ADVERTISEMENT

മുംബൈ∙ ഏഴാം തോൽവിക്കു പിന്നാലെ മുംബൈ ഇന്ത്യൻസിന് അടുത്ത തിരിച്ചടി. ലക്നൗ സൂപ്പർ ജയന്റ്സിനെതിരായ മത്സരത്തിൽ സ്ലോ ഓവര്‍ റേറ്റിന്റെ പേരിൽ മുംബൈ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയ്ക്ക് 25 ലക്ഷം രൂപ പിഴ ചുമത്തി. മുംബൈ ഇന്ത്യൻസിന്റെ ടീമിലുണ്ടായിരുന്ന എല്ലാ താരങ്ങളും മാച്ച് ഫീയുടെ 25 ശതമാനമോ, ആറു ലക്ഷം രൂപയോ പിഴയായി അടയ്ക്കേണ്ടിവരും. ഇംപാക്ട് പ്ലേയറായി ഇറങ്ങിയ താരത്തിനും ശിക്ഷാ നടപടിയിൽ യാതൊരു ഇളവും നൽകിയിട്ടില്ല.

ഇതു രണ്ടാം തവണയാണ് ഐപിഎല്ലിലെ കുറഞ്ഞ ഓവർ നിരക്കിന്റെ പേരിൽ പാണ്ഡ്യയ്ക്കെതിരെ നടപടിയെടുക്കുന്നത്. പത്തു മത്സരങ്ങളിൽ ഏഴും തോറ്റ മുംബൈ ഇന്ത്യൻസ് പോയിന്റ് പട്ടികയിൽ ഒൻപതാം സ്ഥാനത്താണ്. ആറു പോയിന്റാണ് സീസണിൽ ഇതുവരെ മുംബൈ ഇന്ത്യൻസിനു നേടാൻ സാധിച്ചത്. ചൊവ്വാഴ്ച നടന്ന മത്സരത്തിൽ മുംബൈ ഉയർത്തിയ 145 റൺസ് വിജയലക്ഷ്യം 19.2 ഓവറിലാണ് ലക്നൗ മറികടന്നത്.

അർധസെഞ്ചറി നേടിയ മാർക്കസ് സ്റ്റോയിനിസ് (45 പന്തിൽ 62), ക്യാപ്റ്റൻ കെ.എൽ.രാഹുൽ (22 പന്തിൽ 28) എന്നിവരുടെ ബാറ്റിങ്ങാണ് ലക്നൗ വിജയത്തിൽ നിർണായകമായത്. ഇതോടെ പത്തു മത്സരങ്ങളിൽനിന്ന് 12 പോയിന്റുമായി ലക്നൗ മൂന്നാം സ്ഥാനത്തായി. ആദ്യം ബാറ്റു ചെയ്ത മുംബൈയ്ക്ക് നിശ്ചിത 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 144 റൺസെടുക്കാനെ സാധിച്ചുള്ളൂ.

നേഹൽ വധേര (41 പന്തിൽ 46), ടിം ഡേവിഡ് (18 പന്തിൽ 35*), ഇഷാൻ കിഷൻ (36 പന്തിൽ 32) എന്നിവർ മാത്രമാണു മുംബൈ നിരയിൽ അൽപമെങ്കിലും പിടിച്ചുനിന്നത്. ലക്നൗവിനായി മുഹ്‌സിൻ ഖാൻ രണ്ടു വിക്കറ്റ് വീഴ്ത്തിയപ്പോൾ മാർക്കസ് സ്റ്റോയിനിസ്, നവീൻ ഉൾ–ഹഖ്, മായങ്ക് യാദവ്, രവി ബിഷ്ണോയ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

English Summary:

Entire Mumbai Indians Team Penalised For Code Of Conduct Breach

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com