ADVERTISEMENT

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റി ടീമിനെയും കൊണ്ട് പെപ് ഗാർഡിയോള നടത്തുന്ന കുതിപ്പിനോളം വരില്ലെങ്കിലും, മാനുവൽ മാർക്കസ് റോക്കയെ നമുക്ക് ഗാർഡിയോളയുടെ ചെറിയൊരിന്ത്യൻ പതിപ്പെന്ന് കമൻട്രി ബോക്‌സിൽ നിന്നു തീർച്ചയായും വിളിക്കാം. അത്രമേൽ സ്ഥിരതയാർന്ന പ്രകടനത്തിലൂടെ മാർക്കസ് തന്റെ ടീമിനെ ഇതാ ഐഎൽഎൽ പ്ലേ ഓഫിന്റെ പടിവാതിൽക്കൽ എത്തിച്ചിരിക്കുന്നു. പ്രാഥമിക ലീഗിൽ ഇനിയും മൂന്നു റൗണ്ട് മത്സരങ്ങൾ ശേഷിക്കെ 24 പോയന്റുള്ള ഹൈദരാബാദ് തന്നെയാകും ഇത്തവണ സെമിഫൈനൽ പ്ലേ ഓഫ് കളിക്കുന്ന ഒരു സർപ്രൈസ് സംഘം.

കഴിഞ്ഞ സീസണിലെ ഹൈദരാബാദിനെ ഒന്നോർത്തു നോക്കു. പതിനെട്ടു ലീഗ് മാച്ചിൽ നിന്ന് ആകെക്കിട്ടിയത് രണ്ടു ജയം. പട്ടികയിൽ അവസാന സ്ഥാനക്കാർ. ട്രോളലും കളിയാക്കലും മാത്രമായിരുന്നു പ്രതിഫലം. എത്ര പെട്ടെന്നാണ് ഒരു വർഷത്തിനിപ്പുറം കാര്യങ്ങൾ മാറിമറിഞ്ഞത്. വളരെ പ്ലാൻഡ് ആയ ടീം സെലക്ഷനും ലോ പ്രൊഫൈൽ കളിക്കാരെ തേച്ചുമിനുക്കാനറിയാവുന്ന മിടുക്കനായൊരു കോച്ചും വന്നപ്പോൾ ഇപ്പോഴിതാ പതിനാറു മത്സരങ്ങൾ പിന്നിടുമ്പോൾ ഏഴാം സീസൺ പോയന്റ് പട്ടികയിൽ അവർ മൂന്നാം സ്ഥാനത്തേക്കു കയറിവന്നിരിക്കുന്നു. തോൽവിയറിയാത്ത 13 മത്സരങ്ങളും ഇതിലുൾപ്പെടുന്നുണ്ട്. ഏതൊരിടത്തും തന്റേതായ ഇടങ്ങൾ കണ്ടെത്തുന്ന ആത്മവിശ്വാസമാണു തന്റേടമെങ്കിൽ ഐഎസ്എൽ ഫുട്‌ബോളിൽ ശരിക്കും ഹൈദരാബാദ് എഫ് സി യുടെ തന്റേട പ്രകടനത്തിനാണു നമ്മൾ സാക്ഷികളാവുന്നത്.

Hyderabad-FC
ഹൈദരാബാദ് താരങ്ങൾ

ഐഎസ്എല്ലിലെ മറ്റു പല ടീമുകളും കണ്ടുപഠിക്കട്ടെ ഹൈദരാബാദിന്റെ മാനറിസങ്ങൾ. ചെറിയൊരു ഉദാഹരണം മാത്രം ചൂണ്ടിക്കാട്ടാം. ആകാശ് മിശ്രയും ആശിഷ് റായിയും. നിസാമുകളുടെ ഇടത്-വലത് ഫുൾ ബാക്കുകൾ. ഏഴാം സീസൺ മത്സരങ്ങൾ തുടങ്ങുമ്പോൾ ആരാണിവരൊക്കെ എന്നു ചോദിച്ചവരിപ്പോൾ ഇരുവർക്കുമൊപ്പം സെൽഫിയെടുക്കാൻ തിരക്കുകൂട്ടുന്നു. തികച്ചും അപ്രശസ്തരായിരുന്ന രണ്ടു പേർ. കളി കാണുമ്പോൾ തോന്നുന്നത് ഈ ലോ-പ്രൊഫൈൽ തന്നെയായിരിക്കണം അവരുടെ ശക്തിയെന്നാണ്. അവർക്കൊന്നും നഷ്ടപ്പെടാനില്ലായിരുന്നു. പന്തു കാലിൽ വരുമ്പോൾ സമ്മർദങ്ങളുമില്ല. ഈ തിരിച്ചറിവു പകർന്നുനൽകിയ തന്റേടങ്ങൾ അവരുടെ കളിയിലിപ്പോൾ കാണാം. എത്ര അനായാസമായാണ് ഇരുവരും കളിക്കളത്തിൽ പെർഫോം ചെയ്യുന്നത്. ആകാശും ആശിഷും മാത്രമല്ല , ലിസ്റ്റണും ഹാളിയും യാസിറും ഹിതേഷും സനയും ഇതിനോടകം ഹീറോ ഓഫ് ദി മാച്ച് പുരസ്‌ക്കാരങ്ങൾ നേടിക്കഴിഞ്ഞു. ഇന്ത്യൻ കളിക്കാരുടെ സമാനതകളില്ലാത്ത ഈ പെർഫോമൻസാണ് ഹൈദരാബാദ് എഫ്സിയുടെ സ്വപ്‌നതുല്യമായ യാത്രയ്ക്ക് ഇന്ധനം പകരുന്ന മറ്റൊരു ഘടകം.

ഐഎസ്എല്ലില്‍ അല്ലെങ്കിലും അങ്ങു ദൂരെ ദോഹയിലെ എജ്യുക്കേഷൻ സിറ്റി സ്‌റ്റേഡിയത്തിൽ കഴിഞ്ഞ ദിവസം ബയേൺ മ്യൂണിക്ക് കൈവരിച്ച നേട്ടത്തെ പരാമർശിക്കാതെ പോകുവതെങ്ങനെ..? 2021 ലെ ഫിഫാ ക്ലബ്ബ് ലോകകപ്പ് കിരീടം കൂടി നേടിയതോടെ ഫുട്‌ബോളിലെ സമ്മോഹനമായ സിക്‌സ്റ്റിയുപ്പിൾ തികച്ചിരിക്കയാണ് ജർമൻ ക്ലബ്ബ്. ഒരു സീസണിൽ ആഭ്യന്തര തലത്തിലും രാജ്യാന്തര തലത്തിലുമായി ഒരു ക്ലബ്ബിന് നേടാൻ കഴിയുന്ന പരമാവധി കിരീടങ്ങളായ ആറെണ്ണവും നേടിക്കൊണ്ടാണ് ബയേൺ കൊടി പാറിക്കുന്നത്. 2009 ൽ ഗാർഡിയോളയുടെ ബാഴ്‌സലോനയാണ് ഇതിനു മുമ്പ് ലോക ഫുട്‌ബോളിൽ ഈ നേട്ടം കൈവരിച്ചിട്ടുള്ളത്. അതാവർത്തിച്ചു കൊണ്ട് 2020-21 സീസൺ അവിസ്മരണീയമാക്കിയിരിക്കയാണ് ഇപ്പോൾ ബയേൺ മ്യൂണിക്ക്.

സോഷ്യൽ മീഡിയ ഫോളോവേഴ്‌സിന്റെ എണ്ണത്തിൽ കേരളാ ബ്ലാസ്‌റ്റേഴ്‌സ് എഫ്സി കൂടുതൽ വലിയ റെക്കോഡുകൾ കൈവരിക്കുന്ന കാഴ്ചയും വാരാന്ത്യത്തിൽ കാണുന്നു. ഇൻസ്റ്റഗ്രാമിൽ രണ്ടു മില്യൺ ഫോളോവേഴ്‌സ് ആയിരിക്കുന്നു ബ്ലാസ്‌റ്റേഴ്‌സിന്. ഇക്കാര്യത്തിൽ ഇന്ത്യൻ ഫുട്‌ബോളിൽ മറ്റുള്ള ടീമുകളെയെല്ലാം ബഹുദൂരം പിന്നിലാക്കിയിരിക്കുന്നു കെബിഎഫ്‌സി. ഇന്ത്യൻ കായികരംഗത്തെ എല്ലാ ടീമുകളുടെയും കണക്കെടുത്താലും ടോപ് സിക്‌സിലുണ്ട് കേരളാ ബ്ലാസ്‌റ്റേഴ്‌സ്.

English Summary: Hyderabad FC's magical perfomance in ISL football

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com