ADVERTISEMENT

ഡിജിറ്റല്‍ പേയ്‌മെന്റ് സേവനത്തെ ജനകീയമാക്കിയ പേയ് ടിഎമ്മിനെതിരെ രാജ്യത്ത് ഇന്നേവരെ ഉണ്ടായിട്ടില്ലാത്ത വിധത്തിലുള്ള കടുത്ത നടപടിയാണ് ആര്‍.ബി.ഐ കൈക്കൊണ്ടിരിക്കുന്നത്. ഫെബ്രുവരി 29ന് ശേഷം പേയ്ടിഎം പേയ്‌മെന്റ് ബാങ്കിന്റെ അക്കൗണ്ട് ഉടമകള്‍ക്ക് എന്താണ് സംഭവിക്കുക. കരിക്ക് വില്‍പ്പനക്കാരുടെയും മീന്‍വില്‍പ്പനക്കാരുടെയുമൊക്കെ അടുത്തുവരെ കണ്ടിരുന്ന  ആ ക്യൂ ആര്‍ കോഡ് ബോര്‍ഡ് ഇനിയും കാണാന്‍ കഴിയുമോ? പേയ് ടിഎം ആപ് ഉപയോഗിക്കുന്നവരെ ആര്‍ബിഐ നിയന്ത്രണം ഏതെങ്കിലും രീതിയില്‍ ബാധിക്കുമോ? പേയ്ടിഎം വോലറ്റിലുള്ള തുകയ്ക്ക് എന്താണ് സംഭവിക്കുക. പേയ് ടിഎം ആപ്പിനെതിരെ നിലവില്‍ ആര്‍ബിഐ നിയന്ത്രണം ഉണ്ടോ. ഇത്തരത്തിലുള്ള നിരവധി സംശയങ്ങളാണ് ഇടപാടുകാരുടെ മനസില്‍ ഉയരുന്നത്. ഇതാ നിങ്ങളറിഞ്ഞിരിക്കേണ്ട അത്തരത്തിലുള്ള പൊതുവായ 12 ചോദ്യങ്ങളും അവയ്ക്കുള്ള ഉത്തരങ്ങളും.

1. പേയ് ടിഎം പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കപ്പെടുമോ?

പേയ്ടിഎമ്മിനെതിരായ നടപടികളെ ശക്തമായി ന്യായീകരിച്ചുകൊണ്ട് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ നേരിട്ട് രംഗത്തു വന്ന സ്ഥിതിക്ക് പ്രശ്‌നപരിഹാരം ആസന്നമല്ല. മാത്രമല്ല ഇതുസംബന്ധിച്ച് ജനങ്ങള്‍ക്കുള്ള സംശയങ്ങള്‍ ദൂരീകരിക്കാനായി അടുത്ത ആഴ്ച  ഇതുമായി ബന്ധപ്പെട്ട ചോദ്യോത്തരങ്ങള്‍ പ്രസിദ്ധീകരിക്കുവാനും ആര്‍ബിഐ തയ്യാറെടുക്കുന്നതില്‍ നിന്ന് വ്യക്തമാകുന്നത് ആര്‍ബിഐ കൂടുതല്‍ കടുത്ത നടപടികളിലേക്ക് കടന്നേക്കുമെന്നാണ്. ഫെബ്രുവരി 29 ന് ശേഷം പേയ്ടിഎം പേയ്‌മെന്റ് ബാങ്കിന്റെ ലൈസന്‍സ് തന്നെ റദ്ദാക്കപ്പെടുമോ എന്ന് ഉറ്റുനോക്കുകയാണ് ഈ രംഗത്തുള്ളവര്‍.

2. ഈ കടുത്ത നടപടിക്ക് കാരണം എന്താണ്

ചട്ടങ്ങള്‍ പാലിക്കുന്നതില്‍ തുടര്‍ച്ചയായുണ്ടായ വീഴ്ചയാണ് പേയ്ടിഎം പേയ്‌മെന്റ് ബാങ്കിനെതിരെയുണ്ടായ നടപടിക്ക് കാരണമെന്ന് റിസര്‍വ് ബാങ്ക് തന്നെ ചൂണ്ടിക്കാട്ടുന്നു. പേയ് ടിഎമ്മിന്റെ ഭാഗത്തുനിന്ന് ഉണ്ടായ വിഴ്ചയ്ക്ക് ആനുപാതികമായ നടപടികള്‍ മാത്രമാണ് സ്വീകരിച്ചിരിക്കുന്നത് എന്ന് ആര്‍ബിഐ വ്യക്തമാക്കുമ്പോള്‍ സന്ദേശം വളരെ വ്യക്തമാണ്. യഥാര്‍ത്ഥ കാരണങ്ങള്‍ ആര്‍ബിഐ പരസ്യപ്പെടുത്തിയിട്ടില്ല. ഇതൊരു സൂപ്പര്‍വൈസറി, റെഗുലേറ്ററി നടപടിയാണ്. തിരുത്തില്‍ നടപടികള്‍ സ്വീകരിക്കാന്‍ ആവശ്യത്തിലേറെ സമയം നല്‍കിയിരുന്നു. പക്ഷേ കമ്പനി തിരുത്തല്‍ വരുത്തിയില്ല. നിക്ഷേപകരുടെയും ഇടപാടുകാരുടെയും താല്‍പര്യങ്ങള്‍ സംരക്ഷിക്കാനാണ് നടപടി. അക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയാറല്ല. ആര്‍ബിഐയുടെ ഭാഗത്തുനിന്ന് വന്ന ഔദ്യോഗിക വിശദീകരണം ഇതാണ്.

Paytm-2-

3. പേയ്ടിഎമ്മിന്റെ ഭാഗത്തുനിന്നു വന്ന വീഴ്ചകള്‍ എന്തൊക്കെയാണ്?

കെവൈസി നടപടികൾ പാലിക്കാതിരിക്കല്‍, ഒറ്റ പാന്‍ നമ്പര്‍ ഉപയോഗിച്ച് ഒന്നിലേറെ അക്കൗണ്ടുകള്‍ തുറക്കല്‍, ഇവയില്‍ പലതും പിന്നീട് പ്രവര്‍ത്തന രഹിതമാകുക, മണി ലോണ്ടറിങ് ബിസിനസിന് സാഹചര്യമൊരുക്കുക തുടങ്ങിയ കുറ്റങ്ങളാണ് ആരോപിക്കപ്പെടുന്നത്. ഇതിന്റെ വസ്തുതകള്‍ എന്തൊക്കെയെന്ന് ആര്‍ബിഐ തന്നെ പിന്നീട് വിശദീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

4.പ്രശ്‌നം ഇത്രയും വഷളാകുന്നതു വരെ ആര്‍ബിഐ കാത്തുനിന്നത് എന്തിന്?

പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പെട്ടപ്പോള്‍ മുതല്‍ ആര്‍ബിഐ കര്‍ശനമായ നിര്‍ദേശങ്ങള്‍ നല്‍കിക്കൊണ്ടിരിക്കുകയായിരുന്നു എന്നാണ് വിവരങ്ങള്‍ വെളിപ്പെടുത്തുന്നത്. കെവൈസി നിയമം പാലിക്കാത്തതിന് 5.39 കോടി രൂപ ആര്‍ബിഐ പിഴയിട്ടിരുന്നു. 2022ല്‍ പുറത്തുള്ള ഒരു ഓഡിറ്റ് സ്ഥാപനത്തെക്കൊണ്ട് സിസ്റ്റം ഓഡിറ്റ് നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആര്‍ബിഐ ആവശ്യപ്പെട്ടിരുന്നു. ഈ റിപ്പോര്‍ട്ട് പരിശോധിച്ച ആര്‍ബിഐ പുതിയ ഇടപാടുകാരെ ചേര്‍ക്കുന്നത് 2022 മാര്‍ച്ചില്‍ വിലക്കി. എന്നാല്‍ ഓണ്‍ലൈനായി ചേര്‍ക്കാതെ ഓഫ് ലൈനായി പേയ്ടിഎം പുതുതായി ആളുകളെ ചേര്‍ത്തുകൊണ്ടിരുന്നു. ആര്‍ബിഐ പേയ്ടിഎമ്മിനെക്കുറിച്ച് വീണ്ടും സമഗ്രമായ സിസ്റ്റം ഓഡിറ്റും തുടര്‍ന്ന് കംപ്ലയന്‍സ് വാലിഡേഷനും പുറത്തുള്ള ഏജന്‍സിയെക്കൊണ്ട് നടത്തിച്ചശേഷമാണ് ഇപ്പോഴത്തെ കടുത്ത നടപടികള്‍ സ്വീകരിച്ചത്.

5. ആര്‍ബിഐ നല്‍കിയിരിക്കുന്ന നിര്‍ദേശം എന്താണ്?

ഫെബ്രുവരി 29ന്‌ ശേഷം പേയ് ടിഎം പേയ്മെന്റ് ബാങ്കിനെ നിക്ഷേപം സ്വീകരിക്കുന്നതില്‍ നിന്നും വായ്പ ഇടപാട് നടത്തുന്നതില്‍ നിന്നും  ടോപ് അപ് ചെയ്യുന്നതില്‍ നിന്നും വാലറ്റുകള്‍ റീചാര്‍ജ് ചെയ്യുന്നതില്‍ നിന്നും വിലക്കിയിരിക്കുകയാണ്. ഇടപാടുകാര്‍ക്ക് അവരുടെ പേയ് ടിഎം അക്കൗണ്ടിലുള്ള ബാലന്‍സ് തുക തീരുന്നതുവരെ ഉപയോഗിക്കാം. അതുകഴിഞ്ഞാല്‍ റീ ചാര്‍ജ് ചെയ്യാന്‍ കഴിയില്ല. അതുവഴിയുള്ള ഒരിടപാടും നടത്താന്‍ കഴിയില്ല. പേയ്ടിഎമ്മിന്റെ ഫാസ്ടാഗ്, നാഷണല്‍ കോമണ്‍ മൊബിലിറ്റി കാര്‍ഡ്‌സ് തുടങ്ങിയവയ്ക്കും നിരോധനം ബാധകമാണ്. അതുപൊലെ ഐഎംപിഎസ്, ബില്‍ പേയ്‌മെന്റ്‌സ്, യുപിഐ തുടങ്ങിയ ബാങ്കിങ് സേവനം നല്‍കുന്നതില്‍ നിന്നും വിലക്കുണ്ട്. പേയ്ടിഎം പേയ്‌മെന്റ് സര്‍വീസസ് എന്ന മാതൃകമ്പനിയുടെ നോഡല്‍ അക്കൗണ്ടുകള്‍ എത്രയും വേഗം റദ്ദാക്കാനും നിര്‍ദേശമുണ്ട്.

Paytm-2

 6. ഇടപാടുകാരെയും പേയ്ടിഎമ്മിനെയും എങ്ങനെ ബാധിക്കും?

പേയ്ടിഎം പേയ്‌മെന്റ് ബാങ്കില്‍ അക്കൗണ്ടുള്ളവര്‍ക്ക് ആ അക്കൗണ്ട് ഉപയോഗിച്ച് മാര്‍ച്ച് ഒന്നുമുതല്‍ ഇടപാട് നടത്താന്‍ കഴിയില്ല.

ഈ സാഹചര്യത്തില്‍ പേയ്ടിഎമ്മിന് അതിന്റെ ഇടപാടുകാരെ വലിയ തോതില്‍ നഷ്ടമാകും. ബിസിനസിനെയും ലാഭത്തെയും ദോഷകരമായി ബാധിക്കും. പേയ് ടിമ്മിന് നല്‍കിയിരുന്ന പ്രീ പെയ്ഡ് ലൈസന്‍സ് പിന്‍വലിച്ചതിന് സമാനമാണ് ഇപ്പോഴത്തെ നിര്‍ദേശങ്ങള്‍.വരുമാനത്തില്‍ 400 മുതല്‍ 550 കോടിയുടെ വരെ നഷ്ടമുണ്ടായേക്കാമെന്നാണ് പ്രാരംഭ കണക്ക്. യഥാര്‍ത്ഥ നഷ്ടം അതിനേക്കാള്‍ വളരെ കൂടുതലായിരിക്കും എന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍.

7. പ്രതിസന്ധി പരിഹരിക്കാന്‍ എന്തുചെയ്യും?

നിരോധനം പേയ്ടിഎം പേയ്‌മെന്റ് ബാങ്കുമായി ബന്ധപ്പെട്ടാണ്. അതുകൊണ്ട് മറ്റുബാങ്കുകളുമായി ചേര്‍ന്ന് പേയ്ടിഎം സേവനം തുടരാനുള്ള സാധ്യതകളാണ് കമ്പനി പരിശോധിക്കുന്നത്. ഇതിനായി ഒരു പാര്‍ട്ണര്‍ ബാങ്കിനെ കണ്ടെത്താനുള്ള ശ്രമത്തിലണ്. അതിനുശേഷം പേയ്ടിഎം അക്കൗണ്ടുകളെല്ലാം ആ ബാങ്കിലേക്ക് മൈഗ്രേറ്റ് ചെയ്യിക്കും. പക്ഷേ ഇതിനെല്ലാം സമയം ആവശ്യമാണ്. പേയ്ടിഎം സ്ഥാപകനും സിഇഒയുമായ വിജയ് ശേഖര്‍ ശര്‍മ ആര്‍ബി ഐ ഉന്നതരും ധനകാര്യമന്ത്രിയുമായി ചര്‍ച്ചനടത്തി ബാങ്കിന്റെ നിലപാട് അറിയിച്ചിട്ടുണ്ട്. ആര്‍ബിഐയുമായി ചര്‍ച്ചചെയ്ത് നോണ്‍ കംപ്ലയിന്‍സ് ഇഷ്യു പരിഹരിക്കാനാണ് മന്ത്രി നിര്‍ദേശിച്ചത് എന്നറിയുന്നു.

8. പേയ്ടിഎം ആപ്പും പേയ്ടിഎം പേയ്‌മെന്റ് ബാങ്കും. എന്തൊക്കെയാണ് വ്യത്യാസം?

വൈവിധ്യമാര്‍ന്ന ഡിജിറ്റല്‍ സേവനം നല്‍കുന്ന ആപ് ആണ് പേയ്ടിഎം ആപ്. ഇത്തരത്തിലുള്ള ആപ് ഉപയോഗിക്കുന്നവര്‍ക്ക് പേയ്‌മെന്റ് നടത്താന്‍ വിവിധ ധനകാര്യസ്ഥാപനങ്ങളുടെ അക്കൗണ്ടുകള്‍ ഉപയോഗിക്കാം. എന്നാല്‍ അവര്‍ക്ക് സ്വന്തം അക്കൗണ്ടുകള്‍ ഓഫര്‍ ചെയ്യാനാണ് കമ്പനി പേയ്‌മെന്റ് ബാങ്ക് തുടങ്ങി അക്കൗണ്ടുകള്‍ ഇടപാടുകാര്‍ക്ക് നല്‍കിത്തുതടങ്ങിയത്. ആ പേയ്‌മെന്റ് ബാങ്കിനെതിരെയാണ് ആര്‍ബിഐ ഇപ്പോള്‍ നടപടി എടുത്തിരിക്കുന്നത്. അതുകൊണ്ട് പേയ്ടിഎം ആപ്പിന്റെ പ്രവര്‍ത്തനത്തില്‍ തടസമില്ല. ഇപ്പോഴത്തെ നടപടി പേയ്ടി എം ആപ്പിനെതിരെയല്ല. പേയ്ടിഎം പേയ്മെന്റ് ബാങ്കിനെതിരെ മാത്രമാണ് എന്ന് പേയ്ടിഎം പറയുന്നു  

പേയ്ടിഎം കമ്പനിയുടെ പേയ്‌മെന്റ് ബാങ്ക് സബ്‌സിഡിയറി ആണ് പേയ്ടിഎം പേയ്മെന്റ് ബാങ്ക്.  പേയ്ടിഎം ആപ്പിന്റെ പ്രവര്‍ത്തനത്തില്‍ ഒരു തടസവുമില്ല. മറ്റുബാങ്കുകളുമായി ചേര്‍ന്ന് സേവനം തുടരാനാണ് പരിപാടി.

9. പേയ്ടിഎം ഉപയോക്താക്കള്‍ ഇനി എന്തുചെയ്യണം?

ഇടപാടുകാര്‍ക്ക് സേവിങ്സ്, കറന്റ് അക്കൗണ്ടുകളില്‍ നിന്നും പ്രീപേയ്ഡ് ഇന്‍സ്ട്രമെന്റുകളില്‍ നിന്നും ഫാസ്റ്റാടാഗ് , നാഷണല്‍ കോമണ്‍ മൊബിലിറ്രി കാര്‍ഡുകളില്‍നിന്നും പണം പിന്‍വലിക്കുതില്‍ ഫെബ്രുവരി 29 വരെ തടസമില്ല.

10.പേയ്ടിഎം പ്രതിസന്ധി അതിജീവിക്കുമോ

ബാങ്കിംഗ് സേവന മേഖലയിലെ വലിയ ആഗ്രഹങ്ങള്‍ക്ക് ഇത് പേയ് ടിമ്മിന് കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. പേയ്ടിഎമ്മിലുള്ള വിശ്വാസം ആര്‍ബിഐയ്ക്ക് നഷട്‌പ്പെട്ടിരിക്കുന്നു. പേയ്‌മെന്റ് ബാങ്കായതുകൊണ്ട് പേയ്ടിമ്മിന് ആളുകള്‍ക്ക് വായ്പ നല്‍കാന്‍ കഴിയുമായിരുന്നില്ല. എന്നാല്‍ വായ്പ നല്‍കാന്‍ അനുമതിയുള്ള ബാങ്കിങ്, ധനകാര്യ സ്ഥാപനങ്ങളുമായി ചേര്‍ന്ന് പേയ്ടിഎം വായ്പ ഇടപാടുകാര്‍ക്ക് നല്‍കിയിരുന്നു. ഇതില്‍ നിന്ന് കമ്മീഷനും ലഭിച്ചിരുന്നു. അത്തരം സ്ഥാപനങ്ങള്‍ പേയ്ടിഎമ്മുമായി തുടര്‍ന്നു സഹകരിക്കുമോ എന്നത് സംശയമാണ്.

11. ഒറ്റമാസം കൊണ്ട് ഇടപാടുകള്‍ ക്ലോസ് ചെയ്യാനുള്ള പണം എത്തിക്കാന്‍ പേയ്ടിമ്മിന് കഴിയുമോ?

പേയ്ടിഎം ബാങ്ക് അക്കൗണ്ടുകളിലും വാലറ്റുകളിലുമായി 4200 കോടിയോളം രൂപയുണ്ടെന്നാണ് ബാങ്കിങ് അനലിസ്റ്റുകള്‍ വിലയിരുത്തുന്നത്. അത് ഫെബ്രുവരി 29നകം ഉപയോഗിച്ച് തീര്‍ക്കാനോ പിന്‍വലിക്കാനോ ആണ് ആര്‍.ബി.ഐ ആവശ്യപ്പെടുന്നത്. ഇത്രയും തുക ഈ ചുരുങ്ങിയ സമയത്തിനുള്ളില്‍ എത്തിച്ച് നിക്ഷേപകരുടെ താല്‍പര്യം സംരക്ഷിക്കാന്‍ പേയ് ടിമ്മിന് കഴിയുമോ എന്നതാണ് വലിയ ചോദ്യം.

12. പേയ്ടിഎം ബാങ്കില്‍ അക്കൗണ്ട് എടുത്തിട്ടുള്ള കച്ചവടക്കാരുടെ സ്ഥിതി എന്താകും?

ഏറ്റവും ഒടുവിലത്തെ കണക്ക് അനുസരിച്ച് 3.93 കോടിയോളം കച്ചവടക്കാരാണ്  പേയ്ടിഎമ്മിലുള്ളത് എന്നാണ് റിപ്പോര്‍ട്ട്.  ഇവര്‍ക്ക് പേയ്ടിഎം ക്യൂ ആര്‍ കോര്‍ഡ് പതിച്ച പോസ്റ്റര്‍ നല്‍കി പേയ്‌മെന്റ് സ്വീകരിക്കാന്‍ അവസരം നല്‍കുന്നു. ഒപ്പം ക്യൂആര്‍ കോഡ് പതിപ്പിച്ച സൗണ്ട് ബോക്‌സും നല്‍കുന്നു. പേയ്‌മെന്റ് ലഭിക്കുമ്പോള്‍ അനൗണ്‍സ്‌മെന്റും കേള്‍ക്കാം. കച്ചവടക്കാരന്റെ പേരിലുള്ള ബാങ്ക് അക്കൗണ്ട് പേയ് ടിഎമ്മുമായി ലിങ്ക് ചെയ്താണ് ഇത് സാധിക്കുന്നത്. ഭൂരിഭാഗം കച്ചവടക്കാരും ഇതിനായി അക്കൗണ്ട് എടുത്തിരിക്കുന്നത് പേയ്ടിഎം പേയ്‌മെന്റ് ബാങ്കില്‍ നിന്നാണ്. അതൊന്നും ഇനി മാര്‍ച്ച് ഒന്നുമുതല്‍ പ്രവര്‍ത്തിക്കില്ല. ഇവര്‍ക്ക് പേയ്ടിഎം ആപ് വഴി പേയ്‌മെന്റ് സ്വീകരിക്കണമെങ്കില്‍ പേയ്ടിഎം പേയ്‌മെന്റ് ബാങ്ക് അക്കൗണ്ട്  മറ്റൊരു ബാങ്കിന്റെ അക്കൗണ്ടിലേക്ക് മാറ്റണം. ഇതിന് സമയം എടുക്കും. വ്യാപരികള്‍ക്ക് അതുവരെ കാത്തിരിക്കാം. അല്ലെങ്കില്‍ പേയ്ടിഎമ്മിന്റെ എതിരാളികളായ ഫോണ്‍ പേ, ഭാരത് പേ, റേസര്‍ പേ പോലുള്ള ആപുകളിലേക്ക് മാറാം.

(പെഴ്‌സണല്‍ ഫിനാന്‍സ് അനലിസ്റ്റും എന്‍ട്രപ്രണര്‍ഷിപ്പ് മെന്ററുമാണ് ലേഖകന്‍. ഇ മെയ്ല്‍ jayakumarkk8@gmail.com)

English Summary:

Doubts Regarding Paytm Crisis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com