീസും അടയ്ക്കണം. ലേബൽ എങ്ങനെ വേണമെന്ന് എക്സൈസാണു തീരുമാനിക്കുക. ഇൗ അവകാശം ഉൽപാദകനു നൽകണം. തെറ്റായ വിവരങ്ങൾ ലേബലിൽ‌ ഉണ്ടോയെന്ന് എക്സൈസിനു പരിശോധിക്കാം.

 മദ്യത്തിന്റെ എക്സ്പോർട്ട് ലേബൽ അപ്രൂവൽ ഫീസ്, ബ്രാൻഡ് റജിസ്ട്രേഷൻ ഫീസ്, എക്സ്പോർട്ട് പാസ് ഫീസ് എന്നിവ ഒഴിവാക്കണം. ഈ മൂന്നിനത്തിലും സർക്കാരിനു കാര്യമായ വരുമാനമില്ല. എക്സ്പോർട്ട് ലേബൽ അപ്രൂവൽ ഫീ ആയി കഴിഞ്ഞ വർഷം ലഭിച്ചത് 6.45 ലക്ഷം രൂപ മാത്രം. 

 കേരളത്തിനകത്ത് എക്സ്ട്രാ ന്യൂട്രൽ ആൽക്കഹോളും (ഇഎൻഎ) മദ്യവും കൊണ്ടുപോകുമ്പോൾ 2 എക്സൈസ് ഗാർഡുമാർ അകമ്പടി പോകുന്ന പതിവുണ്ട്. ഇതിനു പകരം വാഹനങ്ങളിൽ ജിപിഎസ് മതിയാകും. 

 എക്സ്ട്രാ ന്യൂട്രൽ അൽക്കഹോൾ പരിശോധനയ്ക്ക് ഇപ്പോൾ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലാണ് ലാബുകളുള്ളത്. മദ്യത്തിന്റെ ഓരോ ബാച്ചും പരിശോധിക്കേണ്ടതിനാൽ കാലതാമസം ഉണ്ടാകുന്നു. കൂടുതൽ ടെസ്റ്റിങ് സെന്ററുകൾ പാലക്കാടും, തൃശൂരും, കോട്ടയത്തും ആരംഭിക്കണം. 

 മദ്യത്തിന് ഗുണം കിട്ടാൻ തടി വീപ്പകളിലാണ് സൂക്ഷിക്കുന്നത്. സ്പിരിറ്റ് നഷ്ടപ്പെടാൻ ഇതു കാരണമാകും. ഇതേക്കുറിച്ചു പഠിക്കണം. 

 എക്സൈസിന്റെ എല്ലാ സേവനങ്ങളും ഏകജാലക സംവിധാനത്തിലൂടെ നൽകണം.

English Summary:

Alcohol production and export will be encouraged

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com