ADVERTISEMENT

മുംബൈ∙ ലോക കിരീടം കയ്യെത്തും ദൂരത്ത് വഴുതിയെങ്കിലും ഈ ലോകകപ്പിലെ ഏറ്റവും മികച്ച താരങ്ങളെ ഉൾപ്പെടുത്തി രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) പുറത്തിറക്കിയ ‘ഐസിസി ലോകകപ്പ് ടീ’മിൽ ഇന്ത്യയിൽനിന്ന് ആറു താരങ്ങൾ. കിരീടം നേടിയ ഓസ്ട്രേലിയൻ ടീമിൽനിന്ന് രണ്ടു താരങ്ങൾ മാത്രം ഇടംപിടിച്ചപ്പോഴാണ്, ആറ് ഇന്ത്യൻ താരങ്ങൾ ഐസിസി ഇലവനിൽ എത്തിയത്. ഇന്ത്യൻ നായകൻ രോഹിത് ശർമയാണ്, ഐസിസി ടീമിന്റെയും നായകൻ.

രോഹിത് ശർമയ്ക്കു പുറമേ ടൂർണമെന്റിന്റെ താരമായി തിരഞ്ഞെടുക്കപ്പെട്ട വിരാട് കോലി, വിക്കറ്റ് വേട്ടക്കാരുടെ പട്ടികയിൽ ഒന്നാമതെത്തിയ മുഹമ്മദ് ഷമി, ഇന്ത്യൻ പേസ് ആക്രമണത്തിന്റെ കുന്തമുനയായ ജസ്പ്രീത് ബുമ്ര, വിക്കറ്റ് കീപ്പർ ബാറ്റർ കെ.എൽ. രാഹുൽ, ഓൾറൗണ്ടർ രവീന്ദ്ര ജഡേജ എന്നിവരാണ് ഐസിസി ടീമിൽ ഇടംപിടിച്ചത്.

ഓസ്ട്രേലിയൻ ടീമിൽനിന്ന് ഐസിസി ഇലവനിൽ ഇടംപിടിച്ചത് ഈ ലോകകപ്പിലെ ഉയർന്ന വ്യക്തിഗത സ്കോർ സ്വന്തം പേരിലാക്കിയ ഗ്ലെൻ മാക്സ്‍വെലും സ്പിന്നർ ആദം സാംപയും മാത്രം. സെമിഫൈനലിലും ഫൈനലിലും ഉൾപ്പെടെ കളിയിലെ കേമനായി മാറിയ ട്രാവിസ് ഹെഡിനു പോലും ലോക ഇലവനിൽ ഇടമില്ല.

ഇവർക്കു പുറമേ ദക്ഷിണാഫ്രിക്കൻ താരം ക്വിന്റൻ ഡികോക്ക്, ന്യൂസീലൻ‍ഡ് താരം ഡാരിൽ മിച്ചൽ, ശ്രീലങ്കൻ താരം ദിൽഷൻ മധുഷങ്ക എന്നിവരാണ് ഐസിസി ഇലവനിൽ ഇടംപിടിച്ചത്. സെമിയിൽ കളിക്കാത്ത ടീമുകളിൽനിന്ന് ഐസിസി ഇലവനിലെത്തിയ ഏക താരവും മധുഷങ്കയാണ്. ദക്ഷിണാഫ്രിക്കയുടെ ജെറാൾഡ് കോയെട്സി പന്ത്രണ്ടാമനായും ടീമിൽ ഇടംപിടിച്ചു.

ഐസിസി ടീം ഇങ്ങനെ: രോഹിത് ശർമ (ക്യാപ്റ്റൻ), ക്വിന്റൻ ഡികോക്ക് (വിക്കറ്റ് കീപ്പർ), വിരാട് കോലി, ഡാരിൽ മിച്ചൽ, കെ.എൽ. രാഹുൽ, ഗ്ലെൻ മാക്സ്‍വെൽ, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, ദിൽഷൻ മധുഷങ്ക, ആദം സാംപ

English Summary:

ICC announces team of World Cup 2023: Six Indians find place, Rohit Sharma named captain, no Travis Head

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com