ADVERTISEMENT

ലക്നൗ∙ അർധസെഞ്ചറികളുമായി ക്യാപ്റ്റൻമാർ പടനയിച്ച ഐപിഎൽ പോരാട്ടത്തിൽ, ലക്നൗ സൂപ്പർ ജയന്റ്സിനെ വീഴ്ത്തി രാജസ്ഥാൻ റോയൽസ് വിജയക്കുതിപ്പ് തുടരുന്നു. ക്യാപ്റ്റൻ സഞ്ജു സാംസൺ സീസണിലെ നാലാം അർധസെഞ്ചറി കുറിച്ച മത്സരത്തിൽ ഏഴു വിക്കറ്റിനാണ് രാജസ്ഥാൻ വിജയം പിടിച്ചെടുത്തത്. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ലക്നൗ നിശ്ചിത 20 ഓവറിൽ നേടിയത് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 196 റൺസ്. മറുപടി ബാറ്റിങ്ങിൽ ക്യാപ്റ്റൻ സഞ്ജുവിനു പുറമേ യുവതാരം ധ്രുവ് ജുറലും അർധസെഞ്ചറി നേടിയതോടെ രാജസ്ഥാൻ അനായാസം വിജയത്തിലെത്തി. മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തിൽ രാജസ്ഥാൻ വിജയം തൊടുമ്പോൾ ബാക്കിയായത് 6 പന്തുകൾ!

ഒൻപതു മത്സരങ്ങളിൽനിന്ന് എട്ടാം ജയം കുറിച്ച രാജസ്ഥാൻ, 16 പോയിന്റുമായി ഒന്നാം സ്ഥാനം അരക്കിട്ടുറപ്പിച്ചു. സീസണിലെ നാലാം തോൽവി വഴങ്ങിയ ലക്നൗ 10 പോയിന്റുമായി നാലാം സ്ഥാനത്തു തുടരുന്നു. പിരിയാത്ത നാലാം വിക്കറ്റിൽ സഞ്ജു – ജുറൽ സഖ്യം പടുത്തുയർത്തിയ സെഞ്ചറി കൂട്ടുകെട്ടാണ് രാജസ്ഥാന്റെ വിജയത്തിന്റെ നട്ടെല്ല്. വെറും 62 പന്തിൽനിന്ന് ഇരുവരും അടിച്ചുകൂട്ടിയത് 121 റൺസാണ്. 28 പന്തിലാണ് സഞ്ജു അർധസെഞ്ചറി പിന്നിട്ടത്. ജുറൽ 31 പന്തിലും അർധസെഞ്ചറി കടന്നു. സഞ്ജു 33 പന്തുകൾ നേരിട്ട് ഏഴു ഫോറും നാലു സിക്സും സഹിതം 71 റൺസുമായി പുറത്താകാതെ നിന്നു. ജുറൽ 34 പന്തിൽ അഞ്ച് ഫോറും രണ്ടു സിക്സും സഹിതം 52 റൺസോടെ ക്യാപ്റ്റനു കൂട്ടുനിന്നു.

ഓപ്പണിങ് വിക്കറ്റിൽ വെറും 35 പന്തിൽനിന്ന് 60 റൺസ് അടിച്ചുകൂട്ടി ഓപ്പണർമാരായ ജോസ് ബട്‍ലറും യശസ്വി ജയ്സ്വാളും നൽകിയ മിന്നുന്ന തുടക്കം മുതലെടുത്താണ് രാജസ്ഥാൻ അനായാസം വിജയത്തിലെത്തിയത്. ബട്‍ലർ 18 പന്തിൽ നാലു ഫോറും ഒരു സിക്സും സഹിതം നേടിയത് 34 റൺസ്. ജയ്സ്വാൾ 18 പന്തിൽ മൂന്നു ഫോറും ഒരു സിക്സും സഹിതം 24 റൺസെടുത്തും പുറത്തായി. റിയാൻ പരാഗ് 11 പന്തിൽ ഒരു സിക്സ് സഹിതം 14 റൺസെടുത്ത് അമിത് മിശ്രയ്ക്ക് വിക്കറ്റ് സമ്മാനിച്ച് പുറത്തായെങ്കിലും, പിരിയാത്ത നാലാം വിക്കറ്റിൽ സെഞ്ചറി കൂട്ടുകെട്ടുമായി സഞ്ജു – ജുറൽ സഖ്യം രാജസ്ഥാനെ വിജയത്തിലെത്തിച്ചു.

ലക്നൗവിനായി മാർക്കസ് സ്റ്റോയ്നിസ് ഒരു ഓവറിൽ മൂന്നു റൺസ് വഴങ്ങിയും യഷ് താക്കൂർ നാല് ഓവറിൽ 50 റൺസ് വഴങ്ങിയും അമിത് മിശ്ര രണ്ട് ഓവറിൽ 20 റൺസ് വഴങ്ങിയും ഓരോ വിക്കറ്റെടുത്തു.

∙ പടനയിച്ച് രാഹുൽ, പിന്തുണച്ച് ഹൂഡ

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ലക്നൗ, നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 196 റൺസെടുത്തത്. അർധസെഞ്ചറിയുമായി മുന്നിൽ നിന്നു പടനയിച്ച ക്യാപ്റ്റൻ കെ.എൽ. രാഹുൽ (76), ഇടവേളയ്ക്കു ശേഷം ഐപിഎലിൽ അർധസെഞ്ചറി നേടിയ ദീപക് ഹൂഡ (50) എന്നിവരുടെ ഇന്നിങ്സുകളാണ് ലക്നൗവിന് മികച്ച സ്കോർ സമ്മാനിച്ചത്. രാജസ്ഥാനായി സന്ദീപ് ശർമ രണ്ടു വിക്കറ്റ് വീഴ്ത്തി.

രണ്ട് ഓവറിൽ 11 റൺസെടുക്കുമ്പോഴേയ്ക്കും ഓപ്പണർ ക്വിന്റൻ ഡികോക്ക്, മാർക്കസ് സ്റ്റോയ്നിസ് എന്നിവരുടെ വിക്കറ്റ് നഷ്ടമാക്കി കൂട്ടത്തകർച്ചയിലേക്കു നീങ്ങിയ ലക്നൗവിന്, മൂന്നാം വിക്കറ്റിൽ രാഹുൽ – ഹൂഡ സഖ്യം പടുത്തുയർത്തിയ സെഞ്ചറി കൂട്ടുകെട്ടാണ് മികച്ച സ്കോറിന് അടിത്തറയായത്. വെറും 62 പന്തിൽനിന്ന് ഇരുവരും ചേർന്ന് അടിച്ചുകൂട്ടിയത് 115 റൺസാണ്. രാഹുൽ 48 പന്തിൽ എട്ടു ഫോറും രണ്ടു സിക്സും സഹിതമാണ് 76 റൺസെടുത്തത്. 31 പന്തുകൾ നേരിട്ട ഹൂഡ, ഏഴു ഫോറുകളോടെ 50 റൺസുമെടുത്തു.

ഇതിനിടെ, ഐപിഎലിൽ ഓപ്പണറെന്ന നിലയിൽ രാഹുൽ 4000 റൺസും പിന്നിട്ടു. ശിഖർ ധവാൻ 6362), ഡേവിഡ് വാർണർ (5909), ക്രിസ് ഗെയ്‌ൽ (4480), വിരാട് കോലി (4041) എന്നിവർക്കു ശേഷം ഈ നേട്ടത്തിലെത്തുന്ന ആദ്യ താരമാണ് രാഹുൽ. മാത്രമല്ല, ഐപിഎലിൽ കുറഞ്ഞത് രണ്ടു തവണയെങ്കിലും ഇന്നിങ്സ് ഓപ്പൺ ചെയ്തിട്ടുള്ള 169 ബാറ്റർമാരിൽ, ഏറ്റവും മികച്ച ശരാശരിയും (50.12) രാഹുലിന്റെ പേരിലാണ്. നീണ്ട 17 ഇന്നിങ്സുകൾക്കു ശേഷമാണ് ഹൂഡ ഐപിഎലിൽ അർധസെഞ്ചറി നേടുന്നു. ഐപിഎലിൽ ഇതിനു മുൻപ് ഹൂഡ അർധസെഞ്ചറി നേടിയതും രാജസ്ഥാൻ റോയൽസിനെതിരെയായിരുന്നു. 2022ലായിരുന്നു ഇത്. അന്ന് നേടിയത് 39 പന്തിൽ 59 റൺസ്.

അവസാന ഓവറുകളിൽ ഭേദപ്പെട്ട ബാറ്റിങ് പ്രകടനവുമായി 13 പന്തിൽ 18 റൺസുമായി പുറത്താകാതെ നിന്ന ആയുഷ് ബദോനി, 11 പന്തിൽ 15 റൺസുമായി കൂട്ടുനിന്ന ക്രുനാൽ പാണ്ഡ്യ എന്നിവർ ചേർന്നാണ് ലക്നൗവിന്റെ സ്കോർ 196ൽ എത്തിച്ചത്. അതേസമയം, ക്വിന്റൻ ഡികോക്ക് (മൂന്നു പന്തിൽ എട്ട്), മാർക്കസ് സ്റ്റോയ്നിസ് (0), നിക്കോളാസ് പുരാൻ (11 പന്തിൽ 11) എന്നിവർ നിരാശപ്പെടുത്തി. രാജസ്ഥാനായി സന്ദീപ് ശർമ നാല് ഓവറിൽ 31 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി. ട്രെന്റ് ബോൾട്ട് നാല് ഓവറിൽ 41 റൺസ് വഴങ്ങിയും, ആവേശ് ഖാൻ നാല് ഓവറിൽ 42 റൺസ് വഴങ്ങിയും രവിചന്ദ്രൻ അശ്വിൻ നാല് ഓവറിൽ 39 റൺസ് വഴങ്ങിയും ഓരോ വിക്കറ്റെടുത്തു.

English Summary:

Lucknow Super Giants vs Rajasthan Royals, IPL Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com