ADVERTISEMENT

24 വയസ്സിനുള്ളിൽ ലോകമെമ്പാടുമുള്ള മുപ്പതിലധികം ട്വന്റി20 ലീഗുകളുടെ ഭാഗമായിക്കഴിഞ്ഞു അഫ്ഗാനിസ്ഥാന്റെ സ്പിൻ മാന്ത്രികൻ റാഷിദ് ഖാൻ. ചുരുങ്ങിയ കാലത്തിനിടെ വിവിധ ട്വന്റി20 ലീഗുകളിൽ നിന്നു നേടിയത് 539 വിക്കറ്റുകൾ. ഐപിഎലിൽ ഗുജറാത്ത് ടൈറ്റൻസ് താരമായ റാഷിദ് ഖാൻ സംസാരിക്കുന്നു....

∙ തുടർച്ചയായി ത്രില്ലർ മത്സരങ്ങൾ. വിജയം ഉറപ്പിച്ച മത്സരങ്ങൾ കൈവിട്ടുപോയതായി തോന്നുന്നുണ്ടോ?

രണ്ടു മത്സരങ്ങളിലും വിജയം ഉറപ്പിച്ച ശേഷമാണ് അപ്രതീക്ഷിതമായി തോൽക്കേണ്ടി വന്നത്. പക്ഷേ, അതാണ് ക്രിക്കറ്റിന്റെ സൗന്ദര്യവും. അവസാന പന്തുവരെ എന്തും സംഭവിക്കാം. കഴിഞ്ഞ സീസണിൽ തോൽവി ഉറപ്പിച്ച മത്സരങ്ങളിൽ ഇതേ രീതിയിൽ ഞങ്ങൾ തിരിച്ചുവന്നിട്ടുണ്ട്. നിലവിൽ ടോപ് 4ൽ ഞങ്ങളുണ്ട്. ബാക്കിയുള്ള എല്ലാ മത്സരങ്ങളും ജയിച്ച് ഒന്നാം സ്ഥാനക്കാരാവുകയാണ് ലക്ഷ്യം. 

∙ രാജ്യാന്തര മത്സരങ്ങളിലും ഏറക്കുറെ എല്ലാ ട്വന്റി20 ലീഗുകളിലും ഹാട്രിക് നേടാൻ താങ്കൾക്ക് സാധിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഐപിഎലിലും...

ഹാട്രിക് നേട്ടം എപ്പോഴും ഒരു ഭാഗ്യമായാണ് ഞാൻ കാണുന്നത്. എട്ടോ പത്തോ തവണ എനിക്ക് ഹാട്രിക് നഷ്ടപ്പെട്ടിട്ടുണ്ട്. അപ്പോഴൊന്നും നിരാശ തോന്നിയിട്ടില്ല. എന്റെ സ്പെല്ലിലെ മറ്റേതൊരു ബോളും എറിയുന്ന അതേ ആത്മാർഥതയോടെയാണ് ഹാട്രിക്കിനു വേണ്ടിയുള്ള ബോളും എറിയുന്നത്.

∙ അവസാന ഓവറിൽ 5 സിക്സർ വഴങ്ങിയ യഷ് ദയാലിന്റെ പ്രകടനത്തെക്കുറിച്ച്

ഏതു ബോളർക്കും സംഭവിക്കാവുന്നതാണത്. ഓവറിലെ എല്ലാ പന്തുകളിലും സിക്സ് വഴങ്ങിയ, ഇന്നു ലോകക്രിക്കറ്റിലെ തന്നെ ടോപ് ബോളർമാരുടെ പട്ടികയിലുള്ളവരെ നമുക്കറിയാം. അന്ന് ‍ഞാനാണ് അവസാന ഓവർ എറിഞ്ഞിരുന്നതെങ്കിൽ എനിക്കും സമാന അനുഭവം ഉണ്ടായേനെ. അത് റിങ്കു സിങ്ങിന്റെ ദിവസമായിരുന്നു. റിങ്കു അത് നന്നായി ഉപയോഗിച്ചു. യഷ് മികച്ച ബോളറാണ്. അവൻ തിരിച്ചുവരും.

∙ ഇംപാക്ട് പ്ലെയറുടെ വരവ് ഓൾറൗണ്ടർമാർക്കു ദോഷം ചെയ്യുന്നുണ്ടോ?

ഒരു പരിധിവരെ ദോഷം ചെയ്യും. ബോളിങ്ങിലോ ബാറ്റിങ്ങിലോ സ്പെഷലിസ്റ്റായവരെയാണ് ടീമുകൾക്ക് ആവശ്യം.

∙ മുൻ വർഷങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ, ടീമുകൾക്ക് ഹോം ഗ്രൗണ്ട് അനുകൂല്യം ലഭിക്കുന്നില്ലേ?

ശരിയാണ്. പക്ഷേ, അതിനു മറ്റൊരു വശംകൂടിയുണ്ട്. 3 വർഷത്തോളം ന്യൂട്രൽ ഗ്രൗണ്ടുകളിലാണ് ടീമുകൾ കളിച്ചത്. പല ടീമുകളിലും പുതിയ താരങ്ങൾ വന്നു. അവർക്ക് ഹോം ഗ്രൗണ്ടിൽ കളിച്ചു പരിചയമില്ല. അതിനാലാണിത്. അടുത്ത സീസൺ മുതൽ അതു മാറിയേക്കും.

∙ വീണ്ടുമൊരു ഏകദിന ലോകകപ്പ് വരുന്നു. ആർക്കായിരിക്കും മുൻതൂക്കം?

ടീമുകളുടെ കാര്യത്തിൽ അന്തിമ പട്ടിക വരാതെ അതു പറയാൻ സാധിക്കില്ല. എങ്കിലും ഇന്ത്യയിൽ നടക്കുന്ന ടൂർണമെന്റ് ആയതിനാൽ ഇന്ത്യയ്ക്കു തന്നെയാണ് സാധ്യത കൂടുതൽ. അവസാനമായി ഇവിടെ ലോകകപ്പ് നടന്നപ്പോൾ ഇന്ത്യ തന്നെ ആയിരുന്നല്ലോ ചാംപ്യൻമാർ.

English Summary : Interview with Rashid Khan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com