ADVERTISEMENT

അബുദാബി ∙ അതിവേഗക്കാറുകളുടെ ആവേശപ്പോരാട്ടത്തിന് സ്പ്രിന്റ് ഫിനിഷ്. ഫോർമുല വൺ കാ‌റോട്ട മത്സര സീസണിലെ അവസാന ഗ്രാൻപ്രിയായ അബുദാബിയിൽ ഇഞ്ചോടിഞ്ച് മത്സരത്തിനൊടുവിൽ റെഡ്ബുൾ താരം മാക്സ് വേർസ്റ്റപ്പൻ ജേതാവ്. ജയത്തോടെ തന്റെ കന്നി എഫ് വൺ കിരീടവും ഡച്ച് താരം സ്വന്തമാക്കി. 395.5 പോയിന്റ്.

അബുദാബിയിൽ രണ്ടാമനായ മെഴ്സിഡീസ് താരം ലൂയിസ് ഹാമിൽട്ടൻ ഡ്രൈവേഴ്സ് ചാംപ്യൻഷിപ്പിലും രണ്ടാമനായി– 387.5 പോയിന്റ്. അബുദാബി ഗ്രാൻപ്രിക്കു മുൻപ് 369.5 വീതം പോയിന്റുമായി ഇരുവരും ഒപ്പത്തിനൊപ്പമായിരുന്നു. 8–ാം കിരീടത്തോടെ ഇതിഹാസ താരം മൈക്കൽ ഷൂമാക്കറെ മറികടക്കാം എന്ന ഹാമിൽട്ടന്റെ മോഹവും ഇതോടെ നീണ്ടു. നിർമാതാക്കളുടെ ചാംപ്യൻഷിപ്പിൽ 587.5 പോയിന്റോടെ മെഴ്സിഡീസ് കിരീടം സ്വന്തമാക്കി. റെഡ്ബുൾ രണ്ടാമത്– 559.5 പോയിന്റ്.

ആവേശം അവസാന ലാപ്പ്

മത്സരത്തിന്റെ ഭൂരിഭാഗം സമയവും ഒന്നാമനായി മുന്നേറിയ ഹാമിൽട്ടനെ അവസാന ലാപ്പിൽ (58) നാടകീയമായി മറികടന്നാണ് വേർസ്റ്റപ്പന്റെ ജയം. പോൾ പൊസിഷനിൽ മത്സരം തുടങ്ങിയ വേർസ്റ്റപ്പനെ റേസ് പകുതിയായപ്പോഴേക്കും ഹാമിൽട്ടൻ പിന്നിലാക്കിയിരുന്നു. എന്നാൽ, അവസാനശ്വാസം വരെ വിട്ടുകൊടുക്കാൻ ഒരുക്കമായിരുന്നില്ല വേർസ്റ്റപ്പൻ.

53–ാം ലാപ്പിൽ വില്യംസ് താരം നിക്കോളാസ് ലത്തിഫിയുടെ കാർ ഇടിച്ചു തകർന്നതാണ് മത്സരത്തിൽ നിർണായകമായത്. ആ ലാപ്പിൽ സർക്യൂട്ടിൽ ഇറങ്ങിയ സേഫ്റ്റി കാർ കളം വിട്ടപ്പോഴേക്കും ഹാമിൽട്ടനും വേർസ്റ്റപ്പനും തൊട്ടടുത്തെത്തിരുന്നു. പുതിയ ടയറിന്റെ ആനുകൂല്യം മുതലെടുത്തു മാക്സ് അവസാന ലാപ്പിൽ ഒന്നാമനായി ചേക്കേഡ് ഫ്ലാഗ് കടന്നതോടെ ആവേശം ഇരമ്പിയ അവസാനം. സേഫ്റ്റി കാറിന്റെ ഇടപെടൽ ഹാമിൽട്ടൻ പിന്നിലായതിനു കാരണമായെന്നു ചൂണ്ടിക്കാട്ടി മെഴ്സിഡീസ് പരാതി നൽകിയിട്ടുണ്ട്. 

English Summary:Formula 1: Red Bull's Max Verstappen Pips Mercedes' Lewis Hamilton In Thriller To Win Maiden Title

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com