ADVERTISEMENT

മുംബൈ ∙ ഐപിഎൽ 17–ാം സീസണിൽ മുംബൈ ഇന്ത്യൻസിന്റെ അവസാന പ്രതീക്ഷയും കൊൽക്കത്ത ബോളർമാർ എറിഞ്ഞുടച്ചു. നിർണായക മത്സരത്തിൽ കൊൽക്കത്തയോട് 24 റൺസിന്റെ തോൽവി വഴങ്ങിയതോടെ ഈ സീസണിൽ പ്ലേഓഫ് കാണാതെ പുറത്താകുന്ന ആദ്യ ടീമായി മുംബൈ മാറി. ആദ്യം ബാറ്റു ചെയ്ത് 169 റൺസ് മാത്രം നേടാനായ കൊൽക്കത്ത മുംബൈയുടെ കരുത്തുറ്റ ബാറ്റിങ് നിരയെ 145 റൺസിൽ ഓൾഔട്ടാക്കിയാണ് വിജയം പിടിച്ചെടുത്തത്. സ്കോർ: കൊൽക്കത്ത– 19.5 ഓവറിൽ 169. മുംബൈ– 18.5 ഓവറിൽ 145. 

ഹാർദിക് പാണ്ഡ്യയുടെ ക്യാപ്റ്റൻസിയിലെ ആദ്യ സീസൺ ഇതോടെ മുംബൈ ഇന്ത്യൻസിന് വലിയ നിരാശയുട‌േതായി. വാങ്കഡെയി‍ൽ കൊൽക്കത്ത മുംബൈയെ തോൽപിക്കുന്നത് 12 വർഷത്തിനുശേഷമാണ്.  രോഹിത് ശർമ ഇംപാക്ട് പ്ലെയറായി ബാറ്റിങ്ങിനെത്തിയ മത്സരത്തിൽ 170 റൺസിന്റെ എത്തിപ്പിടിക്കാവുന്ന വിജയലക്ഷ്യമാണ് കൊൽക്കത്ത മുംബൈയ്ക്കു മുന്നിൽവച്ചത്. എന്നാൽ സ്പിൻ, പേസ് വ്യത്യാസമില്ലാതെ ആഞ്ഞടിച്ച കൊൽക്കത്ത ബോളാക്രമണത്തിനു മുൻപിൽ അവർക്കു തുടക്കത്തിലേ താളംതെറ്റി. ഇഷാൻ കിഷൻ (13), നമാൻ ധിർ (11), രോഹിത് ശർമ (11), തിലക് വർമ (4), നെഹൽ വധേര (6), ഹാർദിക് പാണ്ഡ്യ (1) എന്നിവർ വരി വരിയായി പവലിയനിൽ തിരിച്ചെത്തി.

എങ്കിലും ഒരറ്റത്ത് പിടിച്ചുനിൽക്കുന്ന സൂര്യകുമാർ യാദവിലായിരുന്നു (35 പന്തിൽ 56) പ്രതീക്ഷ. 71 റൺസ് എടുക്കുന്നതിനിടെ 6 വിക്കറ്റ് നഷ്ടമായ മുംബൈസ്കോർ 120ൽ എത്തിച്ചതിനു പിന്നാലെ സൂര്യകുമാറും പുറത്തായി. അവസാന നിമിഷം ആഞ്ഞടിച്ച ടിം ഡേവിഡിന്റേത് (20 പന്തിൽ 24) അടക്കം 3 വിക്കറ്റുകൾ 19–ാം ഓവറിൽ സ്വന്തമാക്കി മിച്ചൽ സ്റ്റാർക്ക് കൊൽക്കത്തയുടെ വിജയമുറപ്പിച്ചു. 

നേരത്തേ മുംബൈയുടെ പേസാക്രമണത്തിൽ മുൻനിര തകർന്ന കൊൽക്കത്തയെ കരകയറ്റിയത് വെങ്കിടേഷ് അയ്യരുടെ ഇന്നിങ്സാണ് (52 പന്തിൽ 70).  5ന് 57 എന്ന നിലയിലേക്കു വീണ കൊൽക്കത്ത വെങ്കടേഷും ഇംപാക്ട് പ്ലെയർ മനീഷ് പാണ്ഡെയും (31 പന്തിൽ 42) ചേർന്നുള്ള 83 റൺസിന്റെ ആറാം വിക്കറ്റ് കൂട്ടുകെട്ടിലൂടെ തിരിച്ചെത്തുകയായിരുന്നു. 

English Summary:

Mumbai Indians VS Kolkata Knight Riders Cricket Match Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com