ADVERTISEMENT

കൊച്ചി ∙ പുതിയ സാമ്പത്തിക വർഷത്തെ ആദ്യ വായ്പാ നയ പ്രഖ്യാപനത്തിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) നിരക്കിളവ് ഉൾപ്പെടുത്താനുള്ള സാധ്യതയില്ലെന്നാണു സാമ്പത്തിക നിരീക്ഷകരുടെ പൊതുവായ അനുമാനം. അതേസമയം, തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ അതിശയ തീരുമാനമുണ്ടായാൽ അത്ഭുതമില്ലെന്നു കരുതുന്നവരുമുണ്ട്. ആറംഗ നയ നിർണയ സമിതി (എംപിസി) യുടെ ത്രിദിന യോഗം നാളെ ആരംഭിക്കുകയാണ്. വെള്ളിയാഴ്ചയാണു വ്യവസായ, വാണിജ്യ മേഖലകളും ഓഹരി, കടപ്പത്ര വിപണികളും മാത്രമല്ല കടബാധ്യതയുള്ള ജനങ്ങളും കാത്തിരിക്കുന്ന നയ പ്രഖ്യാപനം.

ആർബിഐയിൽനിന്നു വാണിജ്യ ബാങ്കുകൾ വാങ്ങുന്ന ഹ്രസ്വകാല വായ്പ (റീപ്പോ) യുടെ നിരക്ക് 2022 മേയ് – 2023 ഫെബ്രുവരി കാലയളവിൽ 2.5% വർധിപ്പിച്ച് 6.5 ശതമാനത്തിലെത്തിച്ച ശേഷം ആറു തവണ സമിതി യോഗം ചേർന്നെങ്കിലും നിരക്കിളവിനു സമയമായിട്ടില്ലെന്ന നിഗമനത്തിലെത്തുകയാണുണ്ടായത്. ഈ പശ്ചാത്തലത്തിലാണ് ഈ സാമ്പത്തിക വർഷത്തെ ആദ്യ യോഗം.

നിരക്കിളവിന്റെ ആദ്യ പ്രഖ്യാപനം ഓഗസ്റ്റിൽ പ്രതീക്ഷിച്ചാൽ മതിയെന്നാണു നിരീക്ഷകരുടെ പൊതുവായ അഭിപ്രായം. അതിനുള്ള കാരണങ്ങൾ ഇവയാണ്:

1.സാമ്പത്തിക വളർച്ചയുടെ സ്ഥിരത ഉറപ്പാക്കാൻ ആർബിഐക്കു സാവകാശം ലഭിക്കും.

2.പണപ്പെരുപ്പ നിരക്കിന്റെ അളവു മെച്ചപ്പെടാം.

3.തെക്കു പടിഞ്ഞാറൻ കാലവർഷത്തിന്റെ തോതു ബോധ്യപ്പെടാം.

4.പലിശയിളവു  സംബന്ധിച്ചു യുഎസ് ഫെഡറൽ റിസർവ് കൈക്കൊള്ളുന്ന തീരുമാനം അറിയാം. ഈ വർഷം മൂന്നു തവണ പലിശ കുറയ്ക്കാനായേക്കുമെന്നാണു ഫെഡ് റിസർവിൽനിന്നുള്ള സൂചനകൾ. ആതിൽ ആദ്യത്തേതു ജൂണിലായിരിക്കുമെന്നാണു കരുതുന്നത്.

എന്തുകൊണ്ട് അതിശയ പ്രഖ്യാപനം വരാം ?

ഉപഭോക്തൃ വിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്ക് ജനുവരിയിൽ 5.1 ശതമാനമായിരുന്നതു ഫെബ്രുവരിയിൽ 5.09 ശതമാനത്തിലേക്ക് ഉയർന്നെങ്കിലും ഇത് ആർബിഐയുടെ 2 – 6 എന്ന സഹന നിലവാരത്തിനുള്ളിലാണ്. അതുകൊണ്ടാണു നിരക്കിളവ് അതിശയ പ്രഖ്യാപനമായി സംഭവിച്ചേക്കുമെന്നു ചില നിരീക്ഷകരെങ്കിലും കരുതുന്നത്. 

നിലവിലെ നിരക്കുകൾ തുടർന്നുകൊണ്ടുപോകുന്നതിനോടു ഫെബ്രുവരി യോഗത്തിൽ എല്ലാ അംഗങ്ങളും യോജിച്ചില്ലെന്നതും ശ്രദ്ധേയം. വിയോജിച്ച ഏക അംഗം നിരക്കു കുറയ്ക്കണമെന്ന നിർദേശമാണു മുന്നോട്ടുവച്ചത്. ഈ ആവശ്യം ആറംഗ സമിതിയിലെ കൂടുതൽ അംഗങ്ങൾ നാളത്തെ യോഗത്തിൽ ഉന്നയിച്ചേക്കാനും സാധ്യത ഇല്ലാതില്ല.

English Summary:

RBI interest rate

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com