ADVERTISEMENT

ഫോർമുല വണ്ണിൽ കഴിഞ്ഞ ഒൻപതു വർഷം മാറ്റങ്ങൾ ഏറെയുണ്ടായി. പുതിയ ചാംപ്യന്മാർ ഉദയം ചെയ്തു. മത്സരങ്ങളും കുടിപ്പകകളും വളർന്നു. പല വമ്പന്മാർക്കും കാലിടറി. പലരും കളമൊഴിഞ്ഞു. മൈക്കൽ ഷൂമാക്കർ അറിയുന്നുണ്ടോ ഇതെല്ലാം? സ്വന്തം മകൻ മിക്ക് ഷൂമാക്കർ എഫ് വൺ സർക്യൂട്ടിൽ ഹരിശ്രീ കുറിച്ചതും നിരാശയോടെ ആദ്യ സീസൺ അവസാനിപ്പിച്ചതും ഷൂമി അറിയുന്നുണ്ടോ? ഇല്ലായിരിക്കും. കാരണം ആ മനസ്സിൽ നിന്ന് ഓർമകളും ചിന്തകളും പടിയിറങ്ങിയിട്ട് വർഷം ഒൻപതു കഴിഞ്ഞു.

മൈക്കൽ ഷൂമാക്കർ സ്കീയിങ് അപകടത്തിൽപെട്ട് അബോധാവസ്ഥയിലായത് 2013 ഡിസംബർ 29നാണ്. അവധി ആഘോഷിക്കാൻ പോയ അദ്ദേഹം ഫ്രഞ്ച് ആൽപ്സ് പർവത നിരകളിൽ മകൻ മിക്ക് ഷൂമാക്കറിനൊപ്പം സ്കീയിങ് നടത്തുമ്പോൾ തെന്നിവീണു തല പാറയിലിടിച്ചു ഗുരുതരമായി പരുക്കേൽക്കുകയായിരുന്നു. വിമാനമാർഗം ആശുപത്രിയിലെത്തിച്ച അദ്ദേഹത്തിന് ഉടനെ രണ്ടു ശസ്ത്രക്രിയകൾ നടത്തി ജീവൻ പിടിച്ചു നിർത്തിയെങ്കിലും ശരീരത്തിന്റെ ചലനാവസ്ഥയും ബോധവും നഷ്ടമായി. മാസങ്ങളുടെ ചികിത്സയ്ക്കൊടുവിൽ സ്വിറ്റ്സർലാൻഡിലെ സ്വന്തം വീട്ടിൽ പ്രത്യേക ചികിത്സാ മുറിയിലേക്കു മാറ്റിയ ഷൂമി ഇപ്പോഴും അവിടെ അബോധാവസ്ഥയിൽ കഴിയുന്നു. ഷൂമാക്കറുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ഇതുവരെ വിശ്വസനീയമായ റിപ്പോർട്ടറുകളൊന്നും പുറത്തുവന്നിട്ടില്ല. ഊഹാപോഹങ്ങൾ ഏറെ പ്രചരിക്കുന്നുമുണ്ട്. 

മൈക്കൽ ഷൂമാക്കർ (AFP PHOTO / PAOLO COCCO)
മൈക്കൽ ഷൂമാക്കർ (AFP PHOTO / PAOLO COCCO)

1969 ജനുവരി 3നു ജർമനിയിൽ ജനിച്ച മൈക്കൽ ഷൂമാക്കർ ചെറുപ്പത്തിൽത്തന്നെ അവിടത്തെ ഗോ–കാർട്ട് സർക്യൂട്ടിലിറങ്ങി. പിതാവ് റോൾഫ് ആണു മകനെ കാർട്ടിങ്ങിലേക്കു വഴി കാണിച്ചത്. 1984ൽ ജർമൻ ജൂനിയർ ഗോ–കാർട്ട് ചാംപ്യനായി. 1987ൽ യൂറോപ്യൻ കാർട്ട് ചാംപ്യനും. 1990ൽ ജർമൻ എഫ് 3 ചാംപ്യനായി. ആ വർഷം തന്നെ ടീം ജോർഡാനു വേണ്ടി എഫ് 1 മത്സരത്തിനിറങ്ങാൻ അവസരം ലഭിച്ചു. തൊട്ടടുത്ത വർഷം ബെനട്ടൻ ടീം ഷൂമാക്കറെ ജോർഡാനിൽ നിന്നു റാഞ്ചി. ആ സീസണിൽ ഡ്രൈവേഴ്സ് ചാംപ്യൻഷിപ്പിൽ മൂന്നാം സ്ഥാനം. അരങ്ങേറ്റ താരമെന്ന നിലയിൽ ആ ആ പോഡിയം വൻ നേട്ടമായിരുന്നു.

1994ൽ ആദ്യ എഫ് 1 കിരീടം ചൂടി ഷൂമാക്കർ തന്റെ ദിനങ്ങൾ വരവായി എന്നു പ്രഖ്യാപിച്ചു. അവസാന മത്സരത്തിൽ ഡാമൺ ഹില്ലുമായുണ്ടായ കൂട്ടിയിടി വൻ വിവാദമായിരുന്നു. ഒരേയൊരു പോയിന്റിനാണ് കന്നിക്കിരീടം ഷൂമി സ്വന്തമാക്കിയത്. 1995ൽ ആധികാരികമായി വിജയം പിടിച്ചെടുത്തു. 1996ലാണു ഫെറാറിയും ഷൂമാക്കറും തമ്മിലുള്ള ബന്ധം തുടങ്ങുന്നത്. 1997ൽ രണ്ടാം സ്ഥാനത്തെത്തിയെങ്കിലും ചാംപ്യൻ ജാക്വസ് വില്ലനെവിനെ ട്രാക്കിനു പുറത്തേക്കു തള്ളാൻ ശ്രമിച്ചതിന് അയോഗ്യനാക്കി. അടുത്ത വർഷം ഫിൻ താരമായ മികാ ഹക്കിനെനിനു പിന്നിൽ രണ്ടാമനായി സീസൺ പൂർത്തിയാക്കി. 1999ൽ സിൽവർസ്റ്റോണിൽ നടന്ന ബ്രിട്ടിഷ് ഗ്രാൻപ്രിയിൽ കാർ തകർന്നു പുറത്തായി. ആ സീസണിൽ തുടർന്നുള്ള മത്സരങ്ങൾ മിക്കവാറും നഷ്ടമായി. എന്നിട്ടും അഞ്ചാം സ്ഥാനത്തായിരുന്നു ഷൂമി.

ഒഴുക്കോടെയുള്ള ഡ്രൈവിങ് ആണ് ആരാധകരെ ഷൂമിയിലേക്ക് ആകർഷിച്ചത്. ട്രാക്കിലെ നിയന്ത്രണവും വളവുകളിലെ മാസ്മരികതയുമാണ് അദ്ദേഹത്തെ എഫ് വണ്ണിലെ ചക്രവർത്തിയാക്കിയത്. മഴയിൽ കാറോടിക്കുന്നതിലും ഷൂമിയെ വെല്ലാൻ ആമുമില്ലായിരുന്നു. 2000ൽ കിരീടമണിയുമ്പോൾ 20 വർഷത്തിനു ശേഷം ഫെറാറിക്കു വേണ്ടി ചാംപ്യൻഷിപ് നേടിയ താരമെന്ന ബഹുമതിയും. 2001ൽ കിരീടം നിലനിർത്തി. 2002, 2003, 2004 വർഷങ്ങളിലും കിരീട ജേതാവ്. 

2005ലും 2006ലും ഷൂമാക്കറുടെ പ്രഭാവത്തെ വെല്ലുവിളിച്ച് ഫെർണാണ്ടോ അലൊൻസോയെത്തി. 2006ൽ ആദ്യത്തെ വിരമിക്കൽ തീരുമാനമെടുത്ത ഷൂമാക്കർ സ്വരം നന്നായിരിക്കുമ്പോൾത്തന്നെ പാട്ടു നിർത്തി. 2009ൽ വീണ്ടും മെഴ്സിഡീസിലൂടെ തിരിച്ചെത്തിയെങ്കിലും മടങ്ങിവരവിൽ തീർത്തും നിറംമങ്ങിപ്പോയി. 

കഷ്ടപ്പാടുകൾ നിറഞ്ഞ ബാല്യമായിരുന്നു മൈക്കിളിന്റേത്. എന്നാൽ, കഠിനാധ്വാനത്തിലൂടെ ഫോർമുല വണ്ണിലെ എക്കാലത്തെയും മികച്ച താരമെന്ന പദവിയിലെത്തിയ അദ്ദേഹം തന്റെ പ്രതാപകാലത്ത് എഫ് വൺ മത്സരങ്ങൾക്കു പോയിരുന്നത് സ്വന്തം വിമാനത്തിലായിരുന്നു. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മുൻപന്തിയിലുണ്ടായിരുന്ന ഷൂമി സൂനാമി ദുരന്തകാലത്ത് ഇന്ത്യയടക്കമുള്ള ബാധിത പ്രദേശങ്ങൾക്കു സഹായമെത്തിച്ചു. കണക്കുകളല്ല തന്റെ നേട്ടം എന്നു പറഞ്ഞിരുന്ന ഷൂമാക്കർ സർക്യൂട്ടിലെ യഥാർഥ ഹീറോ ആയിരുന്നു. ഷൂമാക്കറുടെ റെക്കോർഡുകളെല്ലാം പഴങ്കഥയായേക്കാം, പക്ഷേ, എഫ് വണ്ണിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ഡ്രൈവർ എന്ന സ്ഥാനത്തിന് ഒരിക്കലും ഇളക്കം തട്ടില്ല– അതു ഷൂമിക്കു മാത്രം അവകാശപ്പെട്ടതാണ്.

schumacher
മിക്ക് ഷൂമാക്കർ (ഫയൽ ചിത്രം)

പാരമ്പര്യം തുടരാൻ 

പിതാവിന്റെ പാതയിൽത്തന്നെയാണു താനെന്നു പ്രഖ്യാപിച്ചു കൊണ്ടാണു മകൻ മിക്കിന്റെ വരവും. ഹാസ് ടീമിലെ താരമായിരുന്നു മിക്ക് കഴിഞ്ഞ രണ്ടു സീസണിൽ. എന്നാൽ, പ്രതീക്ഷിച്ച നേട്ടങ്ങൾ കണ്ടെത്താൻ ലിറ്റിൽ ഷൂമിക്കു കഴിഞ്ഞില്ല. അതോടെ ഹാസ് ടീം താരത്തെ കൈവിട്ടു. പകരം പഴയ താരം നിക്കോ ഹൾക്കൻബർഗിനെ ഉൾപ്പെടുത്തുകയും ചെയ്തു. 2023 സീസണിൽ മെഴ്സിഡീസിനൊപ്പമാണു മിക്ക്. ലൂയിസ് ഹാമിൽട്ടനും ജോർജ് റസലും നയിക്കുന്ന ടീമിൽ തൽക്കാലം മുഴുനീള ഡ്രൈവറാകാൻ മിക്കിനു കഴിയില്ല. എങ്കിലും ടീമിൽ റിസർവ് ആയിരുന്നാലും ഭാവിയിൽ സ്ഥാനം ലഭിക്കാൻ സാധ്യത ഏറെയാണ്. മൈക്കൽ ഷൂമാക്കറുടെ പേര് വീണ്ടും എഫ് ആരാധകർക്കിടയിൽ ഉയരാൻ അതു നിമിത്തമാകുമെന്ന് ആശിക്കാം. 

English Summary: Michael Schumacher: Nine years on from his skiing accident

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com