ADVERTISEMENT

മുംബൈ∙ ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ മൂന്നാം പേസറായി ആരെ കളിപ്പിക്കും? സിഡ്നിയിൽ ഈ മാസം ഏഴു മുതൽ മൂന്നാം ടെസ്റ്റിനു തുടക്കമാകാനിരിക്കെ, ആരെ കളിപ്പിക്കുമെന്ന കാര്യത്തിൽ തീരുമാനമെടുക്കാനാകാതെ കുഴയുകയാണ് ഇന്ത്യൻ ടീം മാനേജ്മെന്റ്. പേസ് ആക്രമണത്തിലെ കുന്തമുനയായ ജസ്പ്രീത് ബുമ്ര, കഴിഞ്ഞ മത്സരത്തിൽ ശ്രദ്ധേയമായ അരങ്ങേറ്റം നടത്തിയ മുഹമ്മദ് സിറാജ് എന്നിവർ സിഡ്നിയിലും കളിക്കുമെന്ന് ഉറപ്പാണ്. മൂന്നാം പേസറുടെ കാര്യത്തിലാണ് സംശയം. ഒന്നാം ടെസ്റ്റിൽ മുഹമ്മദ് ഷമിക്കും രണ്ടാം ടെസ്റ്റിൽ ഉമേഷ് യാദവിനും പരുക്കേറ്റതോടെയാണ് പുതിയ പേസ് ബോളർമാരെ പരീക്ഷിക്കാൻ ഇന്ത്യ നിർബന്ധിതരായത്.

ഓപ്പണറുടെ സ്ഥാനത്ത് മായങ്ക് അഗർവാളിനു പകരം വൈസ് ക്യാപ്റ്റൻ കൂടിയായ രോഹിത് ശർമ എത്തുമെന്ന് ഏറെക്കുറെ ഉറപ്പാണ്. ഏറ്റവും ഒടുവിൽ കളിച്ച എട്ട് ടെസ്റ്റ് ഇന്നിങ്സുകളിൽ ഏഴിലും അഗർവാൾ പരാജയമായിരുന്നു. ഓസ്ട്രേലിയയ്ക്കെതിരായ പരമ്പരയിലെ രണ്ടു ടെസ്റ്റുകളിലും അവസരം ലഭിച്ചെങ്കിലും മുതലാക്കാനായില്ല. ഈ സാഹചര്യത്തിലാണ് ഓപ്പണർ കൂടിയായ രോഹിത്തിന്റെ വരവ് അഗർവാളിന് തിരിച്ചടിയാകുക. പരിശീലന വേളയിൽ രോഹിത് പേസ്, സ്പിൻ ബോളർമാരെ അനായാസം നേരിട്ടത് താരം ഫോമിലാണെന്ന സൂചന നൽകുന്നു.

മൂന്നാം പേസറായി ടെസ്റ്റ് പരിചയമുള്ള ഏക റിസർവ് താരം ഷാർദുൽ താക്കൂറിനാണ് കൂടുതൽ സാധ്യത കൽപ്പിക്കുന്നത്. പന്ത് സ്വിങ് ചെയ്യിക്കാൻ കഴിവുള്ളതിനാൽ താക്കൂറിനെയാണ് കളിപ്പിക്കേണ്ടതെന്ന് കമന്റേറ്റർമാർ കൂടിയായ ദീപ്ദാസ് ഗുപ്തയും പ്രഗ്യാൻ ഓജയും അഭിപ്രായപ്പെട്ടിരുന്നു.

അതേസമയം, ഉമേഷ് യാദവിന്റെ സ്ഥാനത്ത് താക്കൂറിന് ഉണ്ടായിരുന്ന സാധ്യത ക്രമാനുഗതമായി കുറയുകയാണെന്ന വിലയിരുത്തലുമുണ്ട്. നവ്ദീപ് സെയ്നിയുടെ സാന്നിധ്യമാണ് അതിനുള്ള മുഖ്യ കാരണം. നിലവിൽ ഇന്ത്യയിലെ വേഗമേറിയ ബോളറായ സെയ്നിയെ, ഓസ്ട്രേലിയയ്‌ക്കെതിരെ തീർച്ചയായും ഉപയോഗിക്കണമെന്ന് ആവശ്യപ്പെടുന്നവരിൽ മുൻ താരങ്ങളുമുണ്ട്. കെട്ടുറപ്പു നഷ്ടമായ ഓസ്ട്രേലിയൻ ബാറ്റിങ് നിരയിൽ നാശം വിതയ്ക്കാൻ സെയ്നിയുടെ അതിവേഗ പന്തുകൾക്ക് സാധിക്കുമെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല, ഓസ്ട്രേലിയൻ ബാറ്റ്സ്മാൻമാർക്ക് സെയ്നിയുടെ പന്തുകൾ നേരിടുന്നതിലുള്ള പരിചയക്കുറവും അനുകൂല ഘടകമാണ്.

മൂടിക്കെട്ടിയ കാലാവസ്ഥയെ തുടർന്ന് സിഡ്നിയിലെ പിച്ച് മൂടിയിട്ടിരിക്കുന്നതും മൂന്നാം പേസറാരെന്ന തീരുമാനം വൈകിക്കുന്നതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. പിച്ചിന്റെ സ്വഭാവം ഒരിക്കൽക്കൂടി വിലയിരുത്തിയ ശേഷമാകും ആരെ കളിപ്പിക്കണമെന്ന കാര്യത്തിൽ ടീം മാനേജ്മെന്റ് തീരുമാനമെടുക്കുക. മൂടിക്കെട്ടിയ കാലാവസ്ഥ തുടർന്നാൽ താക്കൂർ തന്നെ കളിക്കാനാണ് സാധ്യത. മറിച്ചാണെങ്കിൽ സെയ്നിക്ക് അരങ്ങേറ്റത്തിന് അവസരം ലഭിക്കും.

മൂന്നാം പേസർ ചർച്ചയിൽ ഇനിയും ഒരാൾ കൂടിയുണ്ട്; ഉമേഷ് യാദവിനു പകരം ടീമിലെത്തിയ തമിഴ്നാട് താരം ടി.നടരാജൻ. യുഎഇയിൽ നടന്ന ഐപിഎലോടെ കരിയറിൽ വഴിത്തിരിവ് കണ്ടെത്തിയ നടരാജൻ, ഈ പര്യടനത്തിലാണ് രാജ്യാന്തര തലത്തിൽ ഏകദിന, ട്വന്റി20 അരങ്ങേറ്റം കുറിച്ചത്. ഇരു ഫോർമാറ്റുകളിലും പുറത്തെടുത്ത മികച്ച പ്രകടനമാണ് നെറ്റ് ബോളറായിരുന്ന നടരാജനെ ഉമേഷിനു പകരം ടീമിലെടുക്കാൻ സിലക്ടർമാരെ പ്രേരിപ്പിച്ചതും.

ടെസ്റ്റ് ജഴ്സിയണിഞ്ഞ് കഴിഞ്ഞ ദിവസം നടരാജൻ നടത്തിയ ട്വീറ്റ് താരം ടീമിലെത്തുമെന്നതിന്റെ സൂചനയായി വ്യാഖ്യാനിക്കുന്നവരുണ്ട്. ‘വെള്ള ജഴ്സിയണിയാൻ ലഭിച്ച അഭിമാന നിമിഷം. അടുത്ത ഘട്ട വെല്ലുവിളികൾ നേരിടാൻ തയാർ’ എന്ന ക്യാപ്ഷനോടെയാണ് നടരാജൻ ചിത്രം പോസ്റ്റ് ചെയ്തത്.

ഇതുവരെ ആഭ്യന്തര തലത്തിൽ 20 ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ മാത്രമാണ് നടരാജൻ കളിച്ചിട്ടുള്ളത്. അതിൽ അവസാനമായി കളത്തിലിറങ്ങിയത് 2020 ജനുവരിയിലായിരുന്നു. ചെപ്പോക്ക് സ്റ്റേഡിയത്തിൽ നടരാജൻ ഉൾപ്പെട്ട തമിഴ്നാട് ബോളിങ് നിരയ്‍ക്കെതിരെ റെയിൽവേസ് ഒന്നാം ഇന്നിങ്സിൽ 76 റൺസിനും രണ്ടാം ഇന്നിങ്സിൽ 90 റൺസിനുമാണ് പുറത്തായത്. രവിചന്ദ്രൻ അശ്വിൻ, ആർ. സായ് കിഷോർ എന്നീ സ്പിന്നർമാരാണ് കൂടുതൽ തിളങ്ങിയതെങ്കിലും 11 ഓവർ മാത്രം ബോൾ ചെയ്ത നടരാജൻ മൂന്നു വിക്കറ്റ് വീഴ്ത്തിയിരുന്നു. ടെസ്റ്റ് പരീക്ഷണത്തിന് നടരാജൻ പാകമായോ എന്ന ചോദ്യം മാത്രം ബാക്കി.

English Summary: India vs Australia, 3rd Test: Shardul or Saini or Natarajan big question

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com