ADVERTISEMENT

ഇന്ത്യ. ഒരു തോൽവിക്കും കീഴടക്കാനാവാത്ത ജനകോടികളുടെ വികാരത്തിന്റെ പേര്; ഒന്നും മറക്കാത്ത രാജ്യത്തിന്റെയും... ഇന്നലെ അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ വീണത് ഇന്ത്യൻ വിക്കറ്റുകളല്ല. നൊമ്പരവറ്റുകളാണ്; കണ്ണീർത്തുള്ളികളാണ്. 

83ൽ കപിലിന്റെ ‘ചെകുത്താൻമാർ’, 2011ൽ ധോണിയുടെ, സച്ചിനുൾപ്പെട്ട മാലാഖമാർ. അതിനിടയിൽ 3 പതിറ്റാണ്ടിന്റെ ഒരുക്കവും ഉരുക്കവും ഉണ്ടായിരുന്നു. 2003 ൽ ഫൈനൽ വരെയെത്തി റണ്ണേഴ്സ് അപ്പായി തോറ്റുമടങ്ങുമ്പോൾ (അന്നും ഓസ്ട്രേലിയയോട്) ഇന്നത്തെക്കാൾ ആഴത്തിലുള്ള വേദനയിൽ ഇന്ത്യ കരഞ്ഞു.  2011 ലെ ചിരിയിലാണ് ആ മുറിവുണങ്ങിയത്. അതുവരെ കണ്ണീരുപ്പ് പുരട്ടി നീറ്റി നിർത്തിയ മുറിവ്.

ലോകകപ്പ് ചുണ്ടിനും കപ്പിനുമിടയിൽ നഷ്ടമായെങ്കിലും ഇത്തവണ ലോകകപ്പിൽ ഇന്ത്യ നടത്തിയതു തേരോട്ടമാണ്. തോൽവിയറിയാതെ ഫൈനൽ വരെ. അതിനിടെ 50 സെഞ്ചറി തികച്ച കോലിയും ചീട്ടുകൊട്ടാരത്തിന്റെ അടിത്തറ കൽച്ചീളുകൊണ്ട് എറിഞ്ഞു വീഴ്ത്തുന്നതു പോലെ 7 വിക്കറ്റ് എറിഞ്ഞിട്ട ഷമിയും അടക്കം എത്ര സുന്ദര നിമിഷങ്ങൾ.

ഫൈനലിൽ ടോസിൽ തോറ്റിട്ടും ബാറ്റിങ്ങിന് ഇന്ത്യ ഇറങ്ങിയപ്പോൾ എന്തൊരു ആവേശമായിരുന്നു. റൺസ് മുപ്പതിന്റെ പടി കടക്കുന്നതുവരെ പ്രതീക്ഷയുടെ യൗവനം . ശുഭ്മൻ ഗില്ലിന്റെ വിക്കറ്റ് വീണതോടെ സ്റ്റേഡിയത്തിലും ലക്ഷക്കണക്കിന്  ‘ടിവി സ്റ്റേഡിയങ്ങളിലും’ കണ്ണുനട്ടിരുന്ന ജനകോടികളുടെ മനമിടിഞ്ഞു. സ്കോർ 76 ലെത്തിയപ്പോൾ ക്യാപ്റ്റൻ രോഹിത് ശർമയ്ക്കു കാലിടറി; ആരാധകരുടെ മനമിടറി. പിന്നീട് കെ.എൽ.രാഹുലും വിരാട് കോലിയും ചേർന്ന് സ്കോർ148ല്‍ എത്തിക്കുംവരെ സ്റ്റേഡിയത്തിൽ പ്രതീക്ഷ പൂവിട്ടു. 148 ൽ കോലിയും 178 ൽ ജഡേജയും വീണതോടെ ഇന്ത്യ അപകടം മണത്തു. പിന്നെ കെ.എൽ രാഹുലിന്റെ ചെറുത്തു നിൽപിനൊടുവിൽ;  പൊരുതി നോക്കാനുള്ള- 240 എന്ന കണക്ക് മുന്നോട്ടുവച്ച് ഇന്ത്യ ബോളിങ്ങ് എൻഡിലേക്ക് .

സ്കോർ 50 കടക്കും മുൻപ് 3 വിക്കറ്റ് വീഴിച്ച് ഇന്ത്യ പോരാട്ടം മുന്നോട്ടു വച്ചപ്പോൾ ഇന്ത്യൻ മണ്ണിൽ പ്രതീക്ഷ പൂവിട്ടു. പക്ഷേ, 239ൽ വിജയത്തിന്റെ പടിവാതിലിൽ ഹെഡ് പുറത്താക്കുന്നതു വരെ ഇന്ത്യൻ ഏറിന്റെ മുനയൊടിച്ച ഓസീസ് പടയോട്ടം. ഒടുവിൽ ; ഓസ്ട്രേലിയ ട്രാവിസ് ഹെഡിന്റെ തലയെടുപ്പിൽ കപ്പുമായി മടങ്ങി; ഇന്ത്യ പടിക്കൽ കലമുടച്ചതിന്റെ സങ്കടത്തിലും. നിരാശരാവേണ്ടതില്ല; ഈ (ഏക )ദിനവും കടന്നുപോവും. ഒരു ദിനം കൊണ്ട് ഒന്നും അവസാനിച്ചില്ല. ഒരു ലോകകപ്പും !

English Summary:

Australia defeat India to win ODI World Cup

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com