ADVERTISEMENT

കോഴിക്കോട്∙ ഇവിടെ നടക്കാനിരിക്കുന്നതു കളിയല്ല, തീക്കളിയാണ്. എത്ര മഴ കോരിച്ചോരിഞ്ഞാലും കോർപറേഷൻ സ്റ്റേഡിയത്തിലെ പുൽമൈതാനത്ത് തീപ്പൊരി ചിതറും. മലബാറിന്റെ കരുത്തുംവീര്യവും നെഞ്ചേറ്റുന്ന ഗോകുലം കേരള എഫ്സിയും പഞ്ചാബിന്റെ വീറുംവാശിയും സിരകളിലുള്ള നാംധാരി എഫ്സിയും രണ്ടിനു വൈകിട്ട് ഏഴിന് ഐ ലീഗിൽ എറ്റുമുട്ടുകയാണ്.

സ്വന്തം മൈതാനത്ത്, സ്വന്തം ആരാധകപ്പടയായ മലബാർ ബറ്റാലിയക്കുമുന്നിൽ ഗോകുലം ഐ ലീഗ് സീസണിലെ ഏഴാം മത്സരത്തിനാണ് ഇന്ന് ഇറങ്ങുന്നത്. ആദ്യ ആറു മത്സരങ്ങളിൽ മൂന്നു വിജയവും രണ്ടു സമനിലയും ഒരു തോൽവിയും രുചിച്ച ഗോകുലം നിലവിൽ 11 പോയന്റുമായി അഞ്ചാംസ്ഥാനത്താണുള്ളത്. ഒരു ഘട്ടത്തിൽ പട്ടികയിൽ ഒന്നാംസ്ഥാനത്തേക്ക് വേലിയേറ്റം പോലെ കയറിവന്ന ഗോകുലം പിന്തള്ളപ്പെട്ടതിന്റെ ആശങ്ക ആരാധകർക്കുണ്ട്.

48 വർഷത്തെ ഫുട്ബോൾ പാരമ്പര്യമുള്ള നാംധാരി സ്പോർട്സ് അക്കാദമിയുടെ ക്ലബ്ബായ നാംധാരി എഫ്സി ഐ ലീഗിൽ പുതുമുഖമാണ്. ഒരു സമനിലയും നാലു തോൽവിയുമറിഞ്ഞ നാംധാരി എഫ്സി പട്ടികയിൽ പതിനൊന്നാമതാണ്. ക്ലബ്ബിന്റെ പരിശീലകനായിരുന്ന ഫ്രാൻസെസ്‌ക് ബോണറ്റുമായി ഒരാഴ്ച മുൻപാണ് ക്ലബ് വേർപിരിഞ്ഞത്. ഹർപ്രീത് സിങ്ങാണ് പുതിയ കോച്ച്. തങ്ങളുടെ ടീമിൽ നിറയെ യുവാക്കളാണെന്നും വിജയത്തിനുവേണ്ടി ആവേശം കൊള്ളുന്നവരാണ് അവരോരോരുത്തരുമെന്നും കോച്ച് ഹർപ്രീത് സിങ്ങ് പറഞ്ഞു.  ഒരാഴ്ചയായി കഠിനമായ പരിശീലനം തുടർന്നുവരികയാണെന്നും അദ്ദേഹം പറഞ്ഞു.

പുതുമയുള്ള ആസൂത്രണവുമായാണ് ടീം കളിക്കാനിറങ്ങുകയെന്ന് ഗോകുലം കോച്ച് ഡൊമിംഗോ ഓരാമോസ് പറഞ്ഞു. ചർച്ചിൽ ബ്രദേഴ്സുമായുള്ള മത്സരം സമനിലയിലായതുപോലെയാവില്ല ഈ മത്സരം. ചർച്ചിൽ ഇതുവരെ കളിച്ചുവന്ന ശൈലി പാടേമാറ്റിയാണ് ഗോകുലവുമായി മത്സരത്തിനിറങ്ങിയത്. കനത്ത പോരാട്ടമായിരുന്നു നടന്നത്. പക്ഷേ സമനിലയിൽ കലാശിച്ചു.

നാംധാരിയുമായുള്ള മത്സരം ജയിക്കണം, ഗോളുകൾ വീഴണം. ഐലീഗിൽ  18 മത്സരങ്ങൾ മുന്നിലുള്ളതിനാൽ ഗോകുലത്തിന് തിരിച്ചുവരാനും ലീഗ് കിരീടത്തിലെത്താനും അവസരമുണ്ടെന്ന് ഓരാമോസ് പറഞ്ഞു. പരുക്കിന്റെ പിടിയിലുള്ള അനസ് എടത്തൊടിക ഈ കളിയിലും കളിക്കാൻ സാധ്യതയില്ല. അദ്ദേഹം മാനസികമായി തയാറായിക്കഴിഞ്ഞാൽ ഉടനെതന്നെ കളത്തിലിറക്കുമെന്നും ഡൊമിംഗോ ഓരാമോസ് പറഞ്ഞു.

English Summary:

I League, Gokulam Kerala FC vs Namdhari FC Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com