ADVERTISEMENT

മാരിവാൾഡോ ഫ്രാൻസിസ്‌കോ ഡാ സിൽവയെ അറിയുമോ.. ? ഇക്കൊല്ലത്തെ ഫിഫാ ഫുട്‌ബോൾ പുരസ്‌ക്കാരങ്ങളിൽ ലോകത്തെ ഏറ്റവും മികച്ച ആരാധകനുള്ള അവാർഡ് അദ്ദേഹത്തിനായിരുന്നു. ബ്രസീലിയൻ ഫുട്‌ബോൾ ക്ലബ്ബായ റെസിഫെയുടെ ഫാൻ. തന്റെ ഇഷ്ടടീമിന്റെ ഒരു ഹോം മാച്ചു പോലും മുടങ്ങാതെ വന്നു കാണുന്ന ആരാധകനാണു മാരിവാൾഡോ.

വെറുതെയല്ല, വാഹനത്തിൽ സഞ്ചരിക്കാതെ റെസിഫെയുടെ ഓരോ മത്സരത്തിനും 60 കിലോമീറ്റർ ദൂരെയുള്ള വീട്ടിൽ നിന്നു കാൽനടയായാണ് അദ്ദേഹം സ്‌റ്റേഡിയത്തിലെത്തുന്നത്. ഇതുവരെ ഒരു മുടക്കവും വന്നിട്ടില്ലാത്തൊരു കായികചര്യ. ഫുട്‌ബോളെന്നാൽ അദ്ദേഹത്തിന് റെസിഫെ മാത്രമാണ്. ഒരർഥത്തിൽ റെസിഫെ ക്ലബ്ബാണ് മാരിവാൾഡോയുടെ പ്രാണവായു. അതൊഴിവാക്കിക്കൊണ്ടൊരു ജീവിതമില്ല അദ്ദേഹത്തിന്. റെസിഫെയുടെ തോൽവി മാത്രമല്ല, ക്ലബ്ബിനെതിരായ എന്തും അദ്ദേഹത്തെ ആഴത്തിൽ സങ്കടപ്പെടുത്തും.

ഫുട്‌ബോൾ ആരാധകരെ എത്ര ആദരപൂർവ്വമാണ് ഫിഫ നോക്കിക്കാണുന്നതെന്നു സൂചിപ്പിക്കാനാണ് ഇവിടെ മാരിവാൾഡോയുടെ കാര്യം പറഞ്ഞത്. കോവിഡ് പ്രതിസന്ധി മൂലം നിലവിലെ ഫുട്‌ബോൾ സീസണുകൾ എല്ലാം തന്നെ കാണികളില്ലാത്ത സ്‌റ്റേഡിയങ്ങളിലാണ് നടന്നുവരുന്നത്. കാണികളൊഴിഞ്ഞ കളിക്കോട്ടകളുടെ കാര്യം പറയേണ്ടതില്ലല്ലോ. കാണികളാണ് ഫുട്‌ബോളിന്റെ ജീവൻ. നിറഞ്ഞ സ്‌റ്റേഡിയങ്ങളിൽ നിൽക്കുമ്പോൾ നാമനുഭവിക്കുന്ന ഒരു പ്രത്യേക ആവേശം.

നമ്മുടെ സിരകളിൽ അനുഭവപ്പെടുന്ന വിവരണാതീതമായൊരു അനുഭൂതി. അതു സൃഷ്ടിക്കുന്ന വികാരങ്ങൾ. അത് ജനക്കൂട്ടങ്ങളില്ലാത്ത സ്റ്റേഡിയങ്ങളിൽ നിന്നൊരിക്കലും ലഭിക്കാത്ത കാര്യമാണ്. കോവിഡ് മൂലം കാണികളെ കളിക്കളങ്ങളിൽ നിന്ന് അകറ്റി നിർത്തേണ്ടി വരുന്നതിൽ ഏറ്റവും ആശങ്കപ്പെടുന്നത് ഫിഫ തന്നെയാണ്. കാരണം ആരാധകരും അവരുടെ ആവേശവുമാണ് ഇക്കളിയുടെ ആത്മാവെന്ന് മറ്റാരെക്കാളും നന്നായി ഫുട്‌ബോളിന്റെ ആഗോള സംഘടനയ്ക്കറിയാം.

Marivaldo-Francisco-brazil-fan
മാരിവാൾഡോ ഫ്രാൻസിസ്‌കോ ഡാ സിൽവ

ഈ പശ്ചാത്തലത്തിലാണ് ഐഎസ്എൽ റഫറിയിങ്ങുമായി ബന്ധപ്പെട്ട് കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ ആരാധകരായ മഞ്ഞപ്പട ഫിഫയ്ക്ക് അയച്ച പരാതി ചർച്ച ചെയ്യപ്പെടേണ്ടത്. ആരാധകരുടെ എണ്ണത്തിൽ ലോകത്തു തന്നെ ഏറ്റവും മുൻനിരയിൽ നിൽക്കുന്ന പ്രസ്ഥാനങ്ങളിലൊന്നാണ് ബ്ലാസ്റ്റേഴ്‌സ്. കളിയിലെ പരാജയങ്ങൾ തീർച്ചയായും ആരാധകരെ വേദനിപ്പിക്കും.

അതിലുപരിയാണ് പരാജയങ്ങളിലേക്കു നയിക്കുന്ന ബാഹ്യ കാരണങ്ങൾ. സഹിക്കാവുന്നതിലും അപ്പുറമായപ്പോഴാവാം ബ്ലാസ്‌റ്റേഴ്‌സ് ആരാധകർ അധികാരകേന്ദ്രങ്ങളെ നേരിട്ടു പരാതി അറിയിക്കാൻ തീരുമാനിച്ചത്. എടികെ മോഹൻബഗാനെതിരെ നടന്ന പതിനഞ്ചാം റൗണ്ട് മത്സരം കൈവിട്ടു പോയത് റഫറിയിങ് പിഴവുകൾ കൊണ്ടുമാത്രമാണെന്ന് അവർ പറയുന്നു. അനുകൂലമായി ലഭിക്കേണ്ട ക്ലിയർ പെനൽറ്റി വിളിക്കപ്പെടാതിരിക്കുകയും, യാതൊരു സാധ്യതയുമില്ലാത്ത സന്ദർഭങ്ങളിൽ പെനൽറ്റി എതിരായി നൽകപ്പെടുകയും ചെയ്യുന്ന സംഭവങ്ങൾ ഏറിവരുന്നു.

ആരാധകരുടെ രോഷത്തിന് അടിസ്ഥാനമായ കാരണങ്ങളിൽ ഒന്നുമാത്രമാണിത്. ഇതിനൊപ്പം അവർ ഉയർത്തുന്ന മറ്റു പല വാദങ്ങളും ശരിയാണെന്നും കാണാം. ഐഎസ്എൽ ഏഴാം സീസണിൽ ഇത് കേരളാ ബ്ലാസ്‌റ്റേഴ്‌സുമായി മാത്രം ബന്ധപ്പെട്ട വിഷയമല്ല എന്നത് പ്രത്യേക ശ്രദ്ധയർഹിക്കുന്നു. നാലു മത്സരങ്ങളിൽനിന്ന് സസ്‌പെൻഡ് ചെയ്യപ്പെടാൻ ഈസ്റ്റ് ബംഗാൾ പരിശീലകൻ റോബി ഫൗളർക്കു നിമിത്തമായതും ഒഡിഷ എഫ്സിയിൽനിന്നു പുറത്താക്കപ്പെടാൻ സ്റ്റുവർട്ട് ബാക്സ്റ്റർക്കു കാരണമായതും എല്ലാം റഫറിയിങ്ങുമായി ബന്ധപ്പെട്ട പരാമർശങ്ങളാണെന്നോർക്കണം.

സാങ്കേതികവിദ്യയുടെ പരിമിതികൾ ഉണ്ടെന്നുള്ള കാര്യം മനസ്സിലാക്കിക്കൊണ്ടു തന്നെ കളി നിയന്ത്രണം പരമാവധി കുറ്റമറ്റതാക്കാൻ കഴിയേണ്ടിയിരിക്കുന്നു. നമുക്ക് നല്ല ഫുട്‌ബോൾ കാണണം. അധികം ഫൗളുകളില്ലാത്ത... അധികം ഫൗൾ വിസിലുകളുമില്ലാത്ത... മനോഹരമായ ഗോളുകൾ പിറക്കുന്ന... ആവേശം ഇരുപുറത്തേക്കും ഒരുപോലെ മാറിമറിയുന്ന കിടുക്കൻ മത്സരങ്ങളാണ് നമുക്ക് വേണ്ടത്. അതിനിടെ രസംകൊല്ലികളായ വിവാദങ്ങൾ വേണ്ട.

അതു നമ്മുടെ ഫുട്‌ബോളിനെ പുറകോട്ടു വലിക്കും. കളിക്കാരും കാണികളും റഫറിമാരും സംഘാടകരും എല്ലാവരും ഒത്തുകൂടുന്നതാണ് ഉത്സവങ്ങൾ. പന്തുകളിയുടെ ഉത്സവപ്പറമ്പിന്റെ താളമേളങ്ങളിലേക്ക് വൈകാതെയെങ്കിലും നമുക്ക് തിരിച്ചു പോവാനുള്ളതാണ്. എല്ലാവരും പരസ്പരം സഹകരിച്ചുകൊണ്ടുള്ള മത്സരങ്ങൾ ഇനിയും എത്രയോ നടക്കാനിരിക്കുന്നു. പോരായ്മകളുണ്ടെങ്കിൽ അതു പരിഹരിച്ച് മുന്നോട്ടു പോകാനുള്ളതാണ് ജീവിതം. മറക്കരുത്... കാണികളില്ലാതെ പന്തുകളിയില്ല..

English Summary: Shaiju Damodaran Column on Manjappada

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com