ADVERTISEMENT

ന്യൂഡൽഹി∙ ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ധവാന് വിവാഹമോചനം അനുവദിച്ച് ഡൽഹി കോടതി. പിരിഞ്ഞുകഴിയുന്ന ഭാര്യ അയേഷ മുഖർജിയിൽനിന്ന് താരം ക്രൂരതയും മാനസികമായ യാതനകളും അനുഭവിക്കേണ്ടിവന്നതായി കോടതി വിലയിരുത്തി. വര്‍ഷങ്ങളായി ഏകമകനിൽനിന്നു വേർപെട്ടു ജീവിക്കുന്ന ധവാനെ ഭാര്യ സമ്മർദത്തിലാക്കിയതായും, താരം അതിന്റെ മാനസിക വേദനയിലായിരുന്നെന്നും ഡൽഹി പട്യാല ഹൗസ് കോംപ്ലക്സിലെ കുടുംബ കോടതി വ്യക്തമാക്കി.

വിവാഹ മോചനം ആവശ്യപ്പെട്ടുള്ള ഹർജിയിൽ ധവാൻ ഭാര്യയ്ക്കെതിരായി ഉന്നയിച്ച ആരോപണങ്ങൾ ശരിയാണെന്നു കോടതി കണ്ടെത്തി. ഭാര്യ മാനസികമായ ക്രൂരതയ്ക്ക് ഇരയാക്കിയതായി ധവാൻ കോടതിയിൽ പരാതിപ്പെട്ടിരുന്നു. 2012 ഒക്ടോബറിലാണ് അയേഷ മുഖർജിയും ധവാനും വിവാഹിതരായത്. ആദ്യ വിവാഹത്തിൽ അയേഷയ്ക്കു രണ്ടു പെൺമക്കളുണ്ട്.

കുടുംബ ബന്ധത്തിലെ പ്രശ്നങ്ങളെക്കുറിച്ച് ധവാൻ അടുത്തിടെ ഒരു അഭിമുഖത്തില്‍ മനസ്സു തുറന്നിരുന്നു. ‘‘ ഒരു കാര്യത്തിലെ അന്തിമ തീരുമാനം സ്വയം എടുക്കേണ്ടതാണ്, അതിൽ ഞാൻ പരാജയപ്പെട്ടു. ഞാൻ ആർക്കെതിരെയും വിരൽ ചൂണ്ടുന്നില്ല. എന്റെ വിവാഹമോചന കേസ് നടന്നുകൊണ്ടിരിക്കുകയാണ്. നാളെ എനിക്കു മറ്റൊരു വിവാഹം ചെയ്യേണ്ടി വന്നാല്‍ എനിക്ക് അക്കാര്യത്തിൽ കൂടുതൽ വിവേകത്തോടെ തീരുമാനമെടുക്കാനാകും. എങ്ങനെയുള്ള പെൺകുട്ടിയെയാണ് എനിക്കു വേണ്ടതെന്നു എനിക്കു തന്നെ മനസ്സിലാക്കാൻ സാധിക്കും.’’– ധവാൻ പ്രതികരിച്ചു.

അതേസമയം ധവാന്റെയും അയേഷയുടേയും മകൻ ആർക്കൊപ്പം ജീവിക്കുമെന്ന കാര്യത്തിൽ കോടതി നിലപാടെടുത്തില്ല. മകനെക്കാണാനും ആവശ്യമുള്ളപ്പോൾ വിഡിയോ കോൾ ചെയ്യാനുമുള്ള അനുവാദം ധവാന് കോടതി നൽകിയിട്ടുണ്ട്. മക്കൾക്കൊപ്പം ഓസ്ട്രേലിയയിലാണ് അയേഷ മുഖര്‍ജി താമസിക്കുന്നത്. സ്കൂൾ അവധിക്കാലത്തിന്റെ പകുതി സമയം കുട്ടിയെ ഇന്ത്യയിലെ ധവാന്റെ കുടുംബത്തോടൊപ്പം കഴിയാൻ അനുവദിക്കണമെന്നും കോടതി നിലപാടെടുത്തു.

English Summary: Shikhar Dhawan gets divorce, Delhi Court says India cricketer was subject to mental agony

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com