ADVERTISEMENT

ഹൈദരാബാദ്∙ ലക്നൗ സൂപ്പർ ജയന്റ്സ് ക്യാപ്റ്റൻ കെ.എൽ. രാഹുലിനെ ഗ്രൗണ്ടിൽവച്ച് പരസ്യമായി ശകാരിച്ച ടീം ഉടമ സഞ്ജീവ് ഗോയങ്കയ്ക്കെതിരെ ആരാധകർ. മത്സരത്തിനു തൊട്ടുപിന്നാലെ സ്വന്തം ടീം ക്യാപ്റ്റനെ ആരാധകരുടെ മുന്നിൽവച്ച് അപമാനിച്ച നടപടി ഒട്ടും ശരിയായില്ലെന്നും, ക്രിക്കറ്റിനു തന്നെ നാണക്കേടുണ്ടാക്കുന്നതായി സഞ്ജീവ് ഗോയങ്കയുടെ നീക്കമെന്നും വിമര്‍ശനമുയർന്നു. രാഹുൽ ഇനിയും ലക്നൗ ടീമിൽ തുടരരുതെന്നാണ് ആരാധകരുടെ ആവശ്യം. കർണാടകക്കാരനായ രാഹുലിനെ സ്വീകരിക്കാൻ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു തയാറാകണമെന്നും ആരാധകർ ആവശ്യപ്പെട്ടു.

രാഹുലും ആര്‍സിബിയുടെ സൂപ്പർ താരം വിരാട് കോലിയും തമ്മിലുള്ള സൗഹൃദത്തിന്റെ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രവഹിക്കുകയാണ്. രാഹുൽ ആർസിബിയിലേക്കു തിരിച്ചെത്തണമെന്ന് ബെംഗളൂരു ആരാധകരും എക്സ് പ്ലാറ്റ്ഫോമിൽ ആവശ്യപ്പെടുന്നു. റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന്റെ താരമായി രാഹുൽ മുൻപ് കളിച്ചിട്ടുണ്ട്. ബുധനാഴ്ച നടന്ന ഐപിഎല്‍ പോരാട്ടത്തിൽ ലക്നൗ സൂപ്പർ ജയന്റ്സ് പത്തു വിക്കറ്റിന്റെ തോൽവി ഏറ്റുവാങ്ങിയിരുന്നു.

ആദ്യം ബാറ്റു ചെയ്ത ലക്നൗ നാലു വിക്കറ്റ് നഷ്ടത്തിൽ 165 റൺസാണു നേടിയത്. മറുപടി ബാറ്റിങ്ങിൽ വിക്കറ്റുപോകാതെ 9.4 ഓവറിൽ സൺറൈസേഴ്സ് വിജയത്തിലെത്തി. മത്സരത്തിൽ 33 പന്തുകൾ നേരിട്ട രാഹുൽ 29 റൺസെടുത്തു പുറത്തായിരുന്നു. 12 മത്സരങ്ങളിൽ ആറാം തോൽവി വഴങ്ങിയ ലക്നൗ പോയിന്റ് പട്ടികയിൽ ആറാം സ്ഥാനത്താണ്. ടീമിന് ഇനി രണ്ടു കളികൾ കൂടി സീസണിൽ ബാക്കിയുണ്ട്.

2013ൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിൽ ഐപിഎൽ കരിയർ തുടങ്ങിയ താരമാണ് കെ.എൽ. രാഹുൽ. 2014, 2015 സീസണുകളിൽ സൺറൈസേഴ്സിന്റെ ഭാഗമായ രാഹുൽ അടുത്ത സീസണിൽ ആർസിബിയിലേക്കു മടങ്ങിയെത്തി. പിന്നീട് പഞ്ചാബ് കിങ്സിൽ കളിച്ച ശേഷമാണ് കർണാടകയുടെ താരം ലക്നൗ സൂപ്പർ ജയന്റ്സിലെത്തുന്നത്. 2022 സീസണിലായിരുന്നു രാഹുൽ ലക്നൗവില്‍ ചേർന്നത്.

English Summary:

Fans invites KL Rahul to play for RCB

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com