ADVERTISEMENT

ഒരിക്കൽക്കൂടി റെക്കോർഡ് തിരുത്തിക്കുറിച്ച് ഓഹരി വിപണി. ഇത്തവണ വിപണിക്ക് ആവേശം പകർന്നതു പുതിയ സാമ്പത്തിക വർഷം സംബന്ധിച്ച പ്രതീക്ഷകളാണ്. ആ പ്രതീക്ഷകളിൽ ആദ്യത്തേതിനുള്ള കാത്തിരിപ്പാകട്ടെ ഇത്തിരി നേരത്തേക്കു മാത്രമേ വേണ്ടൂ. കോർപറേറ്റ് മേഖലയിൽനിന്നുള്ള ലാഭനഷ്ടക്കണക്കുകൾ അടുത്ത ആഴ്ചയോടെ വിപണിയിലേക്കു പ്രവഹിച്ചുതുടങ്ങും. ഐടി ഉൾപ്പെടെ വളരെ കുറച്ചു വ്യവസായ മേഖലകളിൽനിന്നുള്ള പ്രവർത്തനഫല പ്രഖ്യാപനങ്ങളിൽ മാത്രമാണു വിപണിക്കു വലിയ പ്രതീക്ഷയില്ലാത്തത്.

പ്രതീക്ഷകൾ സഫലമാകാമെങ്കിലും വിപണിയെ അസ്വസ്ഥമാക്കുന്ന ചില സാമ്പത്തിക സാഹചര്യങ്ങൾ അവഗണിക്കാനാവില്ല. രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണ വില വർധിക്കുന്നതാണ് അവയിലൊന്ന്. വില 90 യുഎസ് ഡോളറിനു മുകളിലേക്ക് എത്തിക്കഴിഞ്ഞു. 

രാജ്യത്തിന് ഏറ്റവും കൂടുതൽ വിദേശനാണ്യം ചെലവിടേണ്ടിവരുന്നത് എണ്ണ ഇറക്കുമതിക്കാണെന്നിരിക്കെ ഇനിയുള്ള നേരിയ വിലക്കയറ്റം പോലും ബാധ്യത വർധിപ്പിക്കും. പരമാവധി സഹന പരിധി 80 ഡോളറാണെന്ന അഭിപ്രായമാണു സാമ്പത്തിക നിരീക്ഷകർക്കുള്ളത്. 

ഡോളറുമായുള്ള വിനിമയത്തിൽ രൂപ നേരിടുന്ന വിലയിടിവാണ് അസ്വസ്ഥത ജനിപ്പിക്കുന്ന മറ്റൊരു സാമ്പത്തിക സാഹചര്യം. രൂപയുടെ നിലവാരം ഇപ്പോൾ സർവകാല താഴ്ചയിലാണ്.

സുസ്ഥിരതയിലെ പ്രതീക്ഷ
പ്രതികൂല സാഹചര്യങ്ങൾക്കിടയിലും പ്രതീക്ഷകൾക്കു വകയുണ്ടെന്നു വിശ്വസിക്കാനാണു വിപണിക്ക് ഇഷ്ടം. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഊന്നൽ നൽകുന്നത് ആഗോളതലത്തിലുള്ള വെല്ലുവിളികൾക്കിടയിലും രാജ്യത്തിന്റെ സാമ്പത്തിക സുസ്ഥിരതയും വളർച്ചയും ഉറപ്പാക്കാൻ സഹായകമായ പണ, വായ്പ നയത്തിനാണല്ലോ. മറ്റു പല കേന്ദ്ര ബാങ്കുകളും സാമ്പത്തിക പ്രതിസന്ധികൾക്കു മുന്നിൽ പതറുമ്പോഴാണ് ആർബിഐയുടെ മാതൃകാപരമായ നിലപാട്. ആർബിഐ നിലപാടിൽ മാത്രമല്ല സാമ്പത്തിക പരിഷ്കാരങ്ങളുടെ സുസ്ഥിരത ഉറപ്പാക്കുന്ന രാഷ്ട്രീയ കാലാവസ്ഥയുടെ തുടർച്ചയും വിപണി പ്രതീക്ഷിക്കുന്നു. തെക്കുപടിഞ്ഞാറൻ കാലവർഷത്തിന്റെ അളവു വളരെ മെച്ചപ്പെട്ടതായിരിക്കുമെന്ന അനുമാനം ഗ്രാമീണ സമ്പദ്‌വ്യവസ്ഥയുടെ വളർച്ച സാധ്യതകൾ സൂചിപ്പിക്കുന്നുമുണ്ട്.

അടിയൊഴുക്ക് അനുകൂലം
കടന്നുപോയ വ്യാപാരവാരം അവസാനിക്കുമ്പോൾ നിഫ്റ്റിയിൽ രേഖപ്പെടുത്തിയത് 22,513.70 പോയിന്റാണ്. അനിശ്ചിതത്വത്തിന്റെ അന്തരീക്ഷമാണെങ്കിലും അനുകൂല സാഹചര്യങ്ങളുടേതാണു വിപണിയിലെ അടിയൊഴുക്കെന്നു കരുതുന്നു. 22,200 – 22,100 നിലവാരത്തിലേക്കു നിഫ്റ്റി തിരിച്ചുപോയെന്നുവരാമെങ്കിലും 22,700 – 22,800 പോയിന്റിലേക്കുള്ള മുന്നേറ്റത്തിനാണു സാധ്യത കൂടുതൽ. നഷ്ടസാധ്യതകൾ നന്നായി ബോധ്യപ്പെട്ടുകൊണ്ടുള്ള ഇടപാടുകളായിരിക്കും ഈ അവസരത്തിൽ നിക്ഷേപകർക്ക് അഭിലഷണീയം.

വ്യാപാരം നാല് ദിവസം മാത്രം
ഓഹരി വിപണിയിൽ ഈ ആഴ്ച വ്യാപാരം നാലു ദിവസം മാത്രമായിരിക്കും. വ്യാഴാഴ്ച ഈദുൽ ഫിത്ർ പ്രമാണിച്ചുള്ള അവധിദിനമാണ്.

ആദ്യ കണക്കുകൾ ടിസിഎസിൽനിന്ന്
കോർപറേറ്റ് മേഖലയിൽനിന്നുള്ള കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ അവസാന പാദത്തിലെ പ്രവർത്തനഫല പ്രഖ്യാപനങ്ങളിൽ ആദ്യത്തേതു പ്രമുഖ ഐടി കമ്പനിയായ ടിസിഎസിൽനിന്നാണ്. ഫലം പരിഗണിക്കാൻ ടിസിഎസിന്റെ ബോർഡ് ഓഫ് ഡയറക്ടേഴ്സ് 12നു യോഗം ചേരും. ഇൻഫോസിസ്, ബജാജ് ഓട്ടോ, എച്ച്ഡിഎഫ്സി ബാങ്ക്, ബജാജ് ഫിനാൻസ്, ടെക് മഹീന്ദ്ര, യെസ് ബാങ്ക്, മാരുതി, എച്ച്സിഎൽ ടെക്നോളജീസ്, ഐസിഐസിഐ ബാങ്ക്, അൾട്രാടെക് സിമന്റ്, എക്സൈഡ് ഇൻഡസ്ട്രീസ് തുടങ്ങി മുൻനിര കമ്പനികളിൽ പലതും തുടർന്നുള്ള ദിവസങ്ങളിൽ പ്രവർത്തന ഫല പ്രഖ്യാപനം നടത്തുന്നുണ്ട്.

English Summary:

Market preview

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com