ADVERTISEMENT

ന്യൂഡൽഹി∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ ഡൽഹി ക്യാപിറ്റൽസ്– രാജസ്ഥാൻ റോയൽസ് മത്സരത്തില്‍ സഞ്ജു സാംസണിന്റെ പുറത്താകലിനെച്ചൊല്ലിയുള്ള വിവാദങ്ങൾ അവസാനിച്ചിട്ടില്ല. ഷായ് ഹോപ് ബൗണ്ടറി ലൈനിനോടു ചേർന്ന് ക്യാച്ചെടുക്കുമ്പോള്‍ താരത്തിന്റെ ഷൂസ് ലൈനിൽ തട്ടിയോ എന്നതാണു പ്രധാന ചര്‍ച്ചാ വിഷയം. അതിനിടെ ഗാലറിയിലെ ‘അതിരുവിട്ട പ്രകടനത്തിന്റെ’ പേരിൽ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയ ഒരാളുണ്ട്. ഡൽഹി ക്യാപിറ്റൽസ് ടീം ഉടമ പാർഥ് ജിൻഡാലാണ് അത്. ഗ്രൗണ്ടിൽവച്ച് സഞ്ജു അംപയർമാരോടു തർക്കിക്കുമ്പോൾ, ഗാലറിയിൽ താരത്തിന്റെ വിക്കറ്റ് നേട്ടം ആഘോഷിക്കുകയായിരുന്നു ജിൻഡാൽ.

സഞ്ജു ഔട്ട് എന്ന് ഗാലറിയിൽവച്ച് ആക്രോശിക്കുന്ന ഡൽഹി ടീം ഉടമയുടെ ദൃശ്യങ്ങളും പുറത്തുവന്നു. ഡൽഹി ടീം ഉടമയുടെ ദൃശ്യങ്ങൾ വൈറലായതോടെ മത്സര ശേഷം പാർഥ് ജിൻഡാൽ സഞ്ജുവുമായി സംസാരിക്കുന്ന  വിഡിയോ ഡല്‍ഹി ക്യാപിറ്റല്‍സ് പുറത്തുവിട്ടു. ട്വന്റി20 ലോകകപ്പ് ടീമിൽ ഇടം നേടിയ രാജസ്ഥാൻ ക്യാപ്റ്റനെ ഡൽഹി ടീം ഉടമ അഭിനന്ദിച്ചതായി ക്യാപിറ്റൽസ് എക്സ് പ്ലാറ്റ്ഫോമിൽ വ്യക്തമാക്കി.

രാജസ്ഥാൻ റോയൽസ് ബാറ്റിങ്ങിനിടെ 16–ാം ഓവറിലായിരുന്നു സഞ്ജുവിന്റെ വിവാദ പുറത്താകൽ. മുകേഷ് കുമാറിന്റെ പന്ത് സഞ്ജു സിക്സർ ലക്ഷ്യമാക്കി അടിച്ചപ്പോൾ, ബൗണ്ടറിക്കു സമീപത്തുനിന്ന് ഡൽഹി ഫീൽഡർ ഷായ് ഹോപ് പിടിച്ചെടുക്കുകയായിരുന്നു. ഈ സമയത്ത് ഷായ് ഹോപിന്റെ ഷൂസ് ബൗണ്ടറി ലൈനിൽ തട്ടിയതായി ഗ്രൗണ്ട് അംപയർമാർക്കും സഞ്ജുവിനും സംശയമുണ്ടായിരുന്നു. എന്നാൽ സഞ്ജു ഔട്ട് തന്നെയാണെന്നായിരുന്നു തേര്‍ഡ് അംപയറുടെ വിധി.

ഗ്രൗണ്ടിൽനിന്നു മടങ്ങാൻ മടിച്ച രാജസ്ഥാൻ ക്യാപ്റ്റൻ തുടർന്ന് ഫീൽഡ് അംപയർമാരോടു തര്‍ക്കിക്കുകയായിരുന്നു. ദൃശ്യങ്ങൾ വീണ്ടും പരിശോധിക്കാൻ സാധിക്കില്ലെന്ന് അറിയിച്ചതോടെ സഞ്ജു നിരാശയോടെ ഡ്രസിങ് റൂമിലേക്കു മടങ്ങി. മത്സരത്തിൽ 20 റൺസിനാണ് ഡൽഹി ക്യാപിറ്റൽസ് വിജയിച്ചത്. ആദ്യം ബാറ്റു ചെയ്ത ഡൽഹി ക്യാപിറ്റൽസ് 20 ഓവറിൽ 8ന് 221 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിൽ രാജസ്ഥാൻ റോയൽസിന് 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 201 റൺസ് നേടാൻ മാത്രമാണു സാധിച്ചത്. അംപയറോടു തർക്കിച്ചതിന് സഞ്ജു സാംസണിന് മാച്ച് ഫീയുടെ 30 ശതമാനം പിഴ ചുമത്തുകയും ചെയ്തു.

English Summary:

Delhi Capitals Owner Parth Jindal's Animated Reaction To Sanju Samson's Dismissal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com