ADVERTISEMENT

മുംബൈ∙ ഗ്രൗണ്ടിലെ മോശം പെരുമാറ്റത്തിന്റെ പേരിൽ ഇന്ത്യൻ ഫുട്ബോൾ പരിശീലകൻ ഇഗോർ സ്റ്റിമാച്ചിനെതിരെ കടുത്ത നടപടിയുമായി സാഫ്. ഇന്ത്യയുടെ അടുത്ത രണ്ടു മത്സരങ്ങളിൽ സ്റ്റിമാച്ചിന് വിലക്കേര്‍പ്പെടുത്തി. പിഴയായി 41,000 രൂപയോളം അടയ്ക്കുകയും വേണം. സാഫ് കപ്പ് ഫുട്ബോളിനിടെ രണ്ടാം തവണയും ചുവപ്പു കാർഡ് ലഭിച്ചതോടെയാണു സ്റ്റിമാച്ചിനെതിരെ നടപടിയെത്തിയത്. എതിർ ടീമിലെ താരങ്ങളോടു തർക്കിച്ചതിനും റഫറിമാരുടെ തീരുമാനങ്ങളെ ചോദ്യം ചെയ്തതിനുമാണ് സാഫ് മത്സരങ്ങള്‍ക്കിടെ സ്റ്റിമാച്ചിനു ചുവപ്പുകാർഡുകൾ ലഭിച്ചത്.

കുവൈത്തിനെതിരായ മത്സരത്തിനു പിന്നാലെ ടൂർണമെന്റിലെ റഫറീയിങ്ങിനെ വിമർശിച്ച് ഇന്ത്യൻ ടീമിന്റെ സഹ പരിശീലകൻ മഹേഷ് ഗാവ്‌ലി രംഗത്തെത്തിയിരുന്നു. ടൂർണമെന്റിലെ റഫറിമാരുടെ നിലവാരം പരിതാപകരമാണെന്ന് ഗാവ്‌ലി തുറന്നടിച്ചു.‘‘റഫറിമാരുടെ പ്രകടനം ദയനീയമാണ്. ഒരു രാജ്യാന്തര ടൂർണമെന്റ് നടത്തുമ്പോൾ മികച്ച റഫറിമാരെയും ഒഫീഷ്യൽസിനെയും കൊണ്ടുവരാൻ സാഫ് അധികൃതർ തയാറാകണം. കളിക്കാരും ഒഫീഷ്യൽസുമായി സംസാരിച്ചതിനാണ് ഞങ്ങളുടെ പരിശീലകൻ ഇഗോർ സ്റ്റിമാച്ചിന് ആദ്യം മഞ്ഞക്കാർഡ് നൽകിയത്. അദ്ദേഹത്തിനെതിരായ നടപടി മനഃപൂർവമാണ്’’– ഗാവ്‌ലി പറഞ്ഞു.

3 മത്സരത്തിനിടെ രണ്ട് ചുവപ്പുകാർഡാണ് ഇന്ത്യൻ പരിശീലകനായ ഇഗോർ സ്റ്റിമാച്ചിന് ലഭിച്ചത്. യൂറോപ്യൻ ഫുട്ബോളിലും മറ്റും പരിശീലകർക്ക് ചുവപ്പുകാർഡ് ലഭിക്കുന്നത് സാധാരണമാണെങ്കിലും ഇന്ത്യൻ ഫുട്ബോളിന് ഇതു പുതുമയാണ്. പാക്കിസ്ഥാനെതിരായ ആദ്യ മത്സരത്തിൽ ത്രോ ചെയ്യാൻ ശ്രമിച്ച പാക്ക് താരത്തിന്റെ കയ്യിൽ നിന്ന് പന്ത് തട്ടിയകറ്റിയതിനായിരുന്നു സ്റ്റിമാച്ചിന് ചുവപ്പുകാ‍ർ‍ഡ് ലഭിച്ചത്.

എന്നാൽ ഒരു താക്കീത് നൽകി ഒഴിവാക്കാമായിരുന്ന തെറ്റായിരുന്നു ഇതെന്നും റഫറിയുടെ പരിചയക്കുറവാണ് റെഡ് കാർഡിലേക്ക് കാര്യങ്ങൾ എത്തിച്ചതെന്നും വിമർശനം ഉയർന്നിരുന്നു. കുവൈത്തിനെതിരായ മത്സരത്തിലും ചുവപ്പുകാർഡ് കിട്ടിയതോടെ ലബനന് എതിരായ ഇന്ത്യയുടെ സെമി പോരാട്ടം സ്റ്റിമാച്ചിന് നഷ്ടമാകും.

English Summary: SAFF Championship: India head coach Igor Stimac banned for 2 games

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com