ADVERTISEMENT

ഹലോ..!

സൗഹൃദത്തിന്റെ ആദ്യ സെർവ് പായിച്ചത് താനാണെന്ന് വിരാട് കോലി കരുതി. അല്ല! അതിനു മുൻപേ നൊവാക് ജോക്കോവിച്ചിന്റെ ഒരു എയ്സ്, റിട്ടേൺ ഇല്ലാതെ അവിടെ വന്നു കിടക്കുന്നുണ്ടായിരുന്നു! സെർബിയൻ ടെന്നിസ് താരം നൊവാക് ജോക്കോവിച്ചുമായുള്ള ഇൻസ്റ്റഗ്രാം സൗഹൃദത്തെക്കുറിച്ചുള്ള വിരാട് കോലിയുടെ വെളിപ്പെടുത്തലാണ് ഇന്നലെ ആരാധകർക്കിടയിൽ ആവേശമായത്. ഇൻഡോറിൽ അഫ്ഗാനിസ്ഥാനെതിരായ രണ്ടാം ട്വന്റി20 മത്സരത്തിനു മുൻപ് ബിസിസിഐ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് കോലി ജോക്കോവിച്ചിനെക്കുറിച്ച് മനസ്സു തുറന്നത്. കോലിയും താനും ‘ടെക്സ്റ്റ് ബഡ്ഡീസ്’ ആണെന്ന് ജോക്കോവിച്ച് കഴിഞ്ഞദിവസം സോണി സ്പോർട്സ് ചാനലിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. പിന്നാലെയായിരുന്നു കോലിയുടെ വാക്കുകൾ.

‘‘വളരെ സ്വാഭാവികമായാണ് ഞങ്ങളുടെ സൗഹൃദം തുടങ്ങിയത്. ഒരിക്കൽ ഇൻസ്റ്റഗ്രാമിൽ നൊവാക്കിന്റെ പ്രൊഫൈൽ നോക്കിയിരിക്കെ ഒരു മെസേജ് അയയ്ക്കണമെന്ന് എനിക്കു തോന്നി. ഹലോ എന്ന് അയയ്ക്കാൻ മെസേജ് ബോക്സ് ഓപ്പൺ ചെയ്തപ്പോഴാണ് അവിടെ അദ്ദേഹത്തിന്റെ ഒരു മെസേജ് നേരത്തേതന്നെ വന്നു കിടക്കുന്നത് കണ്ടത്. ഞാൻ അമ്പരന്നു പോയി. ഇത് നൊവാക്കിന്റെ ഒറിജിനൽ അക്കൗണ്ട് തന്നെയാണോ എന്നായി എന്റെ സംശയം. അത് ഉറപ്പായതോടെ ഞങ്ങളുടെ സൗഹൃദത്തിനു തുടക്കമായി..’’– കോലിയുടെ വാക്കുകൾ. രാജ്യാന്തര ക്രിക്കറ്റിൽ താൻ 50–ാം സെഞ്ചറി നേടിയ സമയത്ത് അഭിനന്ദനസൂചകമായി ജോക്കോവിച്ച് ഇൻസ്റ്റഗ്രാം സ്റ്റോറി പങ്കുവച്ചത് വലിയ ആഹ്ലാദം നൽകിയെന്നും കോലി പറഞ്ഞു.

ഇതുവരെ പരസ്പരം കണ്ടിട്ടില്ലെങ്കിലും ജോക്കോ ഇന്ത്യയിലെത്തുകയാണെങ്കിൽ തീർച്ചയായും അദ്ദേഹത്തിനൊപ്പം കുറച്ചു സമയം ചെലവഴിക്കാൻ താൻ വളരെയധികം ആഗ്രഹിക്കുന്നതായും കോലി പറഞ്ഞു. ‘‘അദ്ദേഹത്തെപ്പോലൊരു ഗ്ലോബൽ അത്‌ലീറ്റിൽ നിന്ന് എനിക്ക് പലതും പഠിക്കാനുണ്ട്. പക്ഷേ ക്രിക്കറ്റ് ബാറ്റ് എങ്ങനെ നന്നായി പിടിക്കാമെന്ന പാഠം മാത്രമേ അതിനുള്ള പ്രത്യുപകാരമായി എന്റെ കയ്യിലുള്ളൂ..’’– തമാശരൂപേണ കോലിയുടെ വാക്കുകൾ. താൻ ക്രിക്കറ്റ് പഠിച്ചു തുടങ്ങുന്നതേയുള്ളൂ എന്നും മോശമില്ലാതെ ബാറ്റു ചെയ്യാൻ പഠിച്ചതിനു ശേഷമേ ഇനി ഇന്ത്യയിലേക്കു വരുന്നുള്ളൂ എന്നും കഴിഞ്ഞ ദിവസം ഓസ്ട്രേലിയൻ താരം സ്റ്റീവ് സ്മിത്തുമായുള്ള സൗഹൃദ ക്രിക്കറ്റിനിടെ ജോക്കോവിച്ച് പറഞ്ഞിരുന്നു. മുൻപ് 2010ൽ ടെന്നിസ് പ്രിമിയർ ലീഗിന്റെ ഭാഗമായി ജോക്കോവിച്ച് ഇന്ത്യയിലെത്തിയിരുന്നു.

English Summary:

Novak Djokovic and Virat Kohli shared their Instagram friendship with their fans

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com