ADVERTISEMENT

ഇന്ത്യയ്ക്കു സാഫ് കപ്പ് ഫുട്ബോൾ കിരീടം നേടിക്കൊടുത്തതിന്റെ ആഘോഷം കഴിഞ്ഞ് സ്വദേശമായ ക്രൊയേഷ്യയിലെത്തിയ കോച്ച് ഇഗോർ സ്റ്റിമാച്ച് ഇപ്പോൾ തന്റെ മക്കളുടെ സ്വപ്നവും സാക്ഷാത്കരിക്കാനായതിന്റെ സന്തോഷത്തിലാണ്. മക്കളായ ഇവാനും നിക്കോയും റയൽ മഡ്രിഡിന്റെയും ക്രൊയേഷ്യയുടെയും സൂപ്പർ താരമായ ലൂക്കാ മോഡ്രിച്ചിനെ കണ്ടുമുട്ടിയതിനുള്ള സന്തോഷം കഴിഞ്ഞ ദിവസമാണ് സ്റ്റിമാച്ച് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ഭാവിയിൽ ഇന്ത്യൻ ഫുട്ബോൾ ടീമും ക്രൊയേഷ്യയെപ്പോലെ ലോകനിലവാരത്തിലെത്തുമെന്ന പ്രതീക്ഷയും സ്റ്റിമാച്ച് കുറിപ്പിൽ പങ്കുവച്ചു.

ത്രിരാഷ്ട്ര ഫുട്ബോൾ ടൂർണമെന്റ്, ഇന്റർ കോണ്ടിനന്റൽ കപ്പ്, സാഫ് കിരീടം... ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ കുതിപ്പിൽ എന്തു തോന്നുന്നു?

ഫീൽസ് ഗുഡ് നൗ! പക്ഷേ ജോലികൾ പൂർത്തിയായി എന്നു ചിന്തിക്കുന്നില്ല. കൂടുതൽ ഉയരങ്ങളിലേക്കു പോകാൻ ഇനിയും കഠിനാധ്വാനം ആവശ്യമാണ്. മികച്ച പ്രകടനങ്ങളുടെ പാതയിൽ ഇന്ത്യൻ ടീം തുടരുന്നുവെന്ന് ഉറപ്പാക്കാൻ എല്ലാവരുടെയും പിന്തുണയും സഹായവും കൂടിയേ തീരൂ.

ചുമതലയേറ്റെടുത്ത ശേഷം ഇന്ത്യൻ ടീമിന്റെ പുരോഗതി എങ്ങനെ വിലയിരുത്തുന്നു?

ഉയർച്ചയുടെ ഗ്രാഫ് വളരെ വ്യക്തമാണ്. ഇന്ത്യ നേടിയ ഗോളുകൾ, വഴങ്ങിയ ഗോൾ, പന്തടക്കം, മുന്നേറ്റം–പ്രതിരോധം തുടങ്ങിയവയിലെ കണക്കുകൾ എന്നിവയെല്ലാം വലിയ തോതിൽ ഉയർന്നു. ഫുട്ബോളിലെ കണക്ക് ഒരിക്കലും കള്ളം പറയില്ല. വിവിധ ചാംപ്യൻഷിപ്പുകളിൽ യുവപ്രതിഭകളുടെ ‘പൂൾ’ സൃഷ്ടിച്ചാണു ഫൈനലുകളിലേക്കു മുന്നേറിയത്. ഇന്ത്യൻ ഫുട്ബോളിന്റെ അടുത്ത 10 വർഷം ശോഭനമാണെന്നു ഞങ്ങൾ ഉറപ്പാക്കിയിട്ടുണ്ട്.

ഇനി എന്തെല്ലാമാണ് ചെയ്യേണ്ടത്?

നമ്മൾ രണ്ടാം ഘട്ടത്തിലേക്കു കടന്നിരിക്കുന്നു. ഫുട്ബോൾ ഒരു പ്രകിയയാണ്. അത് ഒരു കളിയുടെയോ ഒരു ടൂർണമെന്റിന്റെ ഫലത്തെയോ ആശ്രയിക്കരുത്.ഇപ്പോൾ ഉയർന്നുവരുന്ന ചോദ്യം കഴിഞ്ഞ 4 വർഷം ഫലപ്രദമായി കടന്നുപോയെങ്കിലും രണ്ടാം ഘട്ടത്തിൽ ഇതാവർത്തിക്കാൻ കഴിയുമോ എന്നതാണ്. ഈ ടീമിൽ ഉറച്ചു വിശ്വസിക്കണം. അവർക്കു വേണ്ട സഹായവും പിന്തുണയും നൽകണം.

സ്റ്റിമാച്ചും (ഇടത്തു നിന്ന് രണ്ടാമത്) മക്കളായ ഇവാനും
നിക്കോയും ലൂക്ക മോഡ്രിച്ചിനൊപ്പം.
സ്റ്റിമാച്ചും (ഇടത്തു നിന്ന് രണ്ടാമത്) മക്കളായ ഇവാനും നിക്കോയും ലൂക്ക മോഡ്രിച്ചിനൊപ്പം.

ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ പിന്തുണ?

നീണ്ട പരിശീലന ക്യാംപുകളും ഹോം മത്സരങ്ങളും നൽകിയുള്ള എഐഎഫ്എഫിന്റെ പിന്തുണ വളരെ വലുതാണ്. വർഷങ്ങളായി ഞങ്ങൾ ആവശ്യപ്പെട്ടിരുന്നതും അതായിരുന്നു. ഈ സമീപനം തുടരണം. ദേശീയ സീനിയർ ടീമുമായി സഹകരിക്കുന്ന ഓരോരുത്തരുടെയും പുരോഗതിയും ഫെഡറേഷൻ ലക്ഷ്യമിടണം. ദേശീയ ടീമിന്റെ വിജയത്തിലൂടെ മാത്രമേ ഇന്ത്യൻ ഫുട്ബോളിനു ആഗോള അംഗീകാരം ലഭിക്കൂ.

ഒരു ദശാബ്ദത്തിനിടെ ഇന്ത്യൻ ഫുട്ബോളിലുണ്ടായ വലിയ കുതിപ്പാണ് ഇന്ത്യൻ സൂപ്പർ ലീഗ്. ഐഎസ്എൽ എത്രത്തോളം സഹായിക്കുന്നുണ്ട്?

ഐഎസ്എൽ ഇന്ത്യൻ ഫുട്ബോളിന് ഒട്ടേറെ മികച്ച നേട്ടങ്ങൾ സമ്മാനിച്ചിട്ടുണ്ട്. ഉറച്ച ഘടനയുള്ള ക്ലബ്ബുകൾ, തത്സമയ സംപ്രേഷണം എന്നിവ ഐഎസ്എൽ നൽകി. ലീഗിനു കൂടുതൽ സാമ്പത്തിക നിക്ഷേപം ആവശ്യമാണ്. കൂടുതൽ ക്ലബ്ബുകളെ ഉൾക്കൊള്ളിക്കണം. ഏറ്റവും പ്രധാനപ്പെട്ട കാര്യം ഓരോ ക്ലബ്ബിനും വിവിധ പ്രായവിഭാഗങ്ങളിലുള്ള ദേശീയ മത്സരങ്ങൾ ഉണ്ടാകണം. പ്രത്യേകിച്ച് അണ്ടർ 17, 19 വിഭാഗത്തിൽ.

ഫിഫ റാങ്കിങ്ങിൽ ഇന്ത്യ 100–ാം സ്ഥാനത്തെത്തി. ഈ നേട്ടത്തെക്കുറിച്ച്?

വരാനിരിക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ ഏഷ്യയിൽ രണ്ടാം പോട്ടിൽ ഉൾപ്പെട്ടതിൽ അതിയായ സന്തോഷമുണ്ട്. എന്നാൽ റാങ്കിങ് മത്സരം ജയിക്കാൻ സഹായിക്കില്ല. ഞങ്ങൾക്കു കൂടുതൽ പരിശീലനവും സമയവും നൽകണം.

സമീപഭാവിയിൽ ഏഷ്യയിൽ മുൻനിരയിലെത്താൻ നമുക്കു സാധിക്കുമോ

തീർച്ചയായും. ഇപ്പോൾ നമുക്ക് ഓരോ പൊസിഷനിലും നന്നായി കളിക്കാൻ കഴിയുന്ന 3 താരങ്ങളുണ്ട്. ഇതുകൂടാതെ20–25 കളിക്കാരുടെ റിസർവ് പൂളും ഉണ്ട്. 18–21 വയസ്സിലുള്ള കളിക്കാർ ദേശീയ ടീമിന്റെ പടിവാതിൽക്കൽ നിൽക്കുന്നു. ഇവർക്കിടയിലുള്ള സൗഹൃദപരമായ മത്സരം പ്രയോജനപ്പെടുത്തി ഇന്ത്യൻ ഫുട്ബോളിന്റെ ഭാവി ഭദ്രമാക്കാനാണു ഇനി എന്റെ ശ്രമം.

English Summary: A WhatsApp Chat with Indian Football Team Coach Igor Stimac

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com