ADVERTISEMENT

എൻസുഡെ (നെതർലൻഡ്സ്) ∙ സ്പെയിൻ മിഡ്ഫീൽഡർ റോഡ്രി ഇപ്പോൾ തൊട്ടതെല്ലാം പൊന്നാണ്! യുവേഫ ചാംപ്യൻസ് ലീഗ് ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റിയുടെ വിജയഗോൾ നേടിയതിനു പിന്നാലെ യുവേഫ നേഷൻസ് ലീഗ് സെമിഫൈനലിൽ ഇറ്റലിക്കെതിരെയും സ്പെയിനു വിജയമൊരുക്കി (2–1) റോഡ്രി.

88–ാം മിനിറ്റിൽ സ്പെയിൻ നേടിയ വിജയഗോളിനു വഴിയൊരുക്കിയത് ഡിഫൻസീവ് മിഡ്ഫീൽഡറായ റോഡ്രി തന്നെ. ബോക്സിനു പുറത്തു നിന്നുള്ള റോഡ്രിയുടെ തകർപ്പൻ ഷോട്ട് രണ്ട് ഇറ്റാലിയൻ താരങ്ങളുടെ ദേഹത്തു തട്ടിത്തെറിച്ചു കിട്ടിയപ്പോൾ വലയിലേക്കു തട്ടിയിടേണ്ട ജോലിയേ പകരക്കാരൻ ഹൊസേലുവിനുണ്ടായുള്ളൂ. നാളെ നടക്കുന്ന ഫൈനലിൽ സ്പെയിൻ ക്രൊയേഷ്യയെ നേരിടും.

ഇരുടീമുകളുടെയും ഗോൾകീപ്പർമാർക്ക് വിശ്രമമില്ലാതിരുന്ന മത്സരത്തിൽ 3–ാം മിനിറ്റിൽ തന്നെ സ്പെയിൻ മുന്നിലെത്തി. ഇറ്റലിയുടെ വെറ്ററൻ ക്യാപ്റ്റൻ ലിയൊനാർഡോ ബൊന്നൂച്ചിയെ ടാക്കിൾ ചെയ്ത് പതിനെട്ടുകാരൻ ഗാവി നേടിയെടുത്ത പന്ത് ഇറ്റാലിയൻ ഗോൾകീപ്പർ ജിയാൻല്യൂജി ‍ഡൊന്നാരുമ്മയെ മറികടന്ന് യെറമി പിനോ വലയിലെത്തിച്ചു. എന്നാൽ 11–ാം മിനിറ്റിൽ തന്നെ ഇറ്റലി ഒപ്പമെത്തി.

നിക്കോളോ സാനിയോലോയുടെ കരുത്തുറ്റ ഷോട്ട് സ്പെയിൻ ഡിഫൻഡർ റോബിൻ ലെ നോർമണ്ടിന്റെ കയ്യിൽ തട്ടി. ഹാൻഡ് ബോൾ. ഇറ്റലിക്കു പെനൽറ്റി. കിക്കെടുത്ത സിറോ ഇമ്മൊബിലെയ്ക്കു പിഴച്ചില്ല. സ്കോർ 1–1. 22–ാം മിനിറ്റിൽ ജോർജീഞ്ഞോയുടെ പാസ് ഓടിപ്പിടിച്ച ഡേവിഡെ ഫ്രറ്റേസി ഇറ്റലിയെ മുന്നിലെത്തിച്ചു എന്നു കരുതിയെങ്കിലും റഫറി ഓഫ്സൈഡ് വിധിച്ചു.ഇരുടീമിന്റെയും തുടർമുന്നേറ്റങ്ങൾ കളി ആവേശകരമാക്കിയെങ്കിലും ഗോൾകീപ്പർമാരുടെ ഉജ്വല സേവുകൾ ഗോൾ തടഞ്ഞു. 

English Summary: Spain vs Italy at UEFA Nations League semi-final

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com