ADVERTISEMENT

മുംബൈ∙ ട്വന്റി20 ലോകകപ്പ് ടീമിലേക്ക് പരിഗണിക്കാൻ ഹാർദിക് പാണ്ഡ്യയേക്കാൾ മിടുക്കുള്ള ഫാസ്റ്റ് ബോളിങ് ഓൾറൗണ്ടർ ഇന്ത്യയിൽ ഉണ്ടാകില്ലെന്ന് ഇന്ത്യൻ ടീം മുൻ സിലക്ടർ എം.എസ്.കെ. പ്രസാദ്. ഐപിഎല്ലിൽ ഫോമിലേക്കു മടങ്ങിയെത്താൻ ബുദ്ധിമുട്ടിയ പാണ്ഡ്യയെ ആയിരിക്കില്ല ട്വന്റി20 ലോകകപ്പിൽ കാണുകയെന്നും എം.എസ്.കെ. പ്രസാദ് ഒരു സ്പോർട്സ് മാധ്യമത്തോടു പറഞ്ഞു. ‘‘ പറയൂ, ഇന്ത്യയിൽ ഹാർദിക് പാണ്ഡ്യയേക്കാൾ മികച്ച ഫാസ്റ്റ് ബോളിങ് ഓൾറൗണ്ടർമാർ ആരാണുള്ളത്. പാണ്ഡ്യ അടുത്തിടെ ഫോം കണ്ടെത്താൻ ബുദ്ധിമുട്ടിയെന്നതു ശരിയാണ്. മുംബൈ ഇന്ത്യന്‍സിലെ ക്യാപ്റ്റൻ സ്ഥാനം കൈമാറിയത് താരത്തിന്റെ ഫോമിനെയും ബാധിച്ചിട്ടുണ്ടാകാം.’’– എം.എസ്.കെ. പ്രസാദ് വ്യക്തമാക്കി.

‘‘ഹാർദിക് പാണ്ഡ്യയെ ടീമിൽ എടുക്കുന്നതിനും വൈസ് ക്യാപ്റ്റൻ സ്ഥാനം നൽകുന്നതിനും രണ്ടാമതൊന്ന് ആലോചിക്കേണ്ടതില്ല. രോഹിത് ശർമ ടീമിനൊപ്പം ഇല്ലാത്തപ്പോഴാണ് പാണ്ഡ്യയെ ക്യാപ്റ്റൻസി ഏൽപിച്ചത്. നേതൃനിരയിലേക്കുള്ള വഴിയിലാണ് ഹാർദിക് പാണ്ഡ്യയെന്നു വ്യക്തമാണ്. താരത്തെ തിരഞ്ഞെടുത്തതോടെ സിലക്ടർമാർ കൃത്യമായ കാര്യമാണു ചെയ്തത്.’’ കഴിഞ്ഞ ട്വന്റി20 ലോകകപ്പിനു ശേഷം രോഹിത് ശർമ ടീമിൽനിന്നു മാറിനിന്നപ്പോൾ ഹാർദിക് പാണ്ഡ്യയാണ് ഇന്ത്യൻ ടീമിനെ നയിച്ചിരുന്നത്. രോഹിത് വീണ്ടും ക്യാപ്റ്റൻ സ്ഥാനത്തേക്കുവന്നതോടെ പാണ്ഡ്യ വഴിമാറിക്കൊടുക്കുകയായിരുന്നു.

‘‘മുംബൈ ഇന്ത്യന്‍സിൽ അദ്ദേഹത്തിന്റെ ഫോം നഷ്ടപ്പെട്ടിട്ടുണ്ടാകാം. എന്നാൽ ഇന്ത്യൻ ജഴ്സി ധരിച്ചുകഴിഞ്ഞാൽ ഐപിഎല്ലിലെ പ്രശ്നങ്ങളെ പാണ്ഡ്യയ്ക്കു മാറ്റിനിർത്താനാകും. ക്രിക്കറ്റ് പണ്ഡിതൻമാർ എന്തു വേണമെങ്കിലും പറയട്ടെ, പക്ഷേ ഇപ്പോഴും രാജ്യത്തെ മികച്ച ഫാസ്റ്റ് ബോളിങ് ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ തന്നെയാണ്.’’– എം.എസ്.കെ. പ്രസാദ് പ്രതികരിച്ചു. ഐപിഎൽ സീസണിൽ 11 മത്സരങ്ങളിൽ മൂന്നെണ്ണം മാത്രം ജയിച്ച മുംബൈ ആറു പോയിന്റുമായി ഒൻപതാം സ്ഥാനത്താണ്. കഴിഞ്ഞ ദിവസം കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനോടും തോറ്റതോടെ മുംബൈയുടെ പ്ലേ ഓഫ് പ്രതീക്ഷകൾ‌ അവസാനിച്ചിരുന്നു.

English Summary:

MSK Prasad support Hardik Pandya's participation in Twenty 20 World Cup

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com