ADVERTISEMENT

അഞ്ച്‌ സംസ്ഥാനങ്ങളുടെ നിയമസഭകളിലേക്ക്‌ നടന്ന തിരഞ്ഞെടുപ്പുകളുടെ ഫലത്തെയാണ്‌ ഓഹരി വിപണി ഇനി ഉറ്റുനോക്കുന്നത്‌. രാജസ്ഥാന്‍, ഛത്തീസ്‌ഗഡ്‌, മധ്യപ്രദേശ്‌, മിസോറാം, തെലുങ്കാന എന്നീ സംസ്ഥാനങ്ങളുടെ തിരഞ്ഞെടുപ്പ്‌ ഫലം ഡിസംബര്‍ മൂന്നിന്‌ ആണ്‌ പ്രഖ്യാപിക്കുന്നത്‌.

ഇസ്രയേല്‍-ഹമാസ്‌ യുദ്ധവും യുഎസ്‌ ബോണ്ട്‌ യീല്‍ഡിന്റെയും ക്രൂഡ്‌ ഓയില്‍ വിലയുടെയും വര്‍ധനയും ഒക്‌ടോബര്‍ അവസാനം ഓഹരി വിപണിയെ ശക്തമായ വില്‍പ്പന സമ്മര്‍ദത്തിലേക്ക്‌ നയിച്ചിരുന്നെങ്കിലും പ്രതീക്ഷിച്ചതിനേക്കാള്‍ വേഗത്തിലാണ്‌ കരകയറിയത്‌. നവംബറില്‍ ബോണ്ട്‌ യീല്‍ഡും ക്രൂഡ്‌ ഓയില്‍ വിലയും ഇടിഞ്ഞത്‌ വിപണിയുടെ കരകയറ്റത്തിന്‌ തുണയായി. അതേ സമയം നിഫ്‌റ്റി 19,800 പോയിന്റില്‍ ശക്തമായ സമ്മര്‍ദം നേരിടുന്നതാണ്‌ കഴിഞ്ഞ ഏതാനും ദിവസങ്ങളായി കണ്ടുവരുന്നത്‌.

ഈ നിലവാരത്തെ മറികടന്ന്‌ നിഫ്‌റ്റി മുന്നേറ്റത്തിന്റെ അടുത്ത ഘട്ടത്തിലേക്ക്‌ നീങ്ങുമോയെന്ന ചോദ്യത്തിന്‌ ഡിസംബര്‍ മൂന്നിന്‌ പ്രഖ്യാപിക്കപ്പെടുന്ന തിരഞ്ഞെടുപ്പ്‌ ഫലത്തിനു ശേഷം വ്യക്തമായ മറുപടി ലഭിക്കുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌.

തിരഞ്ഞെടുപ്പ്‌ ഫലത്തിന്‌ മുന്നോടിയായുള്ള ചാഞ്ചാട്ടം ഈയാഴ്‌ച വിപണിയിലുണ്ടാകുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. അതേ സമയം ചാഞ്ചാട്ടത്തിന്റെ തോത്‌ അത്ര ശക്തമാകാനുള്ള സാധ്യത കാണുന്നില്ല.

വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സെമിഫൈനല്‍ ആയാണ്‌ പല നിരീക്ഷകരും രാജസ്ഥാന്‍, ഛത്തീസ്‌ഗഡ്‌, മധ്യപ്രദേശ്‌, മിസോറാം, തെലുങ്കാന എന്നീ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകളെ കാണുന്നതെങ്കിലും വിപണി അത്രത്തോളം ഗൗരവം ഈ നിയമസഭാ ഫലങ്ങള്‍ക്ക്‌ നല്‍കുന്നുണ്ടോയെന്നത്‌ സംശയകരമാണ്‌. അതിന്‌ പ്രധാന കാരണം ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ജനവിധിയുടെ ഒരു പാറ്റേണ്‍ ആയിരിക്കില്ല നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ സംഭവിക്കുന്നത്‌ എന്ന്‌ വ്യക്തമാക്കുന്ന സമീപകാല അനുഭവങ്ങളാണ്‌.

രാഷ്‌ട്രീയ സ്ഥിരത പ്രധാനം

വിപണിയെ സംബന്ധിച്ചിടത്തോളം കേന്ദ്രത്തിലെ ഭരണതലത്തിലുള്ള രാഷ്‌ട്രീയ സ്ഥിരത പരമപ്രധാനമാണ്‌. അടിസ്ഥാന സൗകര്യം, പ്രതിരോധം തുടങ്ങിയ പല മേഖലകളിലെയും ഓഹരികളുടെ വില അഞ്ചും പത്തും വര്‍ഷത്തിനു ശേഷം പ്രതീക്ഷിക്കുന്ന വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ഇപ്പോള്‍ നിര്‍ണയിച്ചിരിക്കുന്നത്‌ നയപരമായ തുടര്‍ച്ച സാധിക്കും വിധം കേന്ദ്രത്തില്‍ ഭരണസ്ഥിരതയുണ്ടാകും എന്ന കണക്കുകൂട്ടലുകളുടെ പുറത്താണ്‌. ഭരണസ്ഥിരതക്ക്‌ ഭംഗം വന്നാല്‍ നയങ്ങളില്‍ മാറ്റമുണ്ടാകും. അത്‌ പല മേഖലകളിലെയും കമ്പനികളുടെ ബിസിനസ്‌ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുകയും ഓഹരി വിപണി ആ മാറ്റത്തെ പ്രതിഫലിപ്പിക്കുകയും ചെയ്യും. അതുകൊണ്ട്‌ ഭരണ തുടര്‍ച്ച ഉണ്ടാകേണ്ടത്‌ വിപണിയുടെ മുന്നോട്ടുള്ള ഗതിക്ക്‌ ആവശ്യമാണ്‌.

ചിത്രം കൂടുതൽ തെളിയണം

വിപണിയുടെ മുന്നേറ്റത്തിന്‌ തിരി കൊളുത്തുന്ന മറ്റ്‌ ഘടകങ്ങളൊന്നും തന്നെ ഇപ്പോള്‍ സജീവമല്ല. 2021-22 കാലയളവില്‍ വിപണിയെ കുതിപ്പിലേക്ക്‌ നയിച്ചതു പോലുള്ള ധനലഭ്യത ഇപ്പോള്‍ നിലനില്‍ക്കുന്നില്ല. പലിശനിരക്കില്‍ തുടര്‍ന്ന്‌ വര്‍ധന വരുത്താതിരിക്കുകയോ നടപ്പു സാമ്പത്തിക വര്‍ഷം രണ്ടാം പകുതിയോടെ പലിശനിരക്ക്‌ കുറയ്‌ക്കുകയോ ചെയ്‌താലും വിപണിയിലേക്ക്‌ സമീപകാലത്ത്‌ ശക്തമായ ധനപ്രവാഹമുണ്ടാകുമെന്ന്‌ കരുതാനാകില്ല. ഈയൊരു സാഹചര്യത്തില്‍ ഇന്ത്യ പോലൊരു വികസ്വര രാജ്യത്ത്‌ രാഷ്‌ട്രീയ സ്ഥിരത തന്നെയാണ്‌ ഏറ്റവും പ്രധാനം. നയങ്ങളില്‍ മാറ്റമില്ലാതെ മുന്നോട്ടുപോകാനുള്ള ഭരണ തുടര്‍ച്ച വിപണിയുടെ ഗതിയെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ്‌.

ഈ നിയമസഭാ തിരഞ്ഞെടുപ്പുകളുടെ ഫലം കേന്ദ്രത്തിലെ ഭരണമുന്നണിക്ക്‌ അനുകൂലമാണെങ്കില്‍ അത്‌ ഓഹരി വിപണിയുടെ മുന്നേറ്റത്തിന്‌ പ്രചോദനമാകും. കേന്ദ്രത്തിലെ ഭരണമുന്നണിക്ക്‌ വലിയ നേട്ടം ഉണ്ടാക്കാന്‍ സാധിച്ചില്ലെങ്കില്‍ പോലും വിപണി ശക്തമായ ഒരു തിരുത്തലിലേക്ക്‌ നീങ്ങാനുള്ള സാധ്യത കുറവാണ്‌. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പ്രവണതകളെ കുറിച്ചുള്ള കൂടുതല്‍ വ്യക്തമായ ചിത്രത്തിന്‌ വേണ്ടിയാകും വിപണി കാത്തിരിക്കുന്നത്‌.

(ഹെഡ്‌ജ്‌ ഗൂപ്പ്‌ ഓഫ്‌ കമ്പനീസിന്റെ ചെയര്‍മാനും മാനേജിങ് ഡയറക്‌ടറുമാണ്‌ ലേഖകന്‍)

English Summary:

State Elections and Its Impact on Share Investment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com