ADVERTISEMENT

ബെംഗളൂരു ∙ പോരുകോഴികളെപ്പോലെ കളത്തിലും ഡ്രസിങ് റൂമിലും പോർവിളിച്ചു നിന്നവരെ ഒരേ കുടക്കീഴിലാക്കി ഐപിഎൽ മെഗാ ലേലം. ‘മങ്കാദിങ്’ വിവാദത്തിൽ ഉൾപ്പെട്ട ആർ.അശ്വിനെയും ജോസ് ബട്‍ലറെയും ഒരുമിപ്പിച്ച് രാജസ്ഥാൻ റോയൽസും ബറോഡ ടീമിൽ ഉടക്കിനിന്ന ക്രുനാൽ പാണ്ഡ്യയെയും ദീപക് ഹൂഡയെയും ഒന്നിച്ചെടുത്തു ലക്നൗ സൂപ്പർ ജയന്റ്സുമാണു ‘ശത്രുക്കളെ’ ഒരു ബെഞ്ചിലിരുത്തിയത്. ഇന്നും തുടരുന്ന ലേലം ഉച്ചയ്ക്കു 12 മുതൽ സ്റ്റാർ സ്പോർട്സ് ചാനലുകളിലും ഹോട്സ്റ്റാറിലും തൽസമയം കാണാം.

2019ൽ പഞ്ചാബ് താരമായിരിക്കെയാണ് അശ്വിൻ രാജസ്ഥാന്റെ ഇംഗ്ലിഷ് ബാറ്ററായ ബട്‌ലറെ മങ്കാദിങ് (ബോളർ പന്തെറിയും മുൻപേ ക്രീസ് വിടുന്ന നോൺ സ്ട്രൈക്കേഴ്സ് എൻഡിലെ ബാറ്ററെ ബോളർതന്നെ റണ്ണൗട്ടാക്കുന്ന രീതി) നടത്തിയത്. അശ്വിന്റെ നടപടിക്കെതിരെ വിമർശനമുയർന്നെങ്കിലും നിലപാടിലുറച്ചുനിന്ന താരം ട്വിറ്ററിൽ പലപ്പോഴും ആ മങ്കാദിങ് ദൃശ്യം ട്രോളായി ഉപയോഗിക്കുകയും ചെയ്തു. ഇത്തവണ ബട്‍ലറെ രാജസ്ഥാൻ നിലനിർത്തിയിരുന്നു. കഴിഞ്ഞ 2 സീസണുകളിൽ ഡൽഹിക്കായി കളിച്ച അശ്വിനെ 5 കോടിക്കാണു രാജസ്ഥാൻ സ്വന്തമാക്കിയത്.

സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കിടെ ബറോഡ ക്യാപ്റ്റനായ ക്രുനാൽ തന്നെ പരസ്യമായി അപമാനിച്ചെന്നാരോപിച്ചാണു വൈസ് ക്യാപ്റ്റനായിരുന്ന ഹൂഡ ടീം വിട്ടത്. കഴിഞ്ഞ സീസണിൽ രാജസ്ഥാൻ ടീമിനു വേണ്ടി മികച്ച പ്രകടനം നടത്തിയതു വഴി ഹൂഡ ഇന്ത്യൻ ടീമിലുമെത്തി. ഐപിഎലിൽ കഴിഞ്ഞ സീസണിൽ രാജസ്ഥാൻ റോയൽസിലായിരുന്ന ഹൂഡയെ 5.75 കോടിക്കാണു ലക്നൗ സ്വന്തമാക്കിയത്. മുംബൈ കൈവിട്ട ക്രുനാലിനെ 8.25 കോടിക്കാണു ലക്നൗ വാങ്ങിയത്.

∙ വാർണർ തറവാട്ടിൽ

ആദ്യം ക്യാപ്റ്റൻ സ്ഥാനത്തുനിന്നും പിന്നീടു ടീം ഇലവനിൽനിന്നും ഒഴിവാക്കപ്പെട്ട് ഹൈദരാബാദിൽനിന്നു നാണംകെട്ടു മടങ്ങേണ്ടി വന്ന ഓസ്ട്രേലിയൻ ബാറ്റർ ഡേവിഡ് വാർണർ ഇനി ഡൽഹി ക്യാപിറ്റൽസ് കുപ്പായത്തിൽ. മെഗാ താരലേലത്തിൽ ഇന്നലെ ഡൽഹി ഏറ്റവുമാദ്യം സ്വന്തമാക്കിയതു വാർണറെയാണ് (6.25 കോടി). 2009ൽ ഡൽഹിക്കൊപ്പമാണ് (അന്നു ഡെയർഡെവിൾസ്) വാർണർ ഐപിഎൽ കരിയർ തുടങ്ങിയത്. ഓസീസ് താരം മിച്ചൽ മാർഷിനെയും (6.50 കോടി) ഡൽഹി പാളയത്തിലെത്തിച്ചു.

∙ ആരാകും ക്യാപ്റ്റൻ?

ഇന്നലെ ലേലത്തിൽ ഏറ്റവുമാദ്യം വിറ്റുപോയത് ഇന്ത്യൻ ഓപ്പണർ ശിഖർ ധവാനാണ്. പഞ്ചാബ് കിങ്സ് 8.25 കോടിക്കു ധവാനെ വാങ്ങി. കെ.എൽ.രാഹുൽ പോയ ഒഴിവിൽ ധവാൻ പഞ്ചാബിന്റെ ക്യാപ്റ്റനായേക്കും. ക്യാപ്റ്റനെ തേടുന്ന കൊൽക്കത്ത ശ്രേയസ് അയ്യരെയും (12.25 കോടി) ഓസ്ട്രേലിയൻ ടെസ്റ്റ് ക്യാപ്റ്റൻ പാറ്റ് കമ്മിൻസിനെയും (7.25 കോടി) ടീമിലെത്തിച്ചിട്ടുണ്ട്.

∙ വിദേശികളും മിന്നി

10.75 കോടി രൂപ വീതം ലഭിച്ച വെസ്റ്റിൻഡീസിന്റെ നിക്കോളാസ് പുരാൻ (ഹൈദരാബാദ്), ശ്രീലങ്കയുടെ വാനിന്ദു ഹസരംഗ (ബാംഗ്ലൂ‍ർ) എന്നിവരാണ് ഒന്നാംദിനം കൂടുതൽ തുക ലഭിച്ച വിദേശതാരങ്ങൾ. ന്യൂസീലൻഡ് പേസർ ലോക്കി ഫെർഗൂസൻ (10 കോടി–അഹമ്മദാബാദ്), വിൻഡീസ് ഓൾറൗണ്ടർ ജയ്സൻ ഹോൾഡർ (8.75–ഡൽഹി), കിവീസ് പേസർ ട്രെന്റ് ബോൾട്ട് (8–രാജസ്ഥാൻ), ഓസീസ് പേസർമാരായ ജോഷ് ഹെയ്‌സൽവുഡ് (7.75–ബാംഗ്ലൂർ) എന്നിവർക്കും ലേലത്തിൽ മികച്ച തുക ലഭിച്ചു.

∙ മാർ‌ക്വീ താരങ്ങൾ എവിടേക്ക് ?

ഐപിഎൽ ലേലത്തിലെ 10 മാർക്വീ താരങ്ങളെ സ്വന്തമാക്കിയ ടീമുകളും വിലയും.

ശ്രേയസ് അയ്യർ– കൊൽക്കത്ത (12.25 കോടി)
കഗീസോ റബാദ– പഞ്ചാബ് (9.25 കോടി)
ശിഖർ ധവാൻ– പഞ്ചാബ് (8.25 കോടി)
ട്രെന്റ് ബോൾട്ട്– രാജസ്ഥാൻ (8 കോടി)
പാറ്റ് കമ്മിൻസ്– കൊൽക്കത്ത (7.25 കോടി)
ഫാഫ് ഡുപ്ലെസിസ്– ബാംഗ്ലൂർ (7 കോടി)
ക്വിന്റൻ ഡികോക്ക്– ലക്നൗ (6.75 കോടി)
ഡേവിഡ് വാർണർ– ഡൽഹി (6.25 കോടി)
മുഹമ്മദ് ഷമി– ഗുജറാത്ത് (6.25 കോടി)
ആർ‌.അശ്വിൻ– രാജസ്ഥാൻ (5 കോടി)

English Summary: IPL Mega Auction- Day 1

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com