ADVERTISEMENT

ന്യൂയോർക്ക് ∙ യുഎസ് ഓപ്പൺ ടെന്നിസിൽ നൊവാക് ജോക്കോവിച്ചിന് ഇതു നല്ല കാലമാണ്! അമേരിക്കക്കാരൻ ടെയ്‌ലർ ഹാരി ഫ്രിറ്റ്സിനെ പുരുഷ സിംഗിൾസ് ക്വാർട്ടർ ഫൈനലിൽ അല്ലലേലുമില്ലാതെ കീഴടക്കിയ ജോക്കോവിച്ച് കരിയറിലെ 47–ാം ഗ്രാൻസ്‌ലാം സെമിഫൈനലിനു ടിക്കറ്റ് ബുക്ക് ചെയ്തു. ജോക്കോയെ സംബന്ധിച്ച് ഇതു ചരിത്രമാണ്!  ഗ്രാൻസ്‌ലാം കിരീടനേട്ടങ്ങളിൽ ഓസ്ട്രേലിയൻ വനിതാ താരം മാർഗരറ്റ് കോർട്ടിന്റെ റെക്കോർഡിന് (24 ഗ്രാൻസ്‌ലാം) ഒപ്പമെത്തുകയെന്ന ജോക്കോയുടെ ലക്ഷ്യത്തിലേക്ക് ഇനി കേവലം 2 വിജയങ്ങളുടെ അകലം കൂടി മാത്രം. 

ഫ്രിറ്റ്സ് പുറത്തായെങ്കിലും അമേരിക്കൻ സന്തോഷത്തിന് അർതർ ആഷെ സ്റ്റേഡിയത്തിൽ പകിട്ടു കുറവൊന്നുമില്ല. വനിതാ സിംഗിൾസിൽ കോക്കോ ഗോഫും പുരുഷ സിംഗിൾസിൽ ബെൻ ഷെൽട്ടനും ആതിഥേയരുടെ ആധികാരികതയോടെ സെമിയിലെത്തി. 38 ഡിഗ്രി സെൽഷ്യസായി അന്തരീക്ഷ താപനില ഉയർന്ന ദിവസം, ലാത്വിയയുടെ യെലേന ഓസ്റ്റപെങ്കോയെ 6–0, 6–2നു തോൽപിച്ചാണ് കോക്കോ ഗോഫിന്റെ സെമിപ്രവേശം. 2001ൽ സെമിയിലെത്തിയ സെറീന വില്യംസിനു ശേഷം യുഎസ് ഓപ്പണിൽ അവസാന നാലിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ അമേരിക്കൻ താരമാണ് പത്തൊമ്പതുകാരിയായ ഗോഫ്. റുമേനിയയുടെ സൊറാന ക്രിസ്റ്റിയയെ 6–0, 6–3നു തോൽപിച്ച ചെക്ക് റിപ്പബ്ലിക് താരം കരോളിന മുച്ചോവയാണ് സെമിയിൽ കോക്കോ ഗോഫിന്റെ എതിരാളി. 

ക്വാർട്ടറിൽ, 6-1, 6-4, 6-4ന് ടെയ്‌ലർ ഫ്രിറ്റ്സിനെതിരെ തകർപ്പൻ വിജയം നേടിയെങ്കിലും ജോക്കോയുടെ വഴിമുടക്കാൻ മറ്റൊരു അമേരിക്കക്കാരൻ സെമിയിലുണ്ടാകും; ഇരുപതുകാരൻ ബെൻ ഷെൽട്ടൻ. യുഎസ് താരം ഫ്രാൻസിസ് ടിയാഫോയ്ക്കെതിരെ പൊരുതി നേടിയ വിജയവുമായാണ് ഷെൽട്ടൻ സെമിയിലെത്തിയത്. സ്കോർ: 6-2 3-6 7-6(7) 6-2.

ബൊപ്പണ്ണ സഖ്യം  സെമിയിൽ

ന്യൂയോർക്ക് ∙ യുഎസ് ഓപ്പൺ പുരുഷ ഡബിൾസിൽ ഇന്ത്യയുടെ രോഹൻ ബൊപ്പണ്ണയും ഓസ്ട്രേലിയയുടെ മാത്യു എബ്ഡനും ഉൾപ്പെട്ട സഖ്യം സെമിഫൈനലിൽ. യുഎസ് താരങ്ങളായ നഥാനിയേൽ ലാമൺസ് ജാക്സൺ വിത്രോ സഖ്യത്തെയാണ് തോൽപിച്ചത്. സ്കോർ: 7-6 (10), 6-1. ഫ്രാൻസിന്റെ പിയറി ഹ്യൂസ് ഹെർബർട്ട്– നിക്കൊളാസ് മാഹട്ട് സഖ്യത്തെയാണ് സെമിയിൽ ബൊപ്പണ്ണയും എബ്ഡനും നേരിടേണ്ടത്.

English Summary: US Open Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com