ADVERTISEMENT

കൊച്ചി∙ ഒഡീഷയിലെ ഗോപാൽപുർ തുറമുഖം കൂടി ഏറ്റെടുത്തതോടെ അദാനി ഗ്രൂപ്പിന് വിഴിഞ്ഞം ഉൾപ്പെടെ ഇന്ത്യയിലാകെ 14 തുറമുഖങ്ങൾ. ഇസ്രയേലിലെ ഹൈഫ പോർട്ടും കൊളംബോ തുറമുഖത്തെ ഒരു ടെർമിനലും പുറമെയുണ്ട്. 16 തുറമുഖങ്ങൾ ഒരുമിച്ചു നടത്തുന്ന വ്യവസായ ഗ്രൂപ്പ് ലോകത്തു വേറെയില്ലെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇവയ്ക്കു പുറമെ ആഫ്രിക്കയിലും, ഇന്തൊനീഷ്യയിലും തുറമുഖങ്ങൾ ഏറ്റെടുക്കാൻ ചർച്ച നടക്കുന്നുണ്ട്.

ഒഡീഷയിൽ എസ്പി ഗ്രൂപ്പും ഒഡീഷ സ്റ്റീവ്ഡോർസ് ലിമിറ്റഡും പങ്കാളികളായി നടത്തിയിരുന്ന ഗോപാൽപുർ പോർട്ട് ലിമിറ്റഡിന്റെ (ജിപിഎൽ) 95% ഓഹരികൾ 3080 കോടി രൂപയ്ക്ക് ഏറ്റെടുക്കാനാണ് കഴിഞ്ഞ ദിവസം കരാറായത്. 

തുറമുഖത്തോടു ചേർന്നു പ്രത്യേക സാമ്പത്തിക മേഖലയും ഉണ്ടെന്നതിനാൽ അദാനി പോർട്സ് ആൻഡ് സ്പെഷൽ ഇക്കണോമിക് സോൺ ലിമിറ്റഡ് (എപിഎസ്ഇസെഡ്) കമ്പനിയാണ് കരാർ ഒപ്പിട്ടത്. 500 ഏക്കർ ഭൂമിയും ലഭിക്കും. വർഷം 2 കോടി ടണ്ണാണ് (20 എംഎംപിടിഎ) ഗോപാൽപുർ തുറമുഖത്തിന്റെ ശേഷി.

ഒഡീഷ തീരത്തുള്ള ഇരുമ്പയിര്, അലുമിനിയം, കൽക്കരി തുടങ്ങിയ ധാതുക്കളുടെ കയറ്റുമതിക്കാണ് തുറമുഖം പ്രധാനമായും പ്രയോജനപ്പെടുക. ഈ ധാതുക്കൾ ആദ്യം വിഴിഞ്ഞം തുറമുഖത്ത് (മദർ പോർട്ട്) എത്തിച്ച് അവിടെ നിന്ന് വലിയ കണ്ടെയ്നർ കപ്പലുകളിൽ കയറ്റി അയയ്ക്കാനാണ് ഉദ്ദേശിക്കുന്നത്. ചൈന–യൂറോപ്പ് സമുദ്രപാതയ്ക്ക് അടുത്താണ് വിഴിഞ്ഞം എന്നതാണ് കാരണം.

ബംഗാൾ ഉൾക്കടൽ തീരത്ത് 6 തുറമുഖങ്ങളും അറബിക്കടൽ തീരത്ത് 7 തുറമുഖങ്ങളും അദാനിക്കുണ്ട്. ഒ‍ഡീഷയിൽ തന്നെ അദാനി ഏറ്റെടുക്കുന്ന രണ്ടാത്തെ തുറമുഖമാണിത്. ദാംറ ആദ്യത്തേത്. ആന്ധ്രയിൽ 2– ഗംഗാവരം, കൃഷ്ണപട്ടണം. തമിഴ്നാട്ടിൽ 2–കാട്ടുപ്പള്ളിയും എണ്ണൂരും. പോണ്ടിച്ചേരിയിൽ കാരയ്ക്കൽ.

അറബിക്കടൽ തീരത്ത്– 1. വിഴിഞ്ഞം. 2.മർമഗോവ. 3. ഡിഗി (മഹാരാഷ്ട്ര), 4. ഹാസിറ 5. ദഹേജ്. 6.ട്യൂണ 7.മുന്ധ്ര. (നാലും ഗുജറാത്തിൽ). ഇവയിൽ ട്യൂണയിലും എണ്ണൂരും ഓരോ ടെർമിനൽ വീതമാണ് അദാനി പോർട്സ് നടത്തുന്നത്.

English Summary:

Adani Group handles 14 ports

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com