ADVERTISEMENT

ഏകദിന ക്രിക്കറ്റിൽ ക്യാപ്റ്റനായി നാലേ നാലു മത്സരങ്ങളുടെ പരിചയം മാത്രമുള്ള ഒരാളെ, അതും ഒരു പേസ് ബോളറെ ഏകദിന ക്രിക്കറ്റ് ലോകകപ്പ് ടീമിന്റെ നായകനായി തിരഞ്ഞെടുക്കാൻ ഏതെങ്കിലും ക്രിക്കറ്റ് ബോർഡ് തയാറാകുമോ? എന്നാൽ പാറ്റ് കമിൻസ് എന്ന മുപ്പതുകാരനെ ഈ ചുമതല ഏൽപിക്കാൻ ഓസ്ട്രേലിയൻ ക്രിക്കറ്റ് ബോർഡിന് രണ്ടാമതൊന്നു ചിന്തിക്കേണ്ടിവന്നില്ല.

ലോകകപ്പിലെ ആദ്യ 2 മത്സരങ്ങളും തോറ്റതോടെ കമിൻസും ബോർഡും ഒട്ടേറെ വിമർശനങ്ങൾ ഏറ്റുവാങ്ങി. എന്നാൽ വിമർശിച്ചവരെക്കൊണ്ടെല്ലാം കയ്യടിപ്പിച്ച്, തുടർച്ചയായ 9 ജയങ്ങളുമായി, തങ്ങളുടെ ആറാം ലോകകിരീടവും മുറുകെപ്പിടിച്ചാണ് കമിൻസും സംഘവും നാട്ടിലേക്കു മടങ്ങുന്നത്. 1983ൽ കപിൽ ദേവിൽ തുടങ്ങി, 1992ൽ ഇമ്രാൻ ഖാനിലൂടെ വളർന്ന് 2023ൽ പാറ്റ് കമിൻസിൽ എത്തിനിൽക്കുന്ന പേസ് ബോളിങ് ഓൾറൗണ്ടർ ക്യാപ്റ്റൻമാരുടെ ജൈത്രയാത്രയ്ക്കാണ് ഇന്നലെ അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയം സാക്ഷിയായത്.

kohli-cumins-1
ഓസ്ട്രേലിയന്‍ താരങ്ങളെ അഭിനന്ദിക്കുന്ന വിരാട് കോലി. ചിത്രം∙ ആർ.എസ്. ഗോപൻ, മനോരമ

ലോകകപ്പിനു മുൻപു നടന്ന ഏകദിന പരമ്പരകളിൽ തുടർതോൽവികൾ ഏറ്റുവാങ്ങിയാണ് കമിൻസും സംഘവും ടൂർണമെന്റിനെത്തിയത്. ആദ്യ മത്സരത്തിൽ ഇന്ത്യയോടും അടുത്ത മത്സരത്തിൽ ദക്ഷിണാഫ്രിക്കയോടും തോറ്റതോടെ കമിൻസിന്റെ നേതൃപാടവം ചോദ്യം ചെയ്യപ്പെട്ടു. സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാർണർ എന്നിങ്ങനെ ക്യാപ്റ്റൻസിയിൽ അനുഭവസമ്പത്തും മികച്ച റെക്കോർഡുമുള്ള താരങ്ങൾ ടീമിലുള്ളപ്പോൾ കമിൻസിനെ ക്യാപ്റ്റനാക്കിയതിനെതിരെ മുൻ താരങ്ങൾ വരെ രംഗത്തെത്തി.

മൂന്നാം മത്സരത്തിൽ ശ്രീലങ്കയെ 5 വിക്കറ്റിനു തോ‍ൽപിച്ചാണ് ഓസ്ട്രേലിയ ടൂർണമെന്റിലെ ആദ്യ ജയം സ്വന്തമാക്കിയത്. പിന്നീട് ഓസീസിന് തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. ബോളിങ് മാറ്റങ്ങളും താൻ ഉൾപ്പെടുന്ന പേസ് ബോളർമാരുടെ സ്പെൽ കൃത്യമായി നിർണയിച്ചും കമിൻസ് നടപ്പാക്കിയ തീരുമാനങ്ങളുടെ ഫലംകൂടിയായിരുന്നു തുടർന്നുള്ള മത്സരങ്ങളിലെ വിജയങ്ങൾ. അതുവരെ ബോളിങ്ങിൽ മികവു പുലർത്തിയ കമിൻസിലെ ക്യാപ്റ്റനെയും ബാറ്ററെയും ഒരുപോലെ അടയാളപ്പെടുത്തിയ മത്സരമായിരുന്നു അഫ്ഗാനിസ്ഥാനെതിരെ കണ്ടത്.

kohli-cumins-2
പാറ്റ് കമിന്‍സ് ഓസീസ് താരങ്ങൾക്കൊപ്പം. ചിത്രം∙ ആർ.എസ്. ഗോപൻ, മനോരമ

7ന് 91 എന്ന നിലയിൽ പതറിയ ഓസീസിനെ അപരാജിത ഇരട്ട സെഞ്ചറിയുമായി (201) ഗ്ലെൻ മാക്സ്‍വെൽ വിജയതീരത്തെത്തിച്ചപ്പോൾ ഒരു എൻഡിൽ പാറ പോലെ ഉറച്ചുനിന്ന കമിൻസിന്റെ (68 പന്തിൽ 12 നോട്ടൗട്ട്) ചെറുത്തുനിൽപാണ് മാക്സ്‌വെലിന് അടിത്തറ ഒരുക്കി നൽകിയത്. ഫൈനലിൽ 10 ഓവറിൽ ഒരു ബൗണ്ടറി പോലും വിട്ടുനൽകാതെ 34 റൺസ് വിട്ടുനൽകി 2 വിക്കറ്റെടുത്ത കമിൻസിന്റെ സ്പെല്ലാണ് ഇന്ത്യൻ ബാറ്റിങ്ങിന്റെ താളം തെറ്റിച്ചത്. വിരാട് കോലി, ശ്രേയസ് അയ്യർ എന്നിവരുടെ നിർണായക വിക്കറ്റുകളായിരുന്നു കമിൻസ് നേടിയത്. 13 ഓവറിനിടെ 5 ബോളർമാരെ പരീക്ഷിച്ച കമിൻസ് ഇന്ത്യയെ തുടക്കത്തിൽ തന്നെ വരിഞ്ഞുകെട്ടി.

‘ഇത്രയുമധികം കാണികളെ നിശ്ശബ്ദരാക്കുന്നതിനെക്കാൾ വലിയ സംതൃപ്തിയുണ്ടോ’– ഫൈനലിന് തൊട്ടുമുൻപ്, ഇത്രയുമധികം കാണികളുടെ മുന്നിൽ കളിക്കുന്നതിന്റെ സമ്മർദത്തെക്കുറിച്ചു ചോദിച്ചപ്പോൾ ചിരിച്ചുകൊണ്ട് കമിൻസ് നൽകിയ മറുപടിയാണത്. പറഞ്ഞ വാക്ക് കമിൻസ് പാലിച്ചു; ഒന്നരലക്ഷത്തോളം കാണികളെ ഒരു ലോകകിരീടം കൊണ്ട‌ു കമിൻസും സംഘവും നിശ്ശബ്ദരാക്കി.

English Summary:

Captain Pat Cummins' tactics were crucial in Australia's victory

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com