ADVERTISEMENT

ന്യൂഡൽഹി∙ ഇന്ത്യൻ പ്രീമിയർ ലീഗിനെ വൻ വിവാദത്തിലാക്കി രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസണിന്റെ പുറത്താകൽ. ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ 86 റൺസെടുത്തു നിൽക്കെയായിരുന്നു സഞ്ജു സാംസണിന്റെ പുറത്താകൽ. 16–ാം ഓവറിൽ മുകേഷ് കുമാറിനെ സിക്സർ പറത്താനുള്ള ശ്രമത്തിനിടെ സഞ്ജു പുറത്താകുകയായിരുന്നു. ബൗണ്ടറി ലൈനിനു സമീപത്തു നിൽക്കുകയായിരുന്ന ഡൽഹി ഫീൽഡര്‍ ഷായ് ഹോപ് ക്യാച്ചെടുത്താണു സഞ്ജുവിനെ മടക്കിയത്. പന്തു പിടിച്ചെടുക്കുമ്പോൾ ഷായ് ഹോപ്പിന്റെ ഷൂസ് ബൗണ്ടറി ലൈനിൽ ലൈനിൽ തട്ടിയിരുന്നോയെന്ന് അംപയർമാർക്കും സംശയുണ്ടായിരുന്നു.

ആത്മവിശ്വാസത്തോടെ ക്രീസിൽ നിൽക്കുകയായിരുന്നു ഈ സമയം സഞ്ജു. ദൃശ്യങ്ങൾ പരിശോധിച്ച തേർഡ് അംപയർ സഞ്ജു ഔട്ടാണെന്നു വിധിച്ചു. ഇതോടെയാണ് ഗ്രൗണ്ടിൽ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ഔട്ടാണെന്നു വിധിച്ചെങ്കിലും ഗ്രൗണ്ട് വിട്ടുപോകാതെ സഞ്ജു അംപയർമാരുടെ തീരുമാനത്തെ ചോദ്യം ചെയ്തു. തേർഡ് അംപയർ ദൃശ്യങ്ങൾ ഒരിക്കൽ കൂടി പരിശോധിക്കണമെന്ന് മലയാളി താരം ആവശ്യപ്പെട്ടെങ്കിലും അംപയർമാർ വഴങ്ങിയില്ല. സഞ്ജു ഔട്ടാണെന്ന് തേര്‍ഡ് അംപയർ ‘അതിവേഗം’ കണ്ടെത്തുകയായിരുന്നു.

വിവാദ ക്യാച്ചിൽ പുറത്തായ സഞ്ജു പിന്നീട് നിരാശയോടെ ഗ്രൗണ്ട് വിട്ടു. കളിയുടെ ഗതി മാറ്റിയ തീരുമാനം കൂടിയായിരുന്നു ഇത്. തൊട്ടുപിന്നാലെ തേർഡ് അംപയർമാരുടെ തീരുമാനത്തിനെതിരെ സമൂഹമാധ്യമത്തിൽ വൻ വിമർശനമാണ് ഉയർന്നത്. ഔട്ടോ, നോട്ടൗട്ടോ എന്നതല്ല. ഷായ് ഹോപ്പിന്റെ ക്യാച്ച് ആവശ്യത്തിനു സമയമെടുത്ത് അംപയർമാർ പരിശോധിച്ചില്ലെന്നാണ് ആരാധകരുടെ പരാതി. തേർഡ് അംപയർ തിടുക്കത്തിലെടുത്ത തീരുമാനമാണ് രാജസ്ഥാനെ കളി തോൽപിച്ചതെന്നും വിമർശനമുയർന്നു.

മത്സരത്തിൽ 46 പന്തുകൾ നേരിട്ട രാജസ്ഥാൻ ക്യാപ്റ്റൻ ആറു സിക്സുകളും എട്ടു ഫോറുകളുമാണു ബൗണ്ടറി കടത്തിയത്. സഞ്ജുവിന്റെ പുറത്താകലിനു ശേഷം രാജസ്ഥാന്‍ കളിയുടെ നിയന്ത്രണം കൈവിട്ടു. റോവ്മൻ പവലിനെ കൂട്ടുപിടിച്ച് ശുഭം ദുബെ പോരാട്ടത്തിനു ശ്രമിച്ചെങ്കിലും അധികസമയം നീണ്ടില്ല. ഡോനോവൻ ഫെരേര, ആർ. അശ്വിൻ എന്നിവര്‍ക്കും രാജസ്ഥാനെ വിജയത്തിലെത്തിക്കാൻ സാധിച്ചില്ല. 222 റൺസ് വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാൻ 201 റൺസിനു പുറത്തായി. ഡൽഹിക്ക് 20 റൺസിന്റെ വിജയം.

തോറ്റെങ്കിലും 11 മത്സരങ്ങളിൽനിന്ന് 16 പോയന്റുമായി രാജസ്ഥാൻ പട്ടികയിൽ രണ്ടാമതായി തുടരുകയാണ്. 12 മത്സരങ്ങളിൽനിന്ന് 12 പോയന്റുമായി അഞ്ചാം സ്ഥാനത്താണ് ഡൽഹി ക്യാപിറ്റൽസ്. ഓപ്പണർമാരായ യശസ്വി ജയ്സ്വാൾ (രണ്ടു പന്തിൽ നാല്), ജോസ് ബട്‍ലർ (17 പന്തിൽ 19) എന്നിവർ തിളങ്ങാതിരുന്നതും മത്സരത്തിന്റെ തുടക്കത്തിൽ രാജസ്ഥാനു തിരിച്ചടിയായി.

സീസണിൽ രാജസ്ഥാന് ഇനി മൂന്നു മത്സരങ്ങൾ കൂടി ബാക്കിയുണ്ട്. 12ന് ചെന്നൈ സൂപ്പർ കിങ്സിനെതിരെയാണ് അടുത്ത പോരാട്ടം. അതിനു ശേഷം പഞ്ചാബ് കിങ്സ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് എന്നീ ടീമുകളോടും രാജസ്ഥാന് കളിയുണ്ട്. സീസണിലെ ആറാം വിജയത്തോടെ ഡൽഹി ക്യാപിറ്റൽസ് പ്ലേ ഓഫ് സാധ്യത നിലനിർത്തി. പ്ലേ ഓഫ് ഏറെക്കുറെ ഉറപ്പിച്ചെന്നു പറയാമെങ്കിലും ടേബിളിൽ ഒന്നാം സ്ഥാനക്കാരായി മുന്നേറാനാണു രാജസ്ഥാന്റെ ശ്രമം.

English Summary:

Sanju Samson Out Or Not? Close Call By Umpire Irks Star Batter

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com