ADVERTISEMENT

തിരുവനന്തപുരം∙ രാജ്യത്തെ ഏറ്റവും ആഴമുള്ള ട്രാൻസ്ഷിപ്മെന്റ് തുറമുഖം എന്നു വിശേഷിപ്പിക്കാവുന്ന വിഴിഞ്ഞം രാജ്യാന്തര തുറമുഖം ഓണസമ്മാനമായി സെപ്റ്റംബറിൽ വാണിജ്യ പ്രവർത്തനം തുടങ്ങാൻ ആലോചിക്കുമ്പോഴും സർക്കാർ ഒരുക്കേണ്ട അടിസ്ഥാന സൗകര്യങ്ങൾ പൂർത്തിയായിട്ടില്ല. കണ്ടെയ്നർ നീക്കത്തിനുള്ള റോഡ്, റെയിൽ ഗതാഗത സൗകര്യമാണ് ഇതിൽ പ്രധാനം. പുലിമുട്ട് പൂർത്തിയായതായി തുറമുഖ മന്ത്രി  കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. എന്നാൽ പുലിമുട്ട് നിർമാണത്തിനുൾപ്പെടെ സർക്കാർ നൽകേണ്ട തുക പലതും നൽകിയിട്ടില്ല. പദ്ധതിക്കു പണം കണ്ടെത്താൻ ഹ‍‍‍ഡ്കോ വായ്പയ്ക്കായി വിഴിഞ്ഞം ഇന്റർനാഷനൽ സീ പോർട്ട് ലിമിറ്റഡ് (വിസിൽ) നടത്തിവന്ന പരിശ്രമം ഏതാണ്ടു വിജയത്തിലെത്തിയെന്നതു മാത്രമാണ് ആശ്വാസം. 3600 കോടി വായ്പ നൽകാൻ ഹഡ്കോ വച്ച നിബന്ധനകൾക്കു വൈകാതെ ധനവകുപ്പ് അംഗീകാരം നൽകിയേക്കും. 

∙ കണക്ടിവിറ്റി റോഡും ജംക്‌ഷനും വരണം

തുറമുഖത്തു നിന്ന് 1.7 കിലോമീറ്റർ ദൈർഘ്യമുള്ള നാലുവരി കണക്ടിവിറ്റി റോഡാണ് ദേശീയപാതയും നിർദിഷ്ട ഔട്ടർ റിങ് റോഡും ചേരുന്ന ഭാഗത്തേക്കു നിർമിക്കേണ്ടത്. ഒരു കിലോമീറ്ററിലേറെ ബാക്കിയുണ്ട്. കണക്ടിവിറ്റി റോഡിനെ ദേശീയപാതയും നിർദിഷ്ട ഔട്ടർ റിങ് റോഡുമായി ബന്ധിപ്പിക്കുന്ന സിഗ്നൽ രഹിത ജംക്‌ഷന്റെ നിർമാണം തുടങ്ങാനായിട്ടില്ല. തുറമുഖത്തേക്കുള്ള അപ്രോച്ച് റോഡ് ഉപയോഗപ്പെടുത്തിയും ദേശീയപാതയുടെ മീഡിയനിൽ മാറ്റം വരുത്തിയും ഗതാഗതം സാധ്യമാക്കുന്ന താൽക്കാലിക സംവിധാനമൊരുക്കാനാണ് ഇപ്പോൾ ആലോചന. രൂപരേഖ ദേശീയപാത  അതോറിറ്റിക്കു നൽകിയെങ്കിലും അംഗീകാരമായിട്ടില്ല. കപ്പലടുപ്പിക്കാൻ അദാനി പോർട്സ് നിർമിക്കേണ്ട 800 മീറ്റർ ബർത്തിൽ 150 മീറ്ററും ശേഷിക്കുന്നു. 

∙ റെയിൽ പാത  ഡിപിആർ അംഗീകരിക്കണം

ചരക്കു നീക്കത്തിന് 10.76 കിലോമീറ്ററിൽ ബാലരാമപുരം–വിഴിഞ്ഞം ഭൂഗർഭ റെയിൽപാതയുടെ ഡിപിആർ തയാറായെങ്കിലും സംസ്ഥാന സർക്കാർ അംഗീകാരം നൽകിയിട്ടില്ല. 6.431 ഹെക്ടർ പാതയാണു നിർമിക്കേണ്ടത്. തൽക്കാലം നേമത്തോ, ബാലരാമപുരത്തോ കണക്ടിങ് കണ്ടെയ്നർ ഡിപ്പോ നിർമിക്കാൻ ആലോചനയുണ്ട്. എന്നാൽ റെയിൽപാത യാഥാർഥ്യമായില്ലെങ്കിൽ ചരക്കുനീക്കത്തെ സാരമായി ബാധിക്കാം. 

∙ കണ്ടെത്തേണ്ടത് കോടികൾ

1350 കോടി രൂപ മുടക്കി നിർമിക്കുന്ന പുലിമുട്ടിൽ മുഴുവൻ തുകയും വഹിക്കേണ്ടതു സർക്കാരാണ്. എന്നാൽ മൂന്നാം ഗഡു നൽകേണ്ട സമയമായിട്ടും രണ്ടാം ഗഡുവിന്റെ പകുതി മാത്രമേ നൽകിയിട്ടുള്ളൂ. റെയിൽപാത നിർമാണത്തിന് 1200 കോടി സർക്കാർ നൽകണം. ഹഡ്കോയിൽനിന്ന് 3600 കോടി വായ്പയെടുക്കാൻ മന്ത്രിസഭ അനുമതി നൽകിയിട്ട് ഒരു വർഷം കഴിഞ്ഞു. സാങ്കേതികക്കുരുക്കുകൾ അഴിച്ചു കഴിഞ്ഞതേയുള്ളൂ. 

∙ കേന്ദ്രവുമായി കരാർ വയ്ക്കണം

വയബിലിറ്റി ഗ്യാപ് ഫണ്ടായി സംസ്ഥാന സർക്കാരും കേന്ദ്രസർക്കാരും 817 കോടി രൂപ വീതം പദ്ധതിക്കു നൽകണം. ഇതിനായി കേന്ദ്രവും സംസ്ഥാനവും അദാനി പോർട്സും കരാർ വയ്ക്കണം. തടസ്സമായിരുന്ന ആർബിട്രേഷൻ കേസ് സർക്കാരും അദാനിയും ഒത്തുതീർപ്പായിട്ടും കരാർ വയ്ക്കാനായിട്ടില്ല.

English Summary:

Vizhinjam port

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com