ADVERTISEMENT

ദുബായ് ∙ ഐസിസി പുരുഷ ടെസ്റ്റ് ക്രിക്കറ്റ് വാർഷിക റാങ്കിങ്ങിൽ ഇന്ത്യയ്ക്ക് ഒന്നാം സ്ഥാനം നഷ്ടമായി. ലോക ടെസ്റ്റ് ചാംപ്യൻഷിപ് ജേതാക്കളായ ഓസ്ട്രേലിയയാണ് ഇന്ത്യയെ രണ്ടാം സ്ഥാനത്തേക്കു പിന്തള്ളിയത്. ഇതോടെ ക്രിക്കറ്റിന്റെ 3 ഫോർമാറ്റിലും ഒന്നാം സ്ഥാനക്കാർ എന്ന അതുല്യ പദവി ഇന്ത്യയ്ക്കു നഷ്ടമായി. ഏകദിനത്തിലും ട്വന്റി20യിലും ഇന്ത്യയുടെ ഒന്നാം റാങ്കിന് ഇളക്കമില്ല. വെള്ളിയാഴ്ച പുതുക്കിയ ഐസിസി വാർഷിക ടെസ്റ്റ് റാങ്കിങ് അനുസരിച്ച് ഓസ്ട്രേലിയയെക്കാൾ (124) നാലു പോയിന്റ് പിന്നിലാണ് ഇന്ത്യ(120). മൂന്നാം സ്ഥാനത്തുള്ള ഇംഗ്ലണ്ടിനെക്കാൾ 15 പോയിന്റ് മുന്നിലും.

മേയ് 2021നു ശേഷമുള്ള ടെസ്റ്റ് പരമ്പരകളുടെ ഫലമാണ് റാങ്കിങ്ങിനു പരിഗണിച്ചത്. 2020–21 സീസണിൽ ഇന്ത്യ ഓസ്ട്രേലിയയിൽ നേടിയ 2–1 ടെസ്റ്റ് പരമ്പര വിജയം റാങ്കിങ് പോയിന്റ് പട്ടികയിൽനിന്നു പുറത്തായതാണ് ഇന്ത്യയുടെ സ്ഥാനനഷ്ടത്തിനു കാരണം. ആകെ 9 ടീമുകളാണു ടെസ്റ്റ് റാങ്കിങ് പട്ടികയിലുള്ളത്. റാങ്കിങ്ങിനു പരിഗണിക്കാൻ മാത്രം മത്സരങ്ങൾ 3 വർഷ കാലാവധിക്കിടെ കളിക്കാത്തതിനാ‍ൽ അഫ്ഗാനിസ്ഥാൻ, സിംബാബ്‌വെ, അയർലൻഡ് ടീമുകൾ പട്ടികയിൽനിന്ന് പുറത്തായി. 3 വർഷത്തിനിടെ കുറഞ്ഞത് 8 ടെസ്റ്റുകളെങ്കിലും കളിക്കണമെന്നാണു ചട്ടം.

ഏകദിന റാങ്കിങ്ങിൽ ആദ്യ പത്തിൽ ഇളക്കമില്ല. എന്നാൽ, ട്വന്റി20യിൽ ഇംഗ്ലണ്ടിനെ മറികടന്ന് ഓസ്ട്രേലിയ രണ്ടാം സ്ഥാനത്തെത്തി. പാക്കിസ്ഥാൻ 2 സ്ഥാനം നഷ്ടപ്പെടുത്തി ഏഴാമതായി.

English Summary:

India lost first rank in test rankings

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com