ADVERTISEMENT

കേരളത്തിലെ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ആരോഗ്യ സുരക്ഷാ പദ്ധതിയായ മെഡിസെപിന് 500 രൂപ പ്രതിമാസ പ്രീമിയം ഈടാക്കുമ്പോൾ തൊട്ടടുത്ത സംസ്ഥാനമായ തമിഴ്നാട്ടിൽ പ്രീമിയം 300 രൂപ മാത്രം. പക്ഷേ അവിടെ നാലു വർഷത്തേക്ക് 5 ലക്ഷത്തിന്റെ ഇൻഷുറൻസ് കവറേജ് മാത്രമേ നൽകുന്നുള്ളൂ. ഇവിടെ പ്രതിവർഷം 3 ലക്ഷം രൂപയുടെ പരിരക്ഷയാണ് ലഭിക്കുന്നത്. 

തമിഴ്നാട്ടിൽ അടിസ്ഥാന പരിരക്ഷയ്ക്കു പുറമെ നിർദ്ദിഷ്ട രോഗങ്ങൾക്ക് 10 ലക്ഷം രൂപയുടെ കവറേജ് നൽകുന്നുണ്ട്. അടിയന്തര സാഹചര്യങ്ങളിൽ കോർപ്പസ് ഫണ്ടിൽ നിന്ന് 20 ലക്ഷം വരെ അനുവദിക്കും. ഇവിടെയും അവയവ മാറ്റ ശസ്ത്രക്രിയകൾക്ക് ഇത്തരത്തിൽ പരിരക്ഷ ലഭ്യമാക്കുന്നുണ്ട്. കേരളത്തിൽ ഓറിയൻറൽ ഇൻഷുറൻസ് കമ്പനിക്കാണ് നടത്തിപ്പു ചുമതലയെങ്കിൽ അവിടെ യുണൈറ്റഡ് ഇഷുറൻസ് കമ്പനിക്കാണ് നിർവഹണച്ചുമതല.

റീ ഇംബേഴ്സ് സൗകര്യം 

നെറ്റ് വർക്കിൽ ഉൾപ്പെടാത്ത ആശുപത്രികളിൽ നിന്ന് ചികിത്സ നേടിയാൽ റീ ഇംബേഴ്സിനുള്ള വ്യവസ്ഥയും തമിഴ്നാട് സർക്കാർ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവിടെ ആ സൗകര്യമില്ല. അവിടെ ഒരു സർക്കാർ ജീവനക്കാരന്റെ കുടുംബത്തിനു വേണ്ടി പ്രതിവർഷം 3240 രൂപയാണ് സർക്കാർ ഇൻഷുറൻസ് കമ്പനിക്ക് കൈമാറുന്നത്.ഇവിടെയാകട്ടെ 5664 രൂപയും. തമിഴ്നാട്ടിൽ ആയിരത്തി ഇരുനൂറോളം ആശുപത്രികൾ പദ്ധതിയുമായി സഹകരിക്കുന്നു.

പെൻഷൻകാർക്ക് കൂടുതൽ പ്രീമിയം

തമിഴ്നാട്ടിൽ പെൻഷൻകാരുടെ കൈയിൽ നിന്നും ജീവനക്കാരെ അപേക്ഷിച്ച് കൂടുതൽ തുക പ്രീമിയമായി ഈടാക്കുന്നുണ്ട്. പ്രതിമാസം 497 രൂപ. ഇവിടെ ജീവനക്കാരിൽ നിന്നും പെൻഷൻകാരിൽ നിന്നും തുല്യ പ്രീമിയമാണ് ഈടാക്കുന്നത്. അവിടെ പ്രതിവർഷം 5472 രൂപ പെൻഷൻകാരന്റെ കുടുംബത്തിനു വേണ്ടി സർക്കാർ ഇൻഷുറൻസ് കമ്പനിക്ക് നൽകുന്നുണ്ട്. എന്നാൽ അടിസ്ഥാന പരിരക്ഷാ പരിധിയും മററു വ്യവസ്ഥകളും ജീവനക്കാരുടേതിന് സമാനമാണ്. നാലു വർഷത്തേക്ക് 5 ലക്ഷത്തിന്റെ കവറേജ് മാത്രം.

കേരളത്തിലെ ചില കണക്കുകള്‍

അഞ്ചു മാസം കൊണ്ട് ഒരു ലക്ഷത്തിലേറെ രോഗികളാണ് ചികിത്സ നേടിയത്. ഇക്കാലയളവിൽ സംസ്ഥാനത്തൊട്ടാകെ 104823 പേർ പദ്ധതിക്കു കീഴിൽ ചികിത്സ നേടി. ഡിസംബർ 5 വരെയുള്ള കണക്കാണിത്. ഇതിൽ 95297 ക്ലെയിമുകൾക്കായി 280,64,50,784 രൂപ അനുവദിച്ചു.

കൂടുതൽ ചികിത്സ നൽകിയ ആശുപത്രികൾ

സ്വകാര്യ ആശുപത്രിളിൽ ഏറ്റവും കൂടുതൽ ചികിത്സ നൽകിയത്. തൃശൂരിലെ അമല ആശുപത്രിയാണ് (3539). കൊല്ലം എൻ.എസ് മെമ്മോറിയൽ ഇൻസ്റ്റിറ്റ്യൂട്ട് (3165), കണ്ണൂർ എ.കെ.ജി ആശുപത്രി (2527 ) എന്നിവ രണ്ടും മൂന്നും സ്ഥാനത്ത് ഉണ്ട്. സർക്കാർ ആശുപത്രികളിൽ തിരുവനന്തപുരം ആർ.സി.സി ഒന്നാം സ്ഥാനത്താണ് (1117). കോട്ടയം ഗവ. മെഡിക്കൽ കോളജ് (1068), തിരുവനന്തപുരം മെഡിക്കൽ കോളജ് (805) എന്നീ ആശുപത്രികൾ തൊട്ടടുത്ത സ്ഥാനങ്ങളിൽ ഉണ്ട്.

kollam-medisep-training-for-hospital-staff

കൂടുതൽ ചികിത്സ നേടിയത് ഈ ജില്ലക്കാർ

മെഡിസെപിൽ കൂടുതൽ പേർ ചികിത്സയ്ക്കെത്തിയത് കോഴിക്കോട് ജില്ലയിലാണ് (16486). എറണാകുളത്ത് 12827 പേരും മലപ്പുറത്ത് 10511 പേരും ചികിത്സ നേടി.

കൂടുതൽ ചികിത്സ നൽകിയത് ഈ രോഗങ്ങൾക്ക്

അൺസ്പെസിഫൈഡ് അസുഖങ്ങൾക്കാണ് കൂടുതൽ പേർ ചികിത്സയ്ക്കെത്തിയത് (22716). ഡയാലിസിസിന് 18652 പേരും തിമിര ശസ്ത്രക്രിയയ്ക്ക് 12446 പേരും ചികിത്സ നേടി. മാരകരോഗങ്ങക്കുള്ള പ്രത്യേക ചികിത്സാ പാക്കേജിൽ മുട്ടു മാറ്റിവയ്ക്കലിന് 868 പേർക്കും ഇടുപ്പ് മാറ്റി വയ്ക്കലിന് 61 പേർക്കും കരൾ മാറ്റിവയ്ക്കലിന് 19 പേർക്കും ചികിത്സ നൽകി.

English Summary : Know The Details of Medisep in Kerala and Tamilnadu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com