ADVERTISEMENT

അഹമ്മദാബാദ് ∙ വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പര ഈ മാസം ആറിന് തുടങ്ങാനിരിക്കെ, ഇന്ത്യൻ ടീമിന് കനത്ത തിരിച്ചടിയായി താരങ്ങൾക്ക് കോവിഡ്. മൂന്ന് ഏകദിനങ്ങളുടെ പരമ്പരയ്ക്കായി അഹമ്മദാബാദിലെത്തിയ ഇന്ത്യൻ സംഘത്തിലെ എട്ട് പേർക്കു കോവിഡ് സ്ഥിരീകരിച്ചതായാണ് വിവരം. ഇതിൽ മൂന്നു പേർ പ്രധാന താരങ്ങളും ഒരാൾ സ്റ്റാന്റ് ബൈ താരവുമാണ്. ശേഷിക്കുന്ന നാലു പേർ ടീമുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന മറ്റ് അംഗങ്ങളാണ്.

ശ്രേയസ് അയ്യർ, ശിഖർ ധവാൻ, ഋതുരാജ് ഗെയ്ക്‌വാദ് എന്നിവരാണ് കോവിഡ് സ്ഥിരീകരിച്ച താരങ്ങൾ. ഇവരെ ഐസലേഷനിലേക്കു മാറ്റി. ടീമിനൊപ്പം സ്റ്റാന്റ് ബൈ ആയി ഉൾപ്പെടുത്തിയ പേസ് ബോളർ നവ്ദീപ് സെയ്നിയാണ് കോവിഡ് ബാധിച്ച മറ്റൊരാൾ. ഈ താരങ്ങൾക്ക് പുറമെ ഒരു ഡ്രൈവർക്കും സുരക്ഷാ ജീവനക്കാരനും ഫിസിക്കൽ ട്രെയ്നർക്കും മറ്റൊരു സ്റ്റാഫിനും കോവിഡ് സ്ഥിരീകരിച്ചു.

കോവിഡ് ബാധിച്ച സാഹചര്യത്തിൽ ധവാൻ, ശ്രേയസ് അയ്യർ, ഗെയ്ക്‌വാദ് എന്നിവർക്ക് ഏകദിന പരമ്പര പൂർണമായും നഷ്ടമാകാനാണ് സാധ്യത. ഫെബ്രുവരി ആറ്, എട്ട്, 11 തീയതികളിലാണ് ഏകദിന മത്സരങ്ങൾ നടക്കേണ്ടത്.

ടീമിലുള്ളവർക്കു കോവിഡ് ബാധിച്ചാൽ പകരം ഉൾപ്പെടുത്താനായി ഏഴംഗ റിസർവ് ടീമിനെയും പ്രഖ്യാപിച്ചിരുന്നു. പകരക്കാരെ ഇന്നു പ്രഖ്യാപിക്കും. ഇതിനിടെ, ഓപ്പണർ മയാങ്ക് അഗർവാളിനെ സിലക്ടർമാർ ടീമിൽ ഉൾപ്പെടുത്തിയതായി സൂചനയുണ്ട്. ടീമിന്റെ ഉപനായകനായ കെ.എൽ. രാഹുൽ ഇതുവരെ ടീമിനൊപ്പം ചേർന്നിട്ടില്ല. സഹോദരിയുടെ വിവാഹ ചടങ്ങിൽ പങ്കെടുക്കുന്നതിനാണ് രാഹുൽ വിട്ടുനിൽക്കുന്നത്. രാഹുലും ആദ്യ ഏകദിനത്തിന് ഉണ്ടാകാനിടയില്ല.

ഫലത്തിൽ ആദ്യം പ്രഖ്യാപിച്ച ടീമിൽ ഒന്നാം ഏകദിനത്തിനായി ശേഷിക്കുന്നത് അഞ്ച് ബാറ്റർമാർ മാത്രമാണ്. ക്യാപ്റ്റൻ രോഹിത് ശർമ, വിരാട് കോലി, സൂര്യകുമാർ യാദവ്, ഋഷഭ് പന്ത്, ഓൾറൗണ്ടർ ദീപക് ഹൂഡ എന്നിവരാണ് ടീമിലെ ബാറ്റർമാർ. ഇതോടെ, ഇന്നു ടീമിനൊപ്പം ചേരുമെന്ന് കരുതുന്ന മയാങ്ക് അഗർവാളിന് ഒന്നാം ഏകദിനത്തിൽ ടീമിൽ അവസരം ലഭിക്കുമെന്ന് ഏറെക്കുറെ ഉറപ്പായി.

അഹമ്മദാബാദിലെത്തിയ ഇന്ത്യൻ ടീമംഗങ്ങൾ മൂന്നു ദിവസം ക്വാറന്റീനിൽ കഴിയുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ, പുതിയ സാഹചര്യത്തിൽ താരങ്ങൾ കൂടുതൽ ദിവസം ക്വറന്റീനിൽ കഴിയേണ്ടിവരും.

പരമ്പരയ്ക്കുള്ള വിൻഡീസ് ടീമും ഇന്നലെ അഹമ്മദാബാദിലെത്തി. ആറിനാണ് ആദ്യ മത്സരം. 3 ഏകദിനങ്ങളുടെ പരമ്പരയ്ക്കു ശേഷം കൊൽക്കത്തയിലാണ് ട്വന്റി20 പരമ്പര. കോവിഡ് വ്യാപനം കാരണം, ഏകദിന പരമ്പരയിൽ കാണികളെ പ്രവേശിപ്പിക്കില്ലെന്നു ഗുജറാത്ത് സർക്കാർ നേരത്തേ പ്രഖ്യാപിച്ചിരുന്നു.

English Summary: India vs West Indies: Covid outbreak in Team India camp

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com