ADVERTISEMENT

മുംബൈ∙ സയ്യിദ് മുഷ്താഖ് അലി ട്വന്റി20 ടൂർണമെന്റിൽ നോക്കൗട്ട് ഉറപ്പിച്ച് കേരളത്തിന്റെ വിജയക്കുതിപ്പ്. ഇന്നു നടന്ന മത്സരത്തിൽ ഒഡീഷയെയും വീഴ്ത്തി കേരളം തുടർച്ചയായ ആറാം ജയം കുറിച്ചു. നവി മുംബൈയിലെ ഡോ. ഡി.വൈ.പാട്ടീൽ സ്പോർട്സ് അക്കാദമിയിൽ നടന്ന മത്സരത്തിൽ 50 റൺസിനാണ് കേരളം ഒഡിഷയെ വീഴ്ത്തിയത്. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കേരളം നിശ്ചിത 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 183 റൺസ്. ഒഡീഷയുടെ മറുപടി 18.1 ഓവറിൽ 133 റൺസിൽ അവസാനിച്ചു. വിജയത്തോടെ എലൈറ്റ് ഗ്രൂപ്പ് സിയിൽ 24 പോയിന്റുമായി ഒന്നാം സ്ഥാനം നിലനിർത്തിയ കേരളം നോക്കൗട്ട് ഉറപ്പാക്കി.

ബാറ്റിങ്ങിൽ മുന്നിൽനിന്നു നയിച്ച ക്യാപ്റ്റൻ സഞ്ജു സാംസണിന്റെ തകർപ്പൻ അർധസെഞ്ചറിയും, ബോളിങ്ങിൽ അതിഥി താരങ്ങളായ ജലജ് സക്സേനയുടെ അഞ്ച് വിക്കറ്റ് നേട്ടവും ശ്രേയസ് ഗോപാലിന്റെ നാലു വിക്കറ്റ് നേട്ടവുമാണ് കേരളത്തിന് തകർപ്പൻ വിജയം സമ്മാനിച്ചത്. ഓപ്പണർ വരുൺ നായനാർ, വിഷ്ണു വിനോദ് എന്നിവരുടെ ബാറ്റിങ് പ്രകടനങ്ങളും കേരള വിജയത്തിൽ നിർണായകമായി.

31 പന്തിൽ പുറത്താകാതെ 55 റൺസെടുത്താണ് ക്യാപ്റ്റൻ സഞ്ജു കേരളത്തിന്റെ ടോപ് സ്കോററായത്. നാലു വീതം സിക്സും ഫോറും സഹിതമാണ് സഞ്ജു തുടർച്ചയായ രണ്ടാം അർധസെഞ്ചറി നേടിയത്. വരുൺ നായനാർ 38 പന്തിൽ ഒൻപതു ഫോറുകളോടെ 48 റൺസെടുത്തും വിഷ്ണു വിനോദ് 33 പന്തിൽ മൂന്നു ഫോറും ഒരു സിക്സും സഹിതം 35 റൺസെടുത്തും പുറത്തായി. കഴിഞ്ഞ മത്സരത്തിൽ സെഞ്ചറി നേടിയ രോഹൻ എസ്.കുന്നുമ്മൽ 12 പന്തിൽ നാലു ഫോറുകൾ സഹിതം 16 റൺസെടുത്തു. അബ്ദുൽ ബാസിത് മൂന്നു പന്തിൽ അഞ്ച് റൺസുമായി നിരാശപ്പെടുത്തിയെങ്കിലും സൽമാൻ നിസാർ നാലു പന്തിൽ ഓരോ ഫോറും സിക്സും സഹിതം 11 റൺസുമായി പുറത്താകാതെ നിന്ന് കേരളത്തെ 180 കടത്തി.

കേരളത്തിനായി വിഷ്ണു വിനോദ് – വരുൺ നായനാർ സഖ്യം രണ്ടാം വിക്കറ്റിലും (43 പന്തിൽ 60), സഞ്ജു – വിഷ്ണു സഖ്യം മൂന്നാം വിക്കറ്റിലും (43 പന്തിൽ 65) അർധസെഞ്ചറി കൂട്ടുകെട്ട് തീർത്തു. ഒഡീഷയ്ക്കായി ടരണി സാ നാല് ഓവറിൽ 31 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. അഭിഷേക് യാദവിന് ഒരു വിക്കറ്റ് ലഭിച്ചു.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഒഡീഷ നിരയിൽ 23 പന്തിൽ നാലു ഫോറും ഒരു സിക്സും സഹിതം 37 റൺസെടുത്ത സുബ്രാൻഷു സേനാപതി ടോപ് സ്കോററായി. ക്യാപ്റ്റൻ ഗോവിന്ദ പോഡർ (20 പന്തിൽ 27), രാജേഷ് ധൂപർ (19 പന്തിൽ 28) എന്നിവരും തിളങ്ങി. കേരളത്തിനായി ജലജ് സക്സേന നാല് ഓവറിൽ 17 റൺസ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തി. ശ്രേയസ് ഗോപാൽ 3.1 ഓവറിൽ 18 റൺസ് വഴങ്ങി നാലു വിക്കറ്റും സ്വന്തമാക്കി. ശേഷിക്കുന്ന വിക്കറ്റ് 3 ഓവറിൽ 24 റൺസ് വഴങ്ങി ബേസിൽ തമ്പിയും സ്വന്തം പേരിലാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com