ADVERTISEMENT

കുടുംബത്തിനു സ്ഥിരമായി ഒരു വരുമാനം, അതു മാത്രമായിരുന്നു നിസ മണികണ്ഠൻ എന്ന വീട്ടമ്മയുടെ ലക്ഷ്യം. പക്ഷേ, ഇന്ന് കുറച്ചുപേർക്കു തൊഴിൽ നൽകാൻ കഴിയുന്നു എന്ന സന്തോഷവും ആത്മസംതൃപ്തിയുംകൂടി നിസ നേടിയിരിക്കുന്നു. തൃശൂർ ജില്ലയിലെ ചിറ്റിശ്ശേരിയിൽ തുടങ്ങിയ എക്കോ ഗ്രീൻ ബാഗ്സ് എന്ന ഒരു ലഘു സംരംഭമാണ് അതിനു സഹായിച്ചത്.   

എന്താണ് ബിസിനസ് ?
ബിഗ്ഷോപ്പർ ബാഗുകളുടെ നിർമാണവും വിൽപനയുമാണ് പ്രധാന ബിസിനസ്. നൈലോൺ മെറ്റീരിയൽ ഉപയോഗിച്ച് 20 മുതൽ 60 രൂപവരെ വില വരുന്ന ബാഗുകളാണ് നിർമിക്കുന്നത്. വ്യത്യസ്ത വലുപ്പത്തിലും കളറിലും ഇതു ലഭ്യമാക്കുന്നു. സ്ഥിരമായി ചെയ്യുന്ന നൈലോൺ ബിഗ്ഷോപ്പർ ബാഗുകൾക്കു പുറമെ സീസണുകളിൽ സ്കൂൾ ബാഗുകളും നിർമിക്കുന്നു.  

എന്തുകൊണ്ട് ഈ ബാഗുകൾ?
ഒരു സ്വയംതൊഴിൽ കണ്ടെത്തണം, തൊഴിലിനൊപ്പം സ്ഥിര വരുമാനവും വേണം. അതിനു പറ്റിയ എന്തെങ്കിലും ഒന്ന്, ഏതായാലും തരക്കേടില്ല എന്നു കരുതിയിരിക്കുമ്പോഴാണ് കുടുംബശ്രീ‌വഴി മൂന്നു ദിവസത്തെ ബാഗ് നിർമാണ പരിശീലനം ലഭിക്കുന്നത്. അന്നു പരിശീലനം നേടിയ 30 പേരിൽ 5 പേർ മാത്രമാണ് സ്വന്തം സംരംഭം തുടങ്ങിയത്. അതിൽ ഒരാൾ നിസ ആയിരുന്നു.

ഒരു തയ്യൽ മെഷീനിൽ തുടക്കം 
ഒരു പഴയ തയ്യൽ മെഷീൻ വാങ്ങിയായിരുന്നു തുടക്കം. സ്വന്തമായി ഒരു ജോലി, അതിൽനിന്നൊരു വരുമാനം അതായിരുന്നു ലക്ഷ്യം. തുടക്കത്തിൽ ക്ലോത്ത് ബാഗുകളാണു നിർമിച്ചത്. നന്നായി വിൽപന നടക്കുന്നതിനിടെ കൊറോണ വന്നു, െപട്ടെന്നുതന്നെ കച്ചവടവും പൂട്ടി. എന്നാൽ നിരാശപ്പെട്ടിരുന്നില്ല. പകരം കൊറോണയെ അവസരമാക്കി മാസ്ക് നിർമിക്കാൻതുടങ്ങി. കുടുംബശ്രീ ബൾക്കായി മാസ്ക് വാങ്ങാൻ തുടങ്ങിയതോടെ മികച്ച വരുമാനം ലഭിച്ചു. കൊറോണ മാറിയപ്പോൾ മാസ്കിന്റെ ആവശ്യക്കാരും ഇല്ലാതെയായി. അങ്ങനെയാണ് ബിഗ്ഷോപ്പർ ബാഗ് പരീക്ഷിക്കുന്നത്. ജനറൽ സ്റ്റോഴ്സ്, സൂപ്പർമാർക്കറ്റ് എന്നിവിടങ്ങളിൽനിന്നു നല്ല ഓർ‌ഡർ ലഭിച്ചതോടെ അതൊരു അവസരമാക്കി. അങ്ങനെ മൂന്നു പുതിയ തയ്യൽ മെഷീനുകൾ  വാങ്ങി. നാലു തൊഴിലാളികളുമുണ്ട്. ഭർത്താവ് മണികണ്ഠനും ബിസിനസിൽ ശ്രദ്ധിക്കാൻ തുടങ്ങിയതോടെ ഇപ്പോൾ മികച്ച വരുമാനവും തൊഴിലുമായി മാറി ബിഗ്ഷോപ്പർ ബാഗ് നിർമാണം. 

ചിത്രം: മനോരമ സമ്പാദ്യം
ചിത്രം: മനോരമ സമ്പാദ്യം

3 ലക്ഷം രൂപയുടെ നിക്ഷേപം
15,000 രൂപ വിലവരുന്ന ഇൻഡസ്ട്രിയൽ സ്റ്റിച്ചിങ് മെഷീൻ പഴയതു വാങ്ങിക്കൊണ്ടായിരുന്നു തുടക്കം. ഇപ്പോൾ പുതിയ 3 മെഷീനുകൾ ഉൾപ്പെടെ ഒന്നരലക്ഷം രൂപയുടെ മെഷിനറികളും അത്രയും രൂപയുടെ മെറ്റീരിയലുകളും സ്റ്റോക്കുണ്ട്. വീട്ടിൽ പ്രത്യേകമായ ഒരു ഷെഡ് ഉണ്ടാക്കി അതിലാണ് സ്ഥാപനം പ്രവർത്തിക്കുന്നത്. നിസ പ്രൊഡക്‌ഷനിലും ഭർത്താവ് മണികണ്ഠൻ വിൽപനയിലും ശ്രദ്ധിക്കുന്നു. മക്കളായ പ്ലസ്ടുവിനു പഠിക്കുന്ന ആദിത്യയും പത്താം ക്ലാസിൽ പഠിക്കുന്ന ആർദ്രയും ഈ കുടുംബ ബിസിനസിൽ സഹായികളാണ്. 

നിർമാണരീതി ലളിതമാണ് 
∙നൈലോൺ ഷീറ്റ് റോളുകളായി വാങ്ങുന്നു.
∙ബാഗിന്റെ വലുപ്പത്തിനനുസരിച്ച് ഇതു കട്ട് ചെയ്യുന്നു. കൈകൊണ്ടാണ് കട്ടിങ്. മെഷീൻ ഉപയോഗിക്കുന്നില്ല.
∙ശേഷം സ്റ്റിച്ചിങ്, ഹാന്റിൽ തുന്നിച്ചേർക്കൽ എന്നിവ നടത്തുന്നു.
∙എണ്ണി തിട്ടപ്പെടുത്തി 50ന്റെ കെട്ടുകളാക്കി വിപണിയിൽ എത്തിക്കുന്നു.

ഷോപ്പുകളിൽ നേരിട്ടു വിൽപന
നൈലോൺ മെറ്റീരിയൽ ഉപയോഗിച്ചു നിർമിക്കുന്ന ബാഗുകൾക്കു വലിയ ഭാരം താങ്ങാൻ ശേഷിയുണ്ട്. ചലചരക്കു കടകൾ, സ്റ്റേഷനറി ഷോപ്പുകൾ, സൂപ്പർ മാർക്കറ്റുകൾ എന്നിവവഴി േനരിട്ടാണ് വിൽപന. ആവശ്യത്തിന് ഓർഡർ ലഭിക്കുന്നുണ്ടെങ്കിലും  ക്രെഡിറ്റ് വിൽപന വരുന്നു എന്നതാണ് ഒരു പ്രശ്നം.   ഏകദേശം 300ൽപരം ബാഗുകളാണ് പ്രതിദിന ഉൽപാദനം. 3 ലക്ഷം രൂപയുടെ വിൽപനയാണ് ശരാശരി നടക്കുന്നത്. 20% വരെയാണ് അറ്റാദായമായി ലഭിക്കുന്നത്.

പ്രതികൂലം
മെറ്റീരിയലുകൾ ക്രെഡിറ്റിൽ ലഭിക്കില്ല. വിൽപനയിൽ ക്രെഡിറ്റ് നൽകേണ്ടതായിവരുന്നു. 

അനുകൂലം
∙പ്ലാസ്റ്റിക് കിറ്റ് നിരോധനം കൂടുതൽ അവസരങ്ങൾ നൽകുന്നു.
∙വലിയ ഭാരം താങ്ങാവുന്നതാണ് ബാഗുകൾ.
∙കൈകാര്യം ചെയ്യാൻ എളുപ്പമാണ്.
∙സ്ഥിരം കസ്റ്റമേഴിനെ ലഭിക്കാൻ അവസരം.
∙പാലക്കാട്/ തൃശൂർ ഭാഗത്തുനിന്നു സുലഭമായി ലഭിക്കുന്ന അസംസ്കൃത വസ്തുക്കൾ.
∙തെറ്റില്ലാത്ത ലാഭവിഹിതം.

ചിത്രം: മനോരമ സമ്പാദ്യം
ചിത്രം: മനോരമ സമ്പാദ്യം

ഉൽപാദനം ഇരട്ടിയാക്കുക ലക്ഷ്യം
ഈ പദ്ധതിയുമായി മുന്നോട്ടുപോകാനാണ് നിസയുടെ തീരുമാനം. ഉൽപാദനം ഇരട്ടിയാക്കണം. പുതിയ തയ്യൽ മെഷീനുകൾ വാങ്ങി സ്ഥാപിക്കാനും   നാലു പേർക്കുകൂടി തൊഴിൽ ലഭ്യമാക്കാനും ഉദ്ദേശ്യമുണ്ട്. ഇതുവരെ വായ്പയ്ക്കായി ശ്രമിച്ചിട്ടില്ല. അതിനുള്ള ശ്രമവും തുടങ്ങിക്കഴിഞ്ഞു. സർക്കാർ സബ്സിഡിയോടെ വായ്പ ലഭ്യമാക്കി മുന്നേറാനാണ് ലക്ഷ്യമിടുന്നത്.  

പുതുസംരംഭകർക്ക് 
വളരെ കുറഞ്ഞ നിക്ഷേപത്തിൽ ചെയ്യാൻ കഴിയുന്ന ബിസിനസ് ആണ്. വീടുകളിൽത്തന്നെ ഇത്തരം ലഘുസംരംഭങ്ങൾ പ്ലാൻ ചെയ്യാം. സാമാന്യം തയ്യൽ അറിയാവുന്ന ആർക്കും ശോഭിക്കാം. ഒരു ലക്ഷം രൂപയുടെ നിക്ഷേപം മതി. തുടക്കത്തിൽ രണ്ടു ലക്ഷം രൂപയുടെ പ്രതിമാസ വിറ്റുവരവ് ലഭിച്ചാൽപോലും 40,000 രൂപയോളം അറ്റാദായമായി നേടാം.
(സംസ്ഥാന വാണിജ്യ വകുപ്പിൽ ഡപ്യൂട്ടി ഡയറക്ടറായി വിരമിച്ച വ്യക്തിയാണ് ലേഖകൻ)

English Summary:

MSME Success Story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com