ADVERTISEMENT

ബ്രിസ്ബെയ്ൻ ∙ ഷമാർ ജോസഫ് എന്ന ഇരുപത്തിനാലുകാരന്റെ പന്തിൽ ജോഷ് ഹെയ്സൽവുഡിന്റെ ഓഫ് സ്റ്റംപ് വായുവിലേക്ക് ഉയർന്നുപൊങ്ങിയത് വെസ്റ്റിൻഡീസ് ക്രിക്കറ്റിന്റെ ചരിത്രവും പേറിയാണ്. 1968നു ശേഷം ആദ്യമായി ഓസ്ട്രേലിയയുടെ ‘ഗാബക്കോട്ട’ വിൻഡീസ് പിടിച്ചടക്കിയിരിക്കുന്നു. രണ്ടാം ടെസ്റ്റിൽ 8 റൺസിന് ഓസീസിനെ തോൽപിച്ച വിൻഡീസ് 27 വർഷത്തിനു ശേഷമാണ് ഓസ്ട്രേലിയയിൽ ഒരു ടെസ്റ്റ് മത്സരം ജയിക്കുന്നത്. 1997ൽ പെർത്തിൽ 10 വിക്കറ്റിനായിരുന്നു വിൻഡീസിന്റെ ജയം. 

 നാലാം ദിനം 8 വിക്കറ്റ് കയ്യിലിരിക്കെ ഓസീസിന് ജയിക്കാൻ 156 റൺസ് കൂടി മതിയായിരുന്നു. എന്നാൽ പ്രതാപകാലത്തെ വിൻഡീസ് പേസ് ബോളിങ്ങിനെ അനുസ്മരിപ്പിക്കുന്ന പ്രകടനവുമായി യുവതാരം ഷമാർ ജോസഫ് (68 റൺസ് വഴങ്ങി 7 വിക്കറ്റ്) കത്തിക്കയറിപ്പോൾ 8 റൺസ് അകലെ ഓസ്ട്രേലിയ വീണു.  അവസാനനിമിഷം വരെ ഓസ്ട്രേലിയയുടെ വിജയപ്രതീക്ഷ തോളേറ്റിയ സ്റ്റീവ് സ്മിത്ത് (91 നോട്ടൗട്ട്) മൂകസാക്ഷിയായി നോൺ സ്ട്രൈക്കർ എൻഡിൽ ഉണ്ടായിരുന്നു. രണ്ടു മത്സര പരമ്പര ഇതോടെ സമനിലയിലായി. സ്കോർ: വെസ്റ്റിൻഡീസ് ഒന്നാം ഇന്നിങ്സ് 311, രണ്ടാം ഇന്നിങ്സ് 193. ഓസ്ട്രേലിയ ഒന്നാം ഇന്നിങ്സ് 9ന് 289 ഡിക്ലയേഡ്, രണ്ടാം ഇന്നിങ്സ് 207. ഷമാർ ജോസഫാണ് പ്ലെയർ ഓഫ് ദ് മാച്ചും പ്ലെയർ ഓഫ് ദ് സീരീസും.

സബാഷ് ഷമാർ

ബാറ്റർമാരെ നിലയുറപ്പിക്കാൻ അനുവദിക്കാതെ വിക്കറ്റ് വീഴ്ത്തിയ ഷമാർ, ഓസീസിനെ 9ന് 191 എന്ന നിലയിലേക്ക് തള്ളിയിട്ടു. ഒരു വിക്കറ്റ് ശേഷിക്കെ 25 റൺസായിരുന്നു അപ്പോൾ ഓസീസിന് ജയിക്കാൻ ആവശ്യം.

അവസാന വിക്കറ്റിൽ ഹെയ്സൽവുഡിനെ (0) കൂട്ടുപിടിച്ച്  സ്മിത്ത് റൺ കണ്ടെത്താൻ തുടങ്ങിയതോടെ വിൻഡീസിന് നേരിയ ആശങ്കയായി. എന്നാൽ തന്റെ 12–ാം ഓവറിലെ അഞ്ചാം പന്തിൽ ഹെയ്സൽവുഡിന്റെ ഓഫ് സ്റ്റംപ് തെറിപ്പിച്ച ഷമാർ, വിൻഡീസിന് ചരിത്രവിജയം സമ്മാനിച്ചു.

English Summary:

West Indies won a Test match in Australia after 27 years

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com