ADVERTISEMENT

കൊൽക്കത്ത ∙ ഡൽഹി ക്യാപിറ്റൽസ് കഷ്ടപ്പെട്ടു തട്ടിക്കൂട്ടിയ 154 റൺസ് വിജയലക്ഷ്യം കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഓപ്പണർ ഫിൽ സോൾട്ടിന് ഒന്ന് ‘ഉപ്പു നോക്കാൻ’ വരെ ഇല്ലായിരുന്നു. 33 പന്തിൽ 5 സിക്സും 7 ഫോറുമടക്കം 68 റൺസുമായി നിറഞ്ഞാടിയ സോൾട്ട്, സ്വന്തം തട്ടകത്തിൽ കൊൽക്കത്തയ്ക്ക് 7 വിക്കറ്റിന്റെ ആധികാരിക ജയം സമ്മാനിച്ചു. സ്കോർ: ഡൽഹി 20 ഓവറിൽ 9ന് 153. കൊൽക്കത്ത 16.3 ഓവറിൽ 3ന് 157. കൊൽക്കത്തയ്ക്കായി  4 ഓവറിൽ 16 റൺസ് വഴങ്ങി 3 വിക്കറ്റ് വീഴ്ത്തിയ വരുൺ ചക്രവർത്തിയാണ് പ്ലെയർ ഓഫ് ദ് മാച്ച്.

സോൾട്ട് സ്റ്റാർട്ട്

ജയിക്കാൻ 154 റൺസ് മതിയായിരുന്നിട്ടും തുടക്കം മുതൽ ആക്രമിച്ചു കളിക്കാനാണ് കൊൽക്കത്ത ഓപ്പണർമാർ തീരുമാനിച്ചത്. കൂറ്റൻ അടികളിലൂടെ കളം നിറഞ്ഞ ഫിൽ സോൾട്ട്, സ്കോർ ബോർഡ് അതിവേഗം മുന്നോട്ടുനീക്കിയപ്പോൾ മറുവശത്ത് കാഴ്ചക്കാരന്റെ റോളായിരുന്നു സഹഓപ്പണർ സുനിൽ നരെയ്ന് (10 പന്തിൽ 15). പവർപ്ലേ അവസാനിക്കുമ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ 79 എന്ന നിലയിലായിരുന്നു കൊൽക്കത്ത. ഏഴാം ഓവറിലെ ആദ്യ പന്തിൽ നരെയ്നെ പുറത്താക്കിയ അക്ഷർ പട്ടേൽ, തന്റെ അടുത്ത ഓവറിൽ സോൾട്ടിനെയും മടക്കിയെങ്കിലും കൊൽക്കത്ത സ്കോർ അപ്പോഴേക്കും 96 റൺസിൽ എത്തിയിരുന്നു. പിന്നാലെയെത്തിയ റിങ്കു സിങ് (11) പെട്ടെന്നു മടങ്ങിയെങ്കിലും ക്യാപ്റ്റൻ ശ്രേയസ് അയ്യർ (23 പന്തിൽ 33 നോട്ടൗട്ട്), വെങ്കടേഷ് അയ്യർ (23 പന്തിൽ 26 നോട്ടൗട്ട്) എന്നിവർ ചേർന്ന് മറ്റു നഷ്ടങ്ങളില്ലാതെ കൊൽക്കത്തയെ വിജയത്തിലെത്തിച്ചു.

കുൽദീപിന്റെ പോരാട്ടം 

ആദ്യം ബാറ്റു ചെയ്ത് 8ന് 111 എന്ന നിലയിലേക്കു വീണ ഡൽഹിയെ പൊരുതാവുന്ന സ്കോറിൽ എത്തിച്ചത് അവസാന ഓവറുകളിൽ കുൽദീപ് യാദവ് നടത്തിയ ചെറുത്തുനിൽപാണ്. 26 പന്തിൽ ഒരു സിക്സും 5 ഫോറുമടക്കം കുൽദീപ് നേടിയ 35 റൺസിന്റെ ബലത്തിലാണ് ഡൽഹി ടോട്ടൽ 150 കടന്നത്. ക്യാപ്റ്റൻ ഋഷഭ് പന്ത് (20 പന്തിൽ 27),  അക്ഷർ പട്ടേൽ (21 പന്തിൽ 15) എന്നിവരാണ് കുൽദീപിനു പുറമേ ഭേദപ്പെട്ടു കളിച്ചത്. 

English Summary:

Kolkata won by 7 wickets against Delhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com