ADVERTISEMENT

മുംബൈ∙ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയ്ക്കെതിരെ പരിശീലക സംഘത്തോടു പരാതി പറഞ്ഞ് മുംബൈ ഇന്ത്യൻസ് ടീമിലെ സൂപ്പർ താരങ്ങൾ. ടീമിലെ ഇപ്പോഴത്തെ പ്രശ്നങ്ങൾക്കു കാരണം ഹാർദിക് പാണ്ഡ്യയുടെ ക്യാപ്റ്റൻസിയാണെന്ന് രോഹിത് ശർമ, സൂര്യകുമാർ യാദവ്, ജസ്പ്രീത് ബുമ്ര എന്നിവർ പരിശീലകരോടു തുറന്നുപറഞ്ഞതായി ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. മുംബൈ താരങ്ങൾ ടീം മാനേജ്മെന്റുമായും ഇതു സംബന്ധിച്ചു ചർച്ച നടത്തിയിട്ടുണ്ട്. മുംബൈ ഇന്ത്യൻസ് ഐപിഎല്ലിൽനിന്നു പുറത്തായതിനു പിന്നാലെയാണ് പ്രധാന താരങ്ങൾ ഹാർദിക്കിനെതിരായ നീക്കം തുടങ്ങിയത്.

ടീം തോറ്റു പുറത്തായെങ്കിലും ക്യാപ്റ്റൻ സ്ഥാനത്തുനിന്നു പാണ്ഡ്യയെ മാറ്റണമെന്ന നിലപാട് മാനേജ്മെന്റിന് ഇല്ല. രോഹിത് ശർമയ്ക്കു കീഴിൽനിന്നു ടീം മാറിയപ്പോഴുള്ള സ്വാഭാവികമായ പ്രശ്നങ്ങൾ മാത്രമാണ് ടീമിൽ ഉള്ളതെന്നാണ് മാനേജ്മെന്റിന്റെ നിലപാട്. പാണ്ഡ്യ അടുത്ത സീസണിലും മുംബൈ ഇന്ത്യൻസിന്റെ ക്യാപ്റ്റനായി തന്നെ ഐപിഎൽ കളിക്കാനും സാധ്യതയുണ്ട്. അതേസമയം രോഹിത് ശർമ ഇനി ടീമിനൊപ്പം തുടരുമോയെന്നു വ്യക്തമല്ല.

15 കോടി രൂപ നൽകിയാണ് ഹാർദിക് പാണ്ഡ്യയെ ഗുജറാത്ത് ടൈറ്റൻസിൽനിന്ന് മുംബൈ ഇന്ത്യൻസ് വാങ്ങിയത്. തൊട്ടുപിന്നാലെ രോഹിത്തിനെ മാറ്റി ക്യാപ്റ്റൻ സ്ഥാനവും പാണ്ഡ്യയ്ക്കു നൽകി. 12 മത്സരങ്ങൾ പൂർത്തിയാക്കിയ മുംബൈയ്ക്ക് ഇതുവരെ ജയിക്കാൻ സാധിച്ചതു നാലു കളികൾ മാത്രമാണ്. എട്ടു പോയിന്റുമായി എട്ടാം സ്ഥാനത്താണ് അവരുള്ളത്. അവസാന രണ്ടു മത്സരങ്ങൾ ജയിച്ച് പോയിന്റ് പട്ടികയിലെ മധ്യനിരയിൽ എവിടെയെങ്കിലും സ്ഥാനം ഉറപ്പിക്കാനാണ് മുംബൈയുടെ ശ്രമം.

പക്ഷേ അതും അത്ര എളുപ്പമാകില്ല. പ്ലേ ഓഫ് ഉറപ്പിക്കാനായി ഇറങ്ങുന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്സും ലക്നൗ സൂപ്പർ ജയന്റ്സുമാണ് ഇനിയുള്ള മത്സരങ്ങളിൽ മുംബൈ ഇന്ത്യൻസിന്റെ എതിരാളികൾ. ശനിയാഴ്ച പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിൽ മുംബൈ ടീമിൽ മാറ്റങ്ങൾ വരുത്തിയേക്കും. കൊൽക്കത്തയുടെ ഹോം ഗ്രൗണ്ടായ ഈഡന്‍ ഗാർഡൻസിൽ വച്ചാണു കളി നടക്കുക.

English Summary:

Mumbai Indians senior players blame Hardik Pandya captaincy for Mumbai Indians poor IPL 2024 season

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com