ADVERTISEMENT

മുംബൈ ∙ പരുക്കുമൂലം നാഷനൽ ക്രിക്കറ്റ് അക്കാദമിയിൽ (എൻസിഎ) ചികിത്സയിലായിരുന്ന സൂപ്പർ താരം സൂര്യകുമാർ യാദവ് മുംബൈ ഇന്ത്യൻസ് ക്യാംപിലെത്തി. സൂര്യ പൂർണമായും ശരീരക്ഷമത വീണ്ടെടുത്തെന്ന് കഴി‍ഞ്ഞ ദിവസം എൻസിഎ അധികൃതർ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് താരം മുംബൈ ക്യാംപിൽ എത്തിയത്. ടീമിനൊപ്പം പരിശീലനം നടത്തുന്ന ചിത്രങ്ങളും വിഡിയോയും മുംബൈ ഇന്ത്യൻസ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പങ്കുവച്ചു. 

സീസണിലെ ആദ്യ 3 മത്സരങ്ങളും തോറ്റ മുംബൈ, പോയിന്റ് പട്ടികയിൽ  അവസാന സ്ഥാനത്താണ്. സൂര്യയുടെ തിരിച്ചുവരവോടെ ടീമിന്റെ മധ്യനിര ശക്തിപ്പെടുത്താൻ സാധിക്കുമെന്നാണ് മുംബൈ മാനേജ്മെന്റിന്റെ പ്രതീക്ഷ. നാളെ ഡൽഹി ക്യാപിറ്റൽസിനെതിരെ നടക്കുന്ന മത്സരത്തിൽ സൂര്യ കളിച്ചേക്കും. ഡിസംബറിൽ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ട്വന്റി20 പമ്പരയ്ക്ക് ശേഷം സൂര്യകുമാർ കളിക്കളത്തിൽ ഇറങ്ങിയിട്ടില്ല. തിരിച്ചെത്താനായാൽ വരും മത്സരങ്ങളിൽ മുംബൈയ്ക്ക് ജയം പിടിച്ച് ടൂർണമെന്റിലേക്ക് തിരിച്ചെത്താമെന്ന കണക്കുകൂട്ടലിലാണ് ടീം മാനേജ്മെന്റും ആരാധകരും.

സൂര്യകുമാര്‍ തിരിച്ചെത്തിയാല്‍ ആദ്യ മൂന്നു മത്സരങ്ങളിലും മൂന്നാം നമ്പരിലിറങ്ങിയ നമർ ധിർ ആദ്യ ഇലവനിൽ നിന്ന് പുറത്തായേക്കും. രോഹിത് – ഇഷാൻ ഓപ്പണിങ് ജോടിക്കു പിന്നാലെ ക്രീസിലെത്തിയാല്‍ ടീം സ്കോർ ഉയർത്താൻ കെൽപുള്ള താരമാണ് സൂര്യ. ഹാർദിക് പാണ്ഡ്യ, ഡെവാൾഡ് ബ്രെവിസ്, ടിം ഡേവിഡ് എന്നിവർ മധ്യനിരയിൽ തുടരും. എന്നാൽ ഹാർദിക് ക്യാപ്റ്റനായ ശേഷം ടീമിൽ ഉടലെടുത്ത വിഭാഗീയത സൂര്യകുമാറിന്റെ പ്രകടനത്തെ ബാധിക്കുമോ എന്ന ആശങ്കയുമുണ്ട്. മുൻ ക്യാപ്റ്റൻ രോഹിത്തിനെ പിന്തുണയ്ക്കുന്നവരുടെ കൂട്ടത്തിൽ സൂര്യയുമുണ്ട്.

English Summary:

Suryakumar Yadav to unite with Mumbai Indians tomorrow, return almost confirmed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com