ADVERTISEMENT

മുംബൈ∙ സീനിയർ‌ താരങ്ങളെ പൂർണമായി ഒഴിവാക്കിയാണ് ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ജൂലൈയിൽ ബിസിസിഐ പ്രഖ്യാപിച്ചത്. ട്വന്റി20യിൽ ഒൻപതു രാജ്യാന്തര മത്സരങ്ങൾ മാത്രം കളിച്ചിട്ടുള്ള ഋതുരാജ് ഗെയ്ക്‌വാദാണ് ചൈനയിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ നയിക്കുന്നത്. ഏഷ്യൻ ഗെയിംസ് മത്സരങ്ങളും ഏകദിന ലോകകപ്പും ഒരേ സമയത്തായതിനാലാണ് പ്രധാന താരങ്ങളെയെല്ലാം ഒഴിവാക്കി ബിസിസിഐ ചൈനയിലേക്കു പോകാനുള്ള ‘ബി’ ടീമിനെ പ്രഖ്യാപിച്ചത്. ഈ മാസം 23 മുതൽ ഒക്ടോബർ എട്ട് വരെയാണ് ഏഷ്യൻ ഗെയിംസ്. ഏകദിന ലോകകപ്പിൽ ഒക്ടോബർ എട്ടിനാണ് ഇന്ത്യയുടെ ആദ്യ മത്സരം.

ഏഷ്യൻ ഗെയിംസ് ടീമിനെ പ്രഖ്യാപിച്ചപ്പോൾ മലയാളി താരം സഞ്ജു സാംസൺ ഉൾപ്പെടാതിരുന്നതാണ് ആരാധകർക്ക് ഏറെ ‘പ്രതീക്ഷ’ നൽകിയിരുന്നു. ലോകകപ്പ് ടീമിലേക്ക് സഞ്ജുവിനെ പരിഗണിക്കുന്നതിനാലാണ് ഏഷ്യൻ ഗെയിംസ് ടീമിൽ സഞ്ജു ഇല്ലാതിരുന്നതെന്ന കണക്കുകൂട്ടലിലായിരുന്നു ഏറെപ്പേരും. എന്നാൽ ലോകകപ്പ് ടീം പ്രഖ്യാപിച്ചതോടെ ആ കണക്കുകൾ പിഴച്ചു. പരുക്കേറ്റ് ടീമിനു പുറത്തായിരുന്നു കെ.എൽ.രാഹുൽ‌ ഉൾപ്പെടെയുള്ളവർ തിരിച്ചെത്തിയതോടെ ലോകകപ്പ് സ്ക്വഡിൽനിന്നു സഞ്ജു തഴയപ്പെട്ടു.

ഇതോടെ ‘എ’ ടീമിലും ‘ബി’ ടീമിലും സഞ്ജുവില്ല എന്ന അവസ്ഥയിലായി. ലോകകപ്പിനു മുന്നോടിയായി നടക്കുന്ന ഓസ്ട്രേലിയൻ പരമ്പരയിലും ഉൾപ്പെടാതിരുന്നതോടെ ദേശീയ ടീമിൽനിന്നു പൂർണമായി അവഗണിക്കപ്പെട്ടിരിക്കുകയാണ് സഞ്ജു സാംസൺ. ഇതിനെതിരെ മുൻ ഇന്ത്യൻ താരങ്ങൾ ഉൾപ്പെടെയുള്ളവരും രംഗത്തെത്തി. സഞ്ജുവിനെ ഏഷ്യൻ ഗെയിംസ് ടീമിന്റെ ക്യാപ്റ്റനാക്കണമായിരുന്നെന്ന് മുൻ ഇന്ത്യൻ താരമായ ആകാശ് ചോപ്ര അഭിപ്രായപ്പെട്ടു.

‘‘ ഏഷ്യൻ ഗെയിംസ് ടീമിൽ സഞ്ജു ഉണ്ടായിരിക്കണമായിരുന്നെന്നാണ് എനിക്ക് തോന്നുന്നത്. എവിടെയെങ്കിലും അദ്ദേഹം കളിക്കട്ടെ. ലോകകപ്പ് ടീമിൽ അദ്ദേഹത്തെ ഉൾപ്പെടുത്തിയില്ല. എന്നാൽ ഏഷ്യൻ ഗെയിംസ് കളിക്കാൻ അവനു യോഗ്യത ഉണ്ടെന്നു തോന്നുന്നു. ഇതു ശരിയല്ല. ലോകകപ്പ് ടീമിന്റെ തൊട്ടടുത്ത് വരെ അദ്ദേഹം എത്തിയതാണ്. അതുകൊണ്ടതന്നെ ഏഷ്യൻ ഗെയിംസ് ടീമിൽ ഉൾപ്പെടുത്തണം. ശരിക്കും പറഞ്ഞാൽ അദ്ദേഹത്തെ ക്യാപ്റ്റനാക്കണമായിരുന്നു.’’– ആകാശ് ചോപ്ര തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.

ഏഷ്യൻ ഗെയിംസ് ടീമിൽ ഐപിഎലിൽ തിളങ്ങിയ യുവതാരങ്ങളാണ് ഇടംപിടിച്ചിരിക്കുന്നത്. 15 അംഗ ടീമിനു പുറമേ റിസർവ് താരങ്ങളെയും ഉൾപ്പെടുത്തിയിട്ടുണ്ട്. ട്വന്റി20 മത്സരങ്ങളാണ് ഏഷ്യൻ‌ ഗെയിംസ് ക്രിക്കറ്റിലുള്ളത്. ഇതാദ്യമായാണ് ഇന്ത്യ ഗെയിംസിന് ക്രിക്കറ്റ് ടീമിനെ അയയ്ക്കുന്നത്.

ഏഷ്യൻ ഗെയിംസ് ടീം: ഋതുരാജ് ഗെയ്ക്‌വാദ് (ക്യാപ്റ്റൻ), യശസ്വി ജയ്‌സ്വാൾ, രാഹുൽ ത്രിപാഠി, തിലക് വർമ, റിങ്കു സിങ്, ജിതേഷ് ശർമ, വാഷിങ്ടൻ സുന്ദർ, ഷഹബാസ് അഹമ്മദ്, രവി ബിഷ്ണോയ്, ആവേശ് ഖാൻ, അർഷ്ദീപ് സിങ്, മുകേഷ് കുമാർ, ശിവം മാവി, ശിവം ദുബെ, പ്രഭ്സിമ്രൻ സിങ്.

ലോകകപ്പ് ടീം. രോഹിത് ശർമ (ക്യാപ്റ്റൻ), വിരാട് കോലി, ജസ്പ്രീത് ബുമ്ര, ഹാർദിക് പാണ്ഡ്യ, ശുഭ്മൻ ഗിൽ, ശ്രേയസ് അയ്യർ, കെ.എൽ. രാഹുൽ, രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, കുൽദീപ് യാദവ്, ഷാർദൂൽ ഠാക്കൂർ, അക്ഷർ പട്ടേൽ, ഇഷാൻ കിഷൻ, സൂര്യകുമാര്‍ യാദവ്.

English Summary: Sanju Samson Should Have Been Captain of Asian Games Team, Says Former Indian Cricketer 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com